Kerala
സൗജന്യ നിരക്ക് നിഷേധിച്ച് വിദ്യാര്‍ഥികളെ ഇറക്കിവിടാന്‍ ശ്രമം; ഓണാഘോഷ ദിനത്തില്‍ ബസ് ജീവനക്കാരുടെ ക്രൂരത
ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഓണാഘോഷത്തിന്റെ ഭാഗമായി കളര്‍ ഡ്രസ് ധരിച്ച് സ്‌കൂളില്‍ പോയ വിദ്യാര്‍ഥികള്‍ക്ക് നേരെ മോശമായി പെരുമാറിയത്.
ചങ്ങനാശ്ശേരി | ഓണാഘോഷ ദിനത്തില്‍ സൗജന്യ നിരക്ക് നിഷേധിച്ച് വിദ്യാര്‍ഥികളെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം. ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഓണാഘോഷത്തിന്റെ ഭാഗമായി കളര്‍ ഡ്രസ് ധരിച്ച് സ്‌കൂളില്‍ പോയ വിദ്യാര്‍ഥികള്‍ക്ക് നേരെ മോശമായി പെരുമാറിയത്. ഇന്നലെ പരീക്ഷക്കു ശേഷം സ്‌കൂള്‍ ഓണാവധിക്കായി അടച്ചുവെന്ന ന്യായവാദമുയര്‍ത്തിയാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ട സ്റ്റുഡന്റ് കണ്‍സഷന്‍ (സൗജന്യ നിരക്ക്) കണ്ടക്ടര്‍ നിഷേധിച്ചത്. ഓണാവധിക്ക് ഇന്നാണ് സ്‌കൂള്‍ അടയ്ക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ ചെവിക്കൊണ്ടില്ല.
ഫുള്‍ ടിക്കറ്റ് ചാര്‍ജിന് കൈയില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ കുട്ടികളെ ബസില്‍ നിന്നും ഇറക്കിവിടാനും ഇയാള്‍ ശ്രമിക്കുകയുണ്ടായി. യാത്രാവേളയില്‍ ദുരിതത്തിലായ കുട്ടികളെ കണ്ട് മറ്റ് യാത്രക്കാര്‍ സഹായത്തിനെത്തി. അവര്‍ സ്വന്തം കൈയില്‍ നിന്ന് പണം നല്‍കി സഹായിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് തുടര്‍യാത്ര നടത്താന്‍ കഴിഞ്ഞത്. വിദ്യാര്‍ഥികളോട് യാതൊരുവിധ മാനുഷിക പരിഗണനയും കാട്ടാതെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ച കണ്ടക്ടറുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കള്‍ പോലീസിലും ആര്‍ ടി ഒ അധികാരികള്‍ക്കും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ സൗജന്യ യാത്രാ ആനുകൂല്യം നിഷേധിക്കുകയും അപമാനിക്കുകയും ചെയ്ത ജീവനക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Content Highlights:
On Onam celebration day, private bus employees reportedly tried to force students off the vehicle after denying them the eligible fare concession. The incident sparked strong public backlash against the harsh behavior of the bus crew toward school children. Local authorities were alerted to act.


