National
തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണം; പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനെതിരായ ഹരജിയില്‍ ഇടപെട്ട് സുപ്രീം കോടതി
കശ്മീര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ നല്‍കിയ ഹരജിയിലാണ് ഇടപെടല്‍.

ന്യൂഡല്‍ഹി | പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനെതിരായ ഹരജിയില്‍ ഇടപെട്ട് സുപ്രീം കോടതി. കശ്മീര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ നല്‍കിയ ഹരജിയിലാണ് ഇടപെടല്‍. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ പരമോന്നത കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പരിശോധന പൂര്‍ത്തിയാകുന്നതു വരെ ഇവര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. തങ്ങളുടെ പക്കല്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഹരജിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ രേഖകള്‍ പരിശോധിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പരാതി മാനുഷിക പരിഗണന നല്‍കേണ്ട വിഷയമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിക്കാനുള്ള ഉത്തരവില്‍ പരാതിയുണ്ടെങ്കില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാനും കുടുംബത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.