Kerala
വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും
പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍ (15)നെ കൊലപ്പെടുത്തിയ പ്രിയരജ്ഞനനെയാണ് കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം | വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും. കാട്ടാക്കടയില്‍ പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രിയരജ്ഞനനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍(15)നെ വീടിനു സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡില്‍ വച്ച് പ്രതി പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2023 ആഗസ്റ്റ് 30ന് വൈകിട്ടായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ മതിലില്‍ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് പ്രിയരഞ്ജനെ പ്രകോപിപ്പിച്ചത്.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി. തുറന്ന കോടതിയില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് തെളിവെടുത്തിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 30 സാക്ഷികളും 43 രേഖകളും 11 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.