Connect with us

National

'ഭാര്യയെ മൃഗത്തെപ്പോലെ കണക്കാക്കരുത്'; ഗാർഹിക പീഡനക്കേസ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവൾക്കുണ്ടെന്നും സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | ഭാര്യയെ മൃഗത്തെപ്പോലെ കണക്കാക്കാൻ ഭർത്താവിന് അവകാശമില്ലെന്നും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവൾക്കുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഗാർഹിക പീഡനക്കേസിലെ പ്രതിയായ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന പരാമർശം. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഭാരതീയ ന്യായ സംഹിതയിലെ (ബി എൻ എസ്) വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി, നേരത്തെ പട്ന ഹൈക്കോടതി തന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. മദ്യലഹരിയിൽ പ്രതി തന്റെ ആദ്യ ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. സ്ത്രീയെ തറയിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് തല ഇഷ്ടികയിൽ ഇടിച്ചു. ശേഷം വടി കൊണ്ട് വീണ്ടും മർദ്ദിച്ചതായും അഭിഭാഷകർ കോടതിയെ അറിയിച്ചു.

പ്രതി മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും എന്നാൽ പരാതിക്കാരി തന്റെ ഭാര്യയല്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചു. എന്നാൽ ഭാര്യയെ മൃഗത്തെപ്പോലെ കൈകാര്യം ചെയ്യുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് ജസ്റ്റിസ് വരാലെ വ്യക്തമാക്കി. എന്തിനാണ് ഭാര്യയെ തല്ലുന്നതെന്നും പോയി റെഗുലർ ജാമ്യത്തിന് ശ്രമിക്കൂ എന്നും ജസ്റ്റിസ് കുമാർ പ്രതിയോട് പറഞ്ഞു. “നിങ്ങൾക്ക് മൂന്ന് ഭാര്യമാരുണ്ട്. ശാരീരികമായി ഉപദ്രവിക്കുന്നത് തുടർന്നാൽ ഈ സ്ത്രീകളും ഒടുവിൽ നിങ്ങളെ ഉപേക്ഷിച്ചു പോകും” – അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഹായ പരിപാടികളിൽ പങ്കെടുത്ത തന്റെ അനുഭവങ്ങളും ജസ്റ്റിസ് കുമാർ കോടതിയിൽ പങ്കുവെച്ചു. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന ഗാർഹിക പീഡന പരാതികളിൽ ഭൂരിഭാഗവും മദ്യപാനവും ശാരീരിക ഉപദ്രവവുമായി ബന്ധപ്പെട്ടതാണ്. ഭർത്താക്കന്മാർ മദ്യപിക്കുന്നതിലല്ല, മദ്യപിച്ചെത്തി മർദ്ദിക്കുന്നതിലാണ് സ്ത്രീകൾക്ക് പരാതിയെന്ന് പല കേസുകളിലും വ്യക്തമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Content Highlights:

The Supreme Court of India has rejected the anticipatory bail plea of a man accused of brutally assaulting his wife, stating that a husband cannot treat his wife “like an animal.” The bench, comprising Justice Aravind Kumar and Justice PB Varale, observed that every woman has the right to live with dignity. The court also highlighted the frequent link between alcohol abuse and domestic violence in the country.

Latest