Connect with us

Editorial

വ്യാജമരുന്നുകള്‍ക്കെതിരെ കര്‍ശന നടപടി

എണ്ണായിരം കോടിയോളം വാര്‍ഷിക വിറ്റുവരവുള്ള സംസ്ഥാനത്തെ മരുന്ന് വിപണിയില്‍ നല്ലൊരു ഭാഗവും വ്യാജമരുന്നുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ജി എസ് ടിക്ക് ശേഷം വ്യാജന്മാരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്.

Published

|

Last Updated

വ്യാജമരുന്നുകളുടെ വേലിയേറ്റത്തെ തുടര്‍ന്ന് മരുന്നുകളുടെ ഗുണനിലവാര പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മരുന്ന് പരിശോധനാ ചുമതലയുള്ള ഓരോ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരും നിലവില്‍ പ്രതിമാസം ശേഖരിക്കുന്ന 13 സാമ്പിളുകള്‍ക്ക് പുറമെ പത്ത് സാമ്പിളുകള്‍ കൂടി അധികമായി പരിശോധനക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്റ്റാറ്റ്യൂട്ടറി പരിശോധനക്കായി അടുത്ത മാസം മുതല്‍ 23 സാമ്പിളുകള്‍ ശേഖരിക്കും.

എണ്ണായിരം കോടിയോളം വാര്‍ഷിക വിറ്റുവരവുള്ള സംസ്ഥാനത്തെ മരുന്ന് വിപണിയില്‍ നല്ലൊരു ഭാഗവും വ്യാജമരുന്നുകളാണ് ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ കമ്പനികളുടെ അതേ ബ്രാന്‍ഡില്‍, തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലാണ് വ്യാജന്മാര്‍ വിപണിയിലെത്തുന്നത്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമിഴ്‌നാടും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സബ് സ്റ്റോക്കിസ്റ്റുകള്‍ വഴിയാണ് കേരളത്തിലേക്കുള്ള ഇവയുടെ ഒഴുക്ക്. ജി എസ് ടിക്ക് ശേഷം വ്യാജന്മാരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. നിര്‍മാതാക്കള്‍, വിതരണക്കാര്‍, ചില്ലറ വില്‍പ്പനക്കാര്‍, ഉപഭോക്താക്കള്‍ എന്നിങ്ങനെ ഒരു ശൃംഖലയുണ്ടായിരുന്നു നേരത്തേ മരുന്ന് വിപണിക്ക്. ജി എസ് ടിക്ക് ശേഷം ഈ ശൃംഖല ഇല്ലാതാകുകയും നിര്‍മാതാവില്‍ നിന്നോ വിതരണക്കാരില്‍ നിന്നോ ആര്‍ക്കും മരുന്ന് വാങ്ങാമെന്ന അവസ്ഥ വരികയും ചെയ്തു. ഈ പഴുതിലൂടെയാണ് രാജ്യത്ത് വ്യാജമരുന്നുകളുടെ വിതരണവും വിപണനവും വര്‍ധിച്ചത്.

ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലും ലൈംഗികോത്തേജനത്തിനുള്ള മരുന്നുകളിലുമാണ് വ്യാജന്മാര്‍ കൂടുതല്‍. ഒരാഴ്ച മുമ്പാണ് ഡല്‍ഹി പോലീസ് ക്യാന്‍സറിനുള്ള രാജ്യാന്തര ബ്രാന്‍ഡ് മരുന്നുകളുടെ വ്യാജന്‍ നിര്‍മിക്കുന്ന സംഘത്തെ പിടികൂടി എട്ട് കോടി രൂപ വിലവരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ പിടിച്ചെടുത്തത്. ചൈനയില്‍ നിന്ന് എം ബി ബി എസ് ബിരുദമെടുത്ത ഒരു ഡോക്ടറും മൂന്ന് ഫാര്‍മ കമ്പനി ഉടമകളും ഒരു എന്‍ജിനീയറും അടങ്ങുന്നതാണ് പിടിയിലായ വ്യാജമരുന്ന് നിര്‍മാണ ലോബി. രണ്ട് ഡോക്ടര്‍മാര്‍ കൂടി ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജീവന്‍ രക്ഷാ ക്യാന്‍സര്‍ മരുന്നുകള്‍ എന്ന വ്യാജേനയാണ് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ച് സ്പെഷ്യല്‍ കമ്മീഷണര്‍ വെളിപ്പെടുത്തി. ഈ മാസം 22ന് ഹരിയാനയിലെ സോനിപട്ടിലെ ഫാക്ടറിയിലും ഗാസിയാബാദിലെ ഗോഡൗണിലും നടത്തിയ റെയ്ഡിലാണ് എട്ട് കോടി രൂപ വിലവരുന്ന വ്യാജമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ റാക്കറ്റ് വ്യാജമരുന്ന് നിര്‍മാണവും വിതരണവും നടത്തുന്നു. ഇന്ത്യക്ക് പുറമെ, ചൈന, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും ഇവര്‍ വ്യാജമരുന്നുകള്‍ കയറ്റുമതി ചെയ്തിരുന്നു.

ക്യാന്‍സറിനുള്ള വ്യാജമരുന്നുകള്‍ വില്‍ക്കുന്ന സംഘത്തെ കുറിച്ച് പോലീസിന്റെ അന്താരാഷ്ട്ര കുറ്റവാളി നിരീക്ഷണ ഗ്രൂപ്പിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡല്‍ഹി പോലീസിന് സംഘത്തെ കണ്ടെത്താനായത്. കൊവിഡ് കാലത്ത് കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഫവിമാക്സ് 400, ഫവിമാക്സ് 200, ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്നിവയുടെ വ്യാജമരുന്നുകള്‍ മുംബൈയില്‍ പിടികൂടുകയും മീററ്റിലെ ഒരു മരുന്ന് നിര്‍മാണശാലയിലെ സന്ദീപ് മിശ്ര എന്ന ജീവനക്കാരന്‍ ഉള്‍പ്പെടെ പലരും അറസ്റ്റിലാകുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ്, വാളയാറില്‍ അരലക്ഷം രൂപയോളം വിലവരുന്ന രേഖകളില്ലാത്ത മരുന്ന് ശേഖരവുമായി ഒരാള്‍ പിടിയിലായി. ലൈംഗികോത്തേജന മരുന്നുകളും വേദനാ സംഹാരികളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കാന്‍ പാടില്ലാത്ത ഷെഡ്യൂള്‍ എച്ച്, എച്ച്-1 വിഭാഗത്തില്‍ പെട്ട മരുന്നുകളുമാണ് അന്ന് പിടിച്ചെടുത്തത്. കൂടുതല്‍ വിറ്റുപോകുന്ന മരുന്നുകളുടെ പേരിലെ അക്ഷരങ്ങളില്‍ ചെറിയ മാറ്റം വരുത്തി, ഒറ്റനോട്ടത്തില്‍ അതേ മരുന്നാണെന്ന് തോന്നിക്കുന്ന വിധത്തിലാണ് പലപ്പോഴും വ്യാജന്മാര്‍ സൃഷ്ടിക്കപ്പെടുന്നത്.

നിലവിലുള്ള ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൂടുതല്‍ ചുമതല നല്‍കിയതു കൊണ്ട് മാത്രമായില്ല, ഈ തസ്തികയില്‍ കൂടുതല്‍ പേരെ നിയമിച്ചെങ്കില്‍ മാത്രമേ വ്യാജമരുന്നുകള്‍ക്കെതിരായ നീക്കം ഫലവത്താകുകയുള്ളൂവെന്നാണ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നത്. മരുന്ന് പരിശോധനക്കും വ്യാജമരുന്നുകള്‍ പിടിച്ചെടുത്ത് വിപണിയിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും കേസ് സംബന്ധമായ അന്വേഷണങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമെല്ലാമായി സംസ്ഥാനത്ത് 47 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇരുപത് വര്‍ഷം മുമ്പ് നിലവിലുള്ള സ്റ്റാഫ് പാറ്റേണാണിത്. ജില്ലാ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ച് മരുന്ന് പരിശോധനാ വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിപണനവും ഉപയോഗവും തടയാനായി മരുന്ന് പാക്കുകളില്‍ ക്വിക്ക് റെസ്‌പോണ്‍സ് (ക്യൂ ആര്‍) നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മരുന്നിന്റെ പൊതുവായ നാമം, ബ്രാന്‍ഡ് നാമം, നിര്‍മാതാവിന്റെ പേര്, വിലാസം, ബാച്ച് നമ്പര്‍, നിര്‍മാണ തീയതി, കാലഹരണപ്പെടുന്ന തീയതി, നിര്‍മാണ ലൈസന്‍സ് നമ്പര്‍ എന്നിവ ക്യൂ ആര്‍ കോഡില്‍ ഉള്‍പ്പെടുത്തും. മരുന്നുകളുടെ കവറുകളിലുള്ള ഈ യുനീക് ഐ ഡി കോഡ് കേന്ദ്രം വികസിപ്പിച്ച ഒരു പോര്‍ട്ടലില്‍ നല്‍കി ഉപയോക്താക്കള്‍ക്ക് മരുന്നിന്റെ ആധികാരികത പരിശോധിക്കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ അടുത്ത മെയ് മുതല്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പ്രാരംഭ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 മരുന്നുകളെയാണ് ഉള്‍പ്പെടുത്തുന്നത്. ഇതിന്റെ മുന്നോടിയായി 1945ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതികള്‍ വരുത്തി കരട് പുറത്തിറക്കിയിട്ടുണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ പദ്ധതി നടപ്പാകുന്നതോടെ വ്യാജമരുന്നുകളുടെ ഒഴുക്ക് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.