Connect with us

Kerala

സംഘടനാ പ്രവര്‍ത്തനം; യൂത്ത് കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചും എസ് എഫ് ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍

ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നതില്‍ എസ് എഫ് ഐ മികച്ച സംഘടനാ പാടവമാണ് കാഴ്ചവക്കുന്നത്. സര്‍വകലാശാലകളിലേക്ക് നടത്തിയ സമരം ഇതിന് ശക്തമായ തെളിവാണ്.

Published

|

Last Updated

പത്തനംതിട്ട | സംഘടനാ പാടവത്തിലും പ്രവര്‍ത്തനങ്ങളിലും യൂത്ത് കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനം ചൊരിഞ്ഞും എസ് എഫ് ഐയെ പുകഴ്ത്തിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍. ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നതില്‍ എസ് എഫ് ഐ മികച്ച സംഘടനാ പാടവമാണ് കാഴ്ചവക്കുന്നതെന്ന് കുര്യന്‍ പറഞ്ഞു. എസ് എഫ് ഐ സര്‍വകലാശാലകളിലേക്ക് നടത്തിയ സമരം ഇതിന് ശക്തമായ തെളിവാണ്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ ടെലിവിഷനില്‍ മാത്രമാണ് കാണുന്നത്. ഒരു മണ്ഡലത്തില്‍ ഇറങ്ങിച്ചെന്ന് 25 ചെറുപ്പക്കാരെയെങ്കിലും ഒപ്പം കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമൊന്നുമില്ല. കെ പി സി സി അധ്യക്ഷനെയും യു ഡി എഫ് കണ്‍വീനറെയും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ വിമര്‍ശന ശരങ്ങള്‍.

സി പി എം സംഘടനാ സംവിധാനം ശക്തമാണെന്നും കുര്യന്‍ തുറന്നടിച്ചു. കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ യു ഡി എഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. അനില്‍കുമാറും അടൂര്‍ പ്രകാശും ഇരിക്കുന്ന കെ പി സി സി യോഗത്തിലാണ് മൂന്നുപേര്‍ ഉറപ്പായും ജയിക്കാന്‍ സഹായകമായ അഭിപ്രായങ്ങള്‍ താന്‍ പറഞ്ഞത്. എന്നാല്‍, അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ആവര്‍ത്തിച്ചാല്‍ ഇനിയും അപകടമുണ്ടാകുമെന്നും കുര്യന്‍ മുന്നറിയിപ്പ് നല്‍കി.

 

Latest