Kerala
കാലിലെ മുറിവില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടി; പമ്പാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി
ഡിഎംഒയ്ക്കാണ് പ്രീത പരാതി നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട|പത്തനംതിട്ട പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടയ്ക്കു കിട്ടിയ ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടിയെന്നാണ് ആരോപണം. നെടുമ്പാശേരി സ്വദേശി പ്രീതയ്ക്കാണ് ഇത്തരത്തില്‍ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ പത്തനംതിട്ട ഡിഎംഒയ്ക്ക് പ്രീത പരാതി നല്‍കി. ഫോണില്‍ വിളിച്ചാണ് പരാതി നല്‍കിയത്. ഒപി ടിക്കറ്റും മറ്റ് ചികിത്സാരേഖകളും ഡിഎംഒയ്ക്ക് കൈമാറി. കാലില്‍ ബ്ലെയ്ഡ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രീത അയച്ച് കൊടുത്തിരുന്നു.
പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം കാല്‍നടയായി പോവുകയായിരുന്നു പ്രീത. പമ്പയിലെത്തിയപ്പോള്‍ കാലില്‍ കുമിള പോലെ വന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് ചികിത്സിക്കാനാണ് പമ്പ ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ പോയി മുറിവ് കെട്ടിവെച്ചശേഷം പ്രീത സന്നിധാനത്തെത്തി ദര്‍ശനം നടത്തി. പിന്നീട് തിരിച്ചിറങ്ങിയപ്പോള്‍ വീണ്ടും മുറിവ് ഡ്രസ് ചെയ്യാനായി ഇതേ ആശുപത്രിയിലെത്തി.
രാത്രിയായതുകൊണ്ട് ആശുപത്രിയില്‍ എല്ലാവരും ഉറക്കമായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരാളെത്തി മുറിവ് കെട്ടാന്‍ ആരംഭിച്ചു. ശരിയായ രീതിയിലല്ല മുറിവ് കെട്ടുന്നതെന്ന് സംശയം തോന്നി ചോദിച്ചപ്പോള്‍ താന്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആണ് നഴ്‌സ് സ്ഥലത്തില്ല എന്നായിരുന്നു മറുപടി. വീട്ടിലെത്തി അസ്വസ്ഥത തോന്നി കെട്ടഴിച്ച് നോക്കിയപ്പോഴാണ് കാലില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഡിഎംഒയ്ക്ക് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.



