Connect with us

Kerala

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം

പലയിടത്തും മരം കടപുഴകി വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ യാത്ര തടസ്സപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൊച്ചിയില്‍ വീശിയടിച്ച കാറ്റില്‍ പലയിടത്തും മരം കടപുഴകി വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ യാത്ര തടസ്സപ്പെട്ടു. ഓച്ചിറയിലും തകഴിയിലും ട്രാക്കില്‍ മരം വീണിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാലരുവി എക്‌സ്പ്രസ്സും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്‌സ്പ്രസ്സും പിടിച്ചിട്ടു. രാവിലെ ഏഴോടെ ട്രാക്കിലെ മരം മുറിച്ച് മാറ്റിയ ശേഷമാണ് തടസ്സം ഒഴിവാക്കി ട്രെയിനുകള്‍ കടത്തിവിട്ടത്.

ആലപ്പുഴ ജില്ലയില്‍ അതിശക്തമായ കാറ്റത്തും മഴയത്തും പല ഇടങ്ങളിലും മരം കടപുഴകി വീണു. കരുമാടി, പുറക്കാട്, ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേര്‍ത്തല, തിരുവിഴ, ചെങ്ങന്നൂര്‍ മുളക്കുഴ, ചെറിയനാട് പ്രദേശങ്ങളിലാണ് മരം വീണത്. മരം വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

ചെറിയനാട് കടയ്ക്ക് മുകളിലും കായംകുളം കൊറ്റുകുളങ്ങരയിലും വീടിന് മുകളില്‍ മരം വീണു. കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. പുലര്‍ച്ചെയോടെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

കോട്ടയത്ത് ശക്തമായ കാറ്റില്‍ മരം വീണ് വ്യാപക നാശ നഷ്ടമുണ്ടായി. പള്ളം ബുക്കാന പുതുവലില്‍ ഷാജിയുടെ വീട് ഭാഗികമായി തകര്‍ന്നു. പള്ളം, പുതുപ്പള്ളി, എം ജി യൂണിവേഴ്‌സിറ്റി ഭാഗങ്ങളിലാണ് മരം വീണത്. ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമം തുടങ്ങി. കോട്ടയം കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരത്ത് മരം വീണ് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. പത്തനംതിട്ട പന്തളം ചേരിക്കലില്‍ പുലര്‍ച്ചെ തേക്കുമരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

Latest