Connect with us

National

സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂട്ടത്തോടെ ഡിലീറ്റ് ചെയ്ത് വിദ്യാർഥികൾ; കാരണം ഇതാണ്

രാഷ്ട്രീയവും മതപരവും സാമൂഹികവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പഴയ പോസ്റ്റുകളാണ് വിദ്യാർഥികൾ നീക്കം ചെയ്യുന്നത്.

Published

|

Last Updated

ബെംഗളൂരു | യു എസ് വിസക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അവരുടെ സാമൂഹിക മാധ്യമ പോസ്റ്റുകൾ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുന്നു. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പഴയ പോസ്റ്റുകളാണ് വിദ്യാർഥികൾ നീക്കം ചെയ്യുന്നത്. ഇതോടൊപ്പം ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ, അഭിപ്രായങ്ങൾ തുറന്നുപറയുന്ന സുഹൃത്തുക്കൾ എന്നിവരെ അൺഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. യുഎസിൽ പഠന വിസക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ യുഎസ് എംബസി നിർദേശം നൽകിയതിന് പിന്നാലെയാണ് വിദ്യാർഥികൾ കൂട്ടത്തോടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ‘ശുദ്ധികലശം’ നടത്തുന്നത്.

എഫ്, എം, അല്ലെങ്കിൽ ജെ നോൺ-ഇമ്മിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്ന എല്ലാവരും അവരുടെ സാമൂഹിക മാധ്യമ പ്രൊഫൈലുകൾ തിരിച്ചറിയലിനും പ്രവേശനക്ഷമതയ്ക്കും വേണ്ടി പൊതുവാക്കണം എന്ന് തിങ്കളാഴയാണ് എംബസി നിർദേശം നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സാമൂഹിക മാധ്യമ യൂസർനെയിമുകളും DS-160 വിസ ഫോമിൽ രേഖപ്പെടുത്തണം എന്നും, ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ വിസ നിരസിക്കപ്പെടുകയോ ഭാവിയിൽ അയോഗ്യത കൽപ്പിക്കപ്പെടുകയോ ചെയ്യാം എന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ സാമൂഹിക മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുക മാത്രമല്ല, മുമ്പ് ലൈക്ക് ചെയ്ത ചില പോസ്റ്റുകളും റീലുകളും അൺലൈക്ക് ചെയ്യുക വരെ ചെയ്യുന്നുണ്ട് വിദ്യാർഥികൾ.

യുഎസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദപഠനത്തിനായി അപേക്ഷിച്ച ഒരു വിദ്യാർഥി തന്റെ സാമൂഹിക മാധ്യമ പ്രവർത്തനങ്ങൾ പകുതിയായി കുറച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. താൻ പ്രധാനമായും പുസ്തകങ്ങളെയും സംഗീതത്തെയും പോലുള്ള ഹോബികളെക്കുറിച്ചാണ് പോസ്റ്റ് ചെയ്യുന്നത്, പഠന പേജുകൾ പിന്തുടരുന്നു. പ്രതിഷേധങ്ങൾ, രാഷ്ട്രീയ റാലികൾ, ഭരണകൂട വിരുദ്ധമായി തോന്നാവുന്ന എന്തും ഞാൻ ഡിലീറ്റ് ചെയ്തു. രാഷ്ട്രീയ പോസ്റ്റുകളിലോ മീമുകളിലോ എന്നെ ടാഗ് ചെയ്യരുതെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാർഥി വെളിപ്പെടത്തി. കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് പഠിക്കാൻ ഉദ്ദേശിക്കുന്ന ഒരു വിദ്യാർത്ഥിനി തന്റെ വിസ നടപടികൾ പൂർത്തിയാകുന്നത് വരെ രാഷ്ട്രീയപരമായ ഹാസ്യങ്ങളും പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്രെൻഡിംഗ് വിഷയങ്ങളിൽ കമന്റ് ചെയ്യുന്നതും നിർത്തിവെച്ചു.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ കൺസൾട്ടൻസികൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകുന്നുണ്ട്. പ്രൊഫൈലുകളിൽ നിന്ന് തീവ്രമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ, മതപരമായ അനാദരവ്, യുഎസ് കാര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ, അല്ലെങ്കിൽ വാദപ്രതിവാദങ്ങൾ എന്നിവ നീക്കം ചെയ്യാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. പകരം, അക്കാദമിക്, പാഠ്യേതര നേട്ടങ്ങൾ, നേതൃത്വപരമായ അനുഭവങ്ങൾ, കലകളോടുള്ള താൽപ്പര്യം, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള യാത്രാ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കണമെന്നുമ നിർദേശമുണ്ട്.

Latest