Connect with us

National

യുപി സര്‍ക്കാരിനെതിരെ പാട്ടുപാടി; ഭോജ്പുരി ഗായികയ്ക്ക് നോട്ടീസ്

കാണ്‍പൂരിലെ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും വെന്തുമരിച്ച സംഭവം ആസ്പദമാക്കിയായിരുന്നു ഗാനം

Published

|

Last Updated

ലക്‌നൗ| ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആക്ഷേപഹാസ്യ ഗാനം ആലപിച്ച ഭോജ്പുരി ഗായികയ്ക്ക് പൊലീസിന്റെ നോട്ടീസ്. ‘യുപി മേം കാ ബാ’ ഫെയിം നേഹ സിങ് റാത്തോഡിനാണ് പൊലീസ് വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. കാണ്‍പൂരിലെ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും വെന്തുമരിച്ച സംഭവം ആസ്പദമാക്കിയായിരുന്നു ഗാനം. കുടിയൊഴിപ്പിക്കലിനിടെ കുടിലിന് തീപിടിച്ച് 45കാരിയായ പ്രമീള ദീക്ഷിതും മകളുമാണ് വെന്തുമരിച്ചത്. പൊലീസ് കുടിലിന് തീയിട്ടുവെന്നാണ് ആരോപണം.

എന്നാല്‍ ഇരുവരും സ്വയം കുടിലിന് തീയിട്ടതാണെന്നാണ് പൊലീസ് പറയുന്നത്. കാണ്‍പൂര്‍ സംഭവത്തെക്കുറിച്ചുള്ള നേഹയുടെ പാട്ട് സമൂഹത്തില്‍ അസ്വസ്ഥതയും അസ്വാരസ്യവും സൃഷ്ടിച്ചെന്ന് പൊലീസ് പറഞ്ഞു. പാട്ടിന്റെ വരികളെഴുതിയതും ദൃശ്യത്തിലുള്ളതും നേഹയാണോ എന്നും പൊലീസ് ചോദിച്ചു. ആ വീഡിയോ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടോയെന്നും പൊലീസ് ചോദിച്ചു. ഗാനത്തെ കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് നേഹയ്ക്ക് മൂന്നു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

നേഹയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നു. യോഗി ആദിത്യനാഥിനെ കുറിച്ചു മാത്രമല്ല, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളെക്കുറിച്ചും നേഹ ആക്ഷേപഹാസ്യ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. നേഹയ്‌ക്കെതിരായ നടപടിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി.

നേഹ ഭയക്കാതെ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, ബി.ജെ.പി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഒരു ഗായികയുടെ ശബ്ദത്തെ ബി.ജെ.പി ഇത്രമാത്രം ഭയപ്പെടുന്നത് എന്തിനെന്നും ഇത് നാണക്കേടാണെന്നും മനീഷ് സിസോദിയ പ്രതികരിച്ചു.