Connect with us

യാത്രാനുഭവം

സാഞ്ചിയിലെ കൽക്കുടകൾ

കേരളീയഛായ തുവിയ ഒരു പകലിലായിരുന്നു ഭോപ്പാലിൽ നിന്നും സാഞ്ചിയിലെത്തിയത്. ഓരോ കാഴ്ചകളിൽ നിന്നും ഹൈസ്‌കൂളിലെ പാഠപുസ്തകത്തിൽ നിന്നുള്ള ഓർമകൾ തുറന്നുവരുന്നു.

Published

|

Last Updated

പുതിയ കാലത്ത് ആ ദിക്കുകളെല്ലാം മധ്യപ്രദേശ് സംസ്ഥാനത്തിലെ റൈസൺ ജില്ലയുടെ ഭരണപരിധിയിലാണുൾപ്പെട്ടിരിക്കുന്നത്. ചരിത്രം ചികഞ്ഞുപോയാൽ പണ്ടുപണ്ടത് മൗര്യസാമ്രാജ്യത്തിലായിരുന്നു എന്നു കാണാം. കാലം അതിരുകൾ നിശ്ചയിക്കുന്നത് ഒരു മാത്ര അതിശയം ചൊരിയുന്നതറിയാം.

കാലത്തെ ചതുരംഗക്കളത്തിലെ പിന്നാമ്പുറ കള്ളിയിലേക്ക് നിരക്കിയാൽ ബി സി മൂന്നാം നൂറ്റാണ്ടിലെത്തും. സൗകര്യങ്ങളും അറിവുകളും ഏറെ കുറഞ്ഞ ആ പഴയകാലത്ത് പരിമിതികളിൽ നിന്നും പെറുക്കിക്കൂട്ടിയ നിർമിതികളാണ് സാഞ്ചിയിലിപ്പോഴും കണ്ണിനും ചിന്തകൾക്കും അതിശയം ചൊരിയുന്നത്. മധ്യപ്രദേശിലെ സാഞ്ചിയുടെ പെരുമ ആധുനിക മനുഷ്യന് ഉൾക്കിടലമാകുന്നത് അങ്ങനെയാണ്.

വടക്കേ ഇന്ത്യയിലെ സമനിരപ്പിൽ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതി. ഏറെ വലിപ്പത്തിലുള്ള കുന്നാണ് സാഞ്ചി. അക്കാലത്ത് ആ കുന്നിൻ ചരിവുകളിൽ അസംഖ്യം പണിക്കാർ ചുട്ടെടുത്ത മൺകല്ലുകളാൽ സ്തൂപങ്ങൾ മെനയുകയായിരുന്നു. സ്തൂപത്തിനുള്ളിൽ ശ്രീബുദ്ധന്റെ ശരീരഭാഗങ്ങളാണുള്ളത്. വ്യതിരിക്തമായ നിർമിതിക്ക് അക്കാലത്ത് നേതൃത്വം കൊടുത്തിരുന്നത് അശോക ചക്രവർത്തിയായിരുന്നു. അങ്ങനെയാണ് അകലങ്ങളിലേക്കും ദൃശ്യമാകുന്ന തരത്തിലുള്ള കൽക്കുടങ്ങൾ സാഞ്ചിക്കുന്നുകളിലുണ്ടാകുന്നത്.

പതിനാലാം നൂറ്റാണ്ടിനു ശേഷമുള്ള സമയം. കാലം കരിമ്പടം വിവർത്തി സാഞ്ചി മലനിരകളിലെ ആ ലോകാതിശയത്തെ മറച്ചിട്ടു. ജനപ്രവാഹം അവസാനിച്ചു. പത്തൊമ്പതാം നൂറ്റാണ്ടുവരെ ആ പെരുമ കാടുകളിലും പൊന്തകളിലും മറഞ്ഞുകിടന്നു. ആയിരത്തി എണ്ണൂറ്റി പതിനെട്ടിലാണ് അതിൽ വീണ്ടും വെളിച്ചം വീണത്. അക്കാലത്ത് നാൽപ്പത്തിയാറ് കിലോമീറ്ററുകൾ അകലെയുള്ള ഭോപ്പാൽ നഗരം പ്രൗഢിയിലേക്ക് വിരിയുകയായിരുന്നു. അതിന്റെ അനുരണനങ്ങൾ സാഞ്ചിയിലുമെത്തി.

വീണ്ടെടുപ്പിന്റെ നാളുകളിലും കാലത്തിന് പരിക്കേൽപ്പിക്കാനാകാത്ത വിധത്തിൽ ബുദ്ധപ്പെരുമയുടെ ചിഹ്നങ്ങളായ ഒന്നും രണ്ടും മൂന്നും സ്തൂപങ്ങൾ അക്ഷതങ്ങളായിരുന്നു. ബുദ്ധവിഹാരങ്ങളുൾപ്പെടെയുള്ള മറ്റു നിർമിതികളുടെ അസ്ഥിവാരത്തിലെ കൽക്കെട്ടുകൾ ഒഴികെ മേൽപ്പുരയുൾപ്പെടെയുള്ള ഭാഗങ്ങളെ കാലം ഭക്ഷിച്ചു തീർത്തിരുന്നു.

1822 മുതൽ വൈദേശിക ഭരണാധികാരികളുടെ അത്യാഗ്രഹം ആ കുന്നിൻ ചെരിവുകളിൽ കുതിരയോട്ടം നടത്തി. പൊന്നും പ്രമാണങ്ങളും തേടി സ്തൂപങ്ങൾ തുറക്കാനുള്ള ശ്രമങ്ങെളെയായിരുന്നു ആ രാപ്പകലുകൾ വീർപ്പടക്കി കണ്ടത്. സ്തൂപങ്ങൾക്കുള്ളിലെ നിധി കരസ്ഥമാക്കുകയായിരുന്നു മുഖ്യലക്ഷ്യം. ബ്രിട്ടീഷ് അധികാരികൾ രണ്ടും മൂന്നും സ്തൂപങ്ങൾ തുരന്നു മറിച്ചു. ഒന്നാം സ്തൂപത്തിന്റെ തണ്ടിനെ ഇളക്കി. അതോടെയത് ഭാഗികമായി തരിപ്പണമായി. പ്രാദേശിക സെമിന്ദാമാരുടെ അർത്തിയുമവിടെ തിമിർത്താടി. സുപ്രസിദ്ധമായ അശോക സ്തംഭത്തിനെ മൂന്നായി മുറിച്ചിട്ടു.

കൂറ്റൻ കരിങ്കൽ തൂണിന്റെ കൽക്കഷണത്തെ കരിമ്പു ചതക്കാൻ ചുമന്നു മാറ്റി. ചരിത്രവും സംസ്‌കാരവും ചിതറി കൽക്കൂമ്പാരമായി മാറിയ ചെറിയൊരു കാലം. സ്തംഭത്തിലെ സിംഹരൂപം ഇപ്പോൾ അടിവാരത്തിലെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ആയിരത്തി എണ്ണൂറ്റി എൺപത്തിയൊന്നിൽ മേജർ കോൾ ഭാഗികമായി സ്തൂപങ്ങളുടെ ഉടവ് പരിഹരിച്ചു.

സ്തൂപത്തിലെ തകർന്ന ഗേറ്റുകളും വേലിയും പുനഃസ്ഥാപിച്ചു. ജോൺ മാർഷൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ട് മുതൽ പത്തൊമ്പത് വരെയുള്ള കാലത്ത് അവയെല്ലാം വീണ്ടും പെറുക്കിക്കൂട്ടി പുനർനിർമിച്ചതാണ് ഇന്നത്തെ സാഞ്ചിയിലെ ചെറുതും വലുതുമായ സ്തൂപങ്ങൾ. തുടർന്ന് പല കാലങ്ങളിൽ നടത്തിയ പര്യവേഷണങ്ങൾ സമ്മാനിച്ചത് അമ്പതിൽപ്പരം അത്ഭുതങ്ങളെയാണ്. പലതും പൂർണ രൂപത്തിലുള്ളവയല്ല.

ചിലതിന് അസ്ഥിവാരങ്ങൾ മാത്രം. ചരിത്രത്തിന്റെ അടിത്തട്ടുകൾ. ബുദ്ധപ്പെരുമയുടെ പുറന്തോടുകൾ.

കാലം ഘനീഭവിച്ച സാഞ്ചിക്കുന്നുകളിലെ മൺതുണ്ടിലെത്തുമ്പോൾ അതിശയം മാത്രമേ മുന്നിലുള്ളു. കണ്ണും മനസ്സും തുറന്നുപോകുന്ന അവസ്ഥ. സംസ്‌കാരവും ചരിത്രവും പിറക്കുന്നതും വളരുന്നതും എങ്ങനെയാണെന്നറിയാം.

മഴക്കാലത്താണ് യുനെസ്‌കോ പൈതൃക കേന്ദ്രത്തിലേക്ക് യാത്രക്ക് അവസരമൊത്തത്. എമ്പാടും ജലസ്പർശം ഇറ്റിനിന്ന വേള. മരങ്ങളും താഴ്്വരകളും തങ്ങൾ കുടിച്ച ഈർപ്പത്തിന്റെ കണക്കു പറയുന്നുണ്ടായിരുന്നു. കേരളീയഛായ തുവിയ ഒരു പകലിലായിരുന്നു ഭോപ്പാലിൽ നിന്നും സാഞ്ചിയിലെത്തിയത്. ഓരോ കാഴ്ചകളിൽ നിന്നും ഹൈസ്‌കൂളിലെ പാഠപുസ്തകത്തിൽ നിന്നുള്ള ഓർമകൾ തുറന്നുവരുന്നു.

അശോക ചക്രവർത്തിയുടെയും പേരറിയാത്ത, എണ്ണമറ്റ ബുദ്ധഭിക്ഷുക്കളുടെയും കാലടികൾ പതിഞ്ഞ മണ്ണിൽ പാദം ചേർത്തുവെച്ചു നടന്നു.

കുന്നിൽപള്ളയിലും ചെരിവുകളിലും ചെറുതും വലുതുമായി നിരവധി സ്തൂപങ്ങൾ. അവയെല്ലാം മണൽക്കല്ലുകളാൽ പൊതിഞ്ഞു സുരക്ഷിതരായി നിന്നു. റോസ്സ് നിറത്തിലെ കൽപ്പെരുമയുടെ ലോകം. മൂന്നാമത്തെ സ്തൂപത്തിനെ കടന്നുവേണം ഒന്നാം സ്തൂപത്തിനടുത്തെത്താൻ. എല്ലാം വൃർത്താകാര നിർമിതികൾ. തണ്ട് ദൃശ്യമാകാതെ മണ്ണിൽ താഴ്ത്തി നിർത്തിയ മുത്തുക്കുടകൾ മാതിരി കാലത്തിനോടു പൊരുതി നിൽക്കുന്നു.

ഏറ്റവും പഴക്കവും പെരുമയുമുള്ള ഒന്നാം സ്തൂപത്തിന് നാല് വാതായനങ്ങളും മട്ടുപ്പാവുമുണ്ട്. സമാനമായ രീതിയിൽ മറ്റൊരു മാതൃകയില്ലാത്ത നിർമിതിയാണത്. മുകളിൽ മൂന്ന് തട്ടുള്ള ഛത്രം. മറ്റു രണ്ട് മൂന്ന് സ്തൂപങ്ങൾക്ക് വലിപ്പവും കുറവാണ്. അശോക ചക്രവർത്തിയുടെ കാലത്ത് അവയുടെ നിർമാണം നടന്നു. അവക്ക് ഛത്രവുമില്ല. അവക്ക് ഒരു വാതായനം മാത്രമേയുള്ളൂ.
മുപ്പത്തിയാറര മീറ്റർ ചുറ്റളവിൽ പതിനാറര മീറ്റർ ഉയരത്തിൽ ചെങ്കട്ടകളാൽ അശോക ചക്രവർത്തി പണിഞ്ഞതാണ് ഒന്നാം സ്തൂപം. നാല് ഗേറ്റുകളുടെ കൽത്തൂണുകളും കൊത്തു പണികൾ നിറഞ്ഞതാണ്.

ശിൽപ്പ വൈദഗ്ധ്യം തുടിച്ച വിരലുകളുടെ പണിപ്പെരുമ. ആ കൽപ്പുസ്തകങ്ങളിൽ ബുദ്ധന്റെ ജീവിതവും ബുദ്ധചരിത്രത്തിലെ സുപ്രധാന സംഭവങ്ങളും ഉളിക്കൊത്താൽ നിറച്ചിരിക്കുന്നു. ഈ യാത്രയിലെ മറ്റൊരു പെരുമ ഉത്തരായന രേഖ മുറിച്ചതാണ.് സാഞ്ചിയിലേക്കുള്ള യാത്രാവഴി പോകുന്നത് ഭോപ്പാൽ വിദിശ റോഡ് മുറിച്ചുകൊണ്ടാണ്. മടക്കവഴിയിൽ ഉത്തരായ രേഖയുടെ സമീപത്ത് എത്തുമ്പോൾ നാലുമണി നേരത്ത് പൊടുന്നവെ വലിയ ഇരുളമായി. അന്നത്തെ ദിവസം അത്യപൂർവ ആകാശവിസ്മയം ഭോപ്പാലിലുണ്ടായി.

എവറസ്റ്റ് കൊടുമുടിയുടെ വലിപ്പത്തിലെ വലിയ കരിമേഘം ഭോപ്പാലിനു മുകളിൽ മണിക്കൂറുകളോളം കുടയിട്ടു. അതോടെ വഴിയെമ്പാടും അത്യപൂർവമായ ഇരുട്ട് നിറഞ്ഞു. ഒന്നര മണിക്കൂർ ദീർഘിച്ച കനത്ത മഴപ്പെയ്ത്തിനു ശേഷം പിന്നെ മാനത്തു നിന്നും വെളിച്ചം അരിച്ചുവാരാൻ തുടങ്ങി.

വഴിയോരത്ത് മഴ നനഞ്ഞ് വെള്ളപ്പൊക്കത്തിനെ തൊട്ടുനിൽക്കുന്ന ഗോതമ്പ് പാടങ്ങൾ. വീഥിയുടെ ഇടംവലം വശങ്ങളിൽ വനരാശിയുടെ അതിർത്തെളിമ. കാടുകൾ പലപ്പോഴും വളരെ അടുത്ത് ഗോതമ്പ് വയലുകൾക്ക് തൊട്ടപ്പുറത്ത് വേലി തീർത്തു നിന്നു. മലനിരകളിലെ നഗ്നമായ സാൻഡ് സ്റ്റോൺ പാറയടരുകളെ മറന്നാൽ വഴിപോകുന്നത് പാലക്കാടൻ ഗ്രാമമായി ചില നിമിഷങ്ങളിൽ തോന്നിപ്പിച്ചു.

സാഞ്ചിയിൽ നിന്നും അശോക ചക്രവർത്തിയുടെ ഭാര്യയുടെ പട്ടണമായിരുന്ന വിദിശയിലേക്കുള്ള യാത്രയെ ആ പെരുമഴ തടഞ്ഞു. അന്നത്തെ ദിവസം മൂന്ന് മണിക്കൂറുകൾ മാത്രം മഴ നീങ്ങി നിന്നിരുന്നു. നേർത്ത പ്രകാശവും ഓണത്തുമ്പികളും കാഴ്ചാവേളയിൽ അവിടെ പാറിനടന്നു. അടിവാരത്തിലെ മ്യൂസിയം കാണാൻ മറക്കേണ്ട. ബി സി കാലത്തിലെ ഇരുമ്പു സാമഗ്രികൾ മ്യൂസിയത്തിലെ അതീവ ആകർഷണ വസ്തുക്കളാണ്. അത് സാഞ്ചിയിൽ പരന്ന പൗരാണിക സാംസ്‌കാരികതയുടെ കഥ പറയുന്നു.

നാണയങ്ങൾ, വിളക്കുകൾ, കളിമൺ നിർമിതികൾ, മുത്തുകൾ, ബുദ്ധപ്രതിമകൾ പിന്നെ അശോക സ്തംഭത്തിലെ ആ പ്രസിദ്ധങ്ങളായ സിംഹങ്ങൾ ഈ കാഴ്ചകൾ കാലം കഴിഞ്ഞാലും മറക്കാനാകില്ല. ജോൺ മാർഷൽ താമസിച്ചിരുന്ന ആ വലിയ ബംഗ്ലാവ് ഇന്ന് വിവര വിശദീകരണ ഓഫീസാണ്. തുറന്നു കാണാതെ തന്നെ ആ ബംഗ്ലാവിന്റെ പെരുമ മനസ്സിൽ കൊണ്ടു. ചുരുക്കത്തിൽ ഒരു പാഠപുസ്തകം നിവർത്തിക്കാട്ടുന്നതുപോലെ സരളമാണ് യുനെസ്‌കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച സാഞ്ചിയുടെ ഭാവം.

Latest