cpi state confrence
സംസ്ഥാന സി പി ഐയില്‍ നേതൃമാറ്റം വേണം; കാനത്തിനെതിരെ സി ദിവാകരന്‍
ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിന്?; സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകും

തിരുവനന്തപുരം| സി പി ഐ സംസ്ഥാന സമ്മേളനത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഭാഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ രംഗത്തെത്തി. സംസ്ഥാന സി പി ഐയില്‍ നേതൃമാറ്റം വേണമെന്നും പാര്‍ട്ടി സമ്മേളനം കഴിയുന്നതോടെ പുതിയ സെക്രട്ടറി വരുമെന്നും സി ദിവാകരന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദിവാകരന്റെ പ്രതികരണം.
ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം തന്നേക്കാള്‍ ജൂനിയറാണ്. തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകും. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണം. പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെ. പ്രായപരിധി അംഗീകരിക്കില്ലെന്നും ദിവാകരന്‍ പറഞ്ഞു.
സി പി ഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. സി പി ഐ സംസ്ഥാന സമ്മേളന ചരിത്രത്തില്‍ ഇതുവരെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറുമെന്നാണ് ദിവാകരന്‍ നല്‍കുന്ന സൂചന. കാനത്തിനെതിരെ വലിയ പടയൊരുക്കത്തോടെയാകും കെ ഇ ഇസ്മാഈല്‍ പക്ഷം സംസ്ഥാന സമ്മേളനത്തിന് എത്തുക. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താനുണ്ടാകുമെന്ന സൂചന കാനം നേരത്തെ നല്‍കിയിരുന്നു.