Connect with us

ആത്മായനം

മറക്കരുതേ.. എല്ലാം നിലയ്ക്കും

അല്ലാഹുവല്ലാത്ത എല്ലാറ്റിനും അവസാനമുണ്ട്. എല്ലാ ശരീരങ്ങളും മരണത്തെ രുചിക്കും. ഏത് ഹൈ സെക്യൂരിറ്റി സംവിധാനത്തെയും തുളച്ച് മരണമെത്തും. ബുള്ളറ്റ് പ്രൂഫ് വസ്‌ത്രങ്ങളും വാഹനങ്ങളും അതിന് മുന്നിൽ നിസ്സാരം. ഇരുമ്പു കോട്ടകളെ ഭേദിച്ച് വിധിച്ച നേരം അത് വരിക തന്നെ ചെയ്യും.

Published

|

Last Updated

കൂട്ടരേ.. എന്തുറപ്പുണ്ട് ഈ കുറിപ്പ് വായിച്ചു തീർക്കാൻ നമുക്കാവുമെന്ന്. ഇതെഴുതി തുടങ്ങുന്നത് പോലും അങ്ങനെ ഒരുറപ്പില്ലാതെയാണ്. നമ്മുടെ ചെരുപ്പിന്റെ വാറിനേക്കാൾ അരികെയുണ്ട് മരണം. കുളിരുള്ള സ്വപ്നങ്ങൾ കോർത്ത് മണിയറയിലിരിക്കവെ ശ്വാസം നിലച്ചവർ, കളിയാരവങ്ങൾക്കിടെ ജീവനൊടുങ്ങിയവർ, വിയർപ്പൊഴുക്കി ആശകൾ കൊണ്ട് പണിത വീട്ടിലെ ആദ്യത്തെ രാത്രി ആത്മാവ് പിരിഞ്ഞവർ, ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കവെ പൊലിഞ്ഞു പോയവർ, പ്രായവും കാലവും രോഗവും ആരോഗ്യവും ഒന്നും മരണം വരാൻ മാനദണ്ഡമാകുന്നില്ല. അല്ലാഹുവിന്റെ നിശ്ചയത്തിലുള്ള അവധിയെത്തിയാൽ, ആ സമയം ആസന്നമായാല്‍പ്പിന്നെ ഒരു നിമിഷം പോലും മുന്തുവാനോ പിന്തുവാനോ ആരാലും സാധ്യമല്ല (സൂറ: നഹ്ൽ 61) സർവസജ്ജരായി നിൽക്കുന്ന വിവേകികൾക്ക് വിരലുകടിക്കേണ്ടി വരില്ല. സ്വന്തത്തെ ഇടക്കിടെ വിചാരണക്ക് വിധേയമാക്കി മരണാനന്തര ജീവിതത്തിനായി സുകൃതങ്ങൾ കരുതിവെച്ചവരത്രേ വിവേകികളെന്ന് തിരുനബി(സ) പഠിപ്പിച്ചതുമാണല്ലോ. (തിർമുദി)

നമുക്ക് അല്ലാഹു അനുവദിച്ച ആയുസ്സിനെ മൂല്യ ബോധത്തോടെ പരിഗണിക്കണം. അന്ത്യദിനമെന്നാണെന്ന് അന്വേഷിച്ചു വന്ന ഗ്രാമീണനോട് ആ കാലത്തിനായി എന്ത് ഇൻവെസ്റ്റ്മെന്റാണ് നീ ചെയ്തതെന്ന മറുചോദ്യം കൊണ്ട്, അല്ലാഹു തന്ന ആയുഷ് കാലത്തെ എങ്ങനെ സമീപിക്കണമെന്ന് റസൂൽ (സ) പഠിപ്പിക്കുന്നുണ്ട്.

ജീവൽ മരണങ്ങളെ സൃഷ്‌ടിച്ചതിന്റെ ഉദ്ദേശ്യം തന്നെ അവയെ ഗുണാത്മകമായി സമീപിച്ച് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർ ആരെന്ന് നമ്മെ ബോധ്യപ്പെടുത്തലാണ്. ജീവിതത്തെ നശ്വരമായ ഭൗതിക തിമർപ്പിൽ ചുരുക്കി കെട്ടാനും അനശ്വരമായ അഭൗമികാനന്ദത്തിൽ സമ്പന്നമാക്കാനും നമുക്ക് അവസരങ്ങളുണ്ട്. രണ്ട് വഴികളെ നാമവന് കാണിച്ച് കൊടുത്തു (സൂറ: ബലദ് 10) തീർച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ കൃതജ്ഞതയുള്ളവനാകുന്നു, അല്ലെങ്കിൽ കൃതഘ്‌നനാകുന്നു.’ (സൂറ: ഇൻസാൻ 3) തുടങ്ങിയ ആയത്തുകൾ ആ കാര്യം വ്യക്തമാക്കുന്നുണ്ട്.

മുന്നിലുള്ള വഴികളുടെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. മികച്ചത് തിരഞ്ഞെടുക്കാനുള്ള അതീവ ശ്രദ്ധ നമുക്കുണ്ടാവണം. അത് പാളുന്നവരാണ് പരാജിതർ. മരണത്തെ ഓർത്തുകൊണ്ടിരിക്കുകയെന്നത് നല്ല മനുഷ്യർക്കുണ്ടാകേണ്ട ശീലമാണ്. “രസച്ചരടുകൾ മുറിച്ചു കളയുന്ന മരണത്തെ നിങ്ങൾ ഓർക്കുവിൻ. ജീവിതത്തിന്റെ ഇടുക്കങ്ങളിൽ ആരും മരണസ്മൃതി നടത്തുന്നില്ല; അയാൾക്ക് വിസ്‌തൃതി ലഭിച്ചിട്ടല്ലാതെ’ (ബൈഹഖി) എന്ന പാഠം മരണ സ്‌മൃതി മനുഷ്യന് മുന്നിൽ തെളിഞ്ഞ വഴികളെ വെട്ടുന്നുവെന്ന് വ്യക്തമാക്കുന്നു.

സ്‌നേഹിതരേ… കഫാ ബിൽ മൗതി വാഇളൻ യാ ഉമർ (നിനക്ക് ഉപദേശിയായി മരണം തന്നെ ധാരാളം ഉമറേ..) എന്ന് മോതിരക്കല്ലിൽ കൊത്തിവെച്ചതും മരണമോർമിപ്പിക്കാൻ ശമ്പളത്തിന് ആളെ നിർത്തിയതുമായ ഖലീഫ ഉമറിന്റെ (റ) മാതൃകകൾ നമ്മെ സഗൗരവത്തിൽ ചിന്തിപ്പിക്കുന്നുണ്ട്. ഹൃദയങ്ങളെ ശുദ്ധീകരിക്കാനും ഭൗതിക പ്രമത്തയെ ലഘൂകരിക്കാനും തെറ്റുകളിൽ നിന്ന് അകറ്റിനിർത്താനും സുകൃതങ്ങളിൽ വ്യാപൃതമാക്കാനും യഥാർഥ ജീവിതത്തിനായി മനുഷ്യനെ ഒരുക്കി നിർത്താനും മരണസ്മൃതി കാരണമാകുന്നു.

കൂട്ടരേ… അല്ലാഹുവല്ലാത്ത എല്ലാറ്റിനും അവസാനമുണ്ട്. എല്ലാ ശരീരങ്ങളും മരണത്തെ രുചിക്കും. ഏത് ഹൈ സെക്യൂരിറ്റി സംവിധാനത്തെയും തുളച്ച് മരണമെത്തും. ബുള്ളറ്റ് പ്രൂഫ് വസ്‌ത്രങ്ങളും വാഹനങ്ങളും അതിന് മുന്നിൽ നിസ്സാരം. ഇരുമ്പു കോട്ടകളെ ഭേദിച്ച് വിധിച്ച നേരം അത് വരിക തന്നെ ചെയ്യും. നബിയേ.. ജനങ്ങളിൽ ഏറ്റവും വിവേകിയാരാണെന്ന് ചോദിച്ച അൻസാരി സുഹൃത്തിന് റസൂൽ കൊടുത്ത മറുപടി “മരണസ്മൃതി ഏറെ ചെയ്യുന്നവർ, മരണം വരും മുന്നേ അതിനായി സുസജ്ജമായവർ, അവരാണ് പരലോകത്തെ അന്തസ്സും ഇഹലോകത്തെ മഹിമകളും കൊണ്ടുപോയ വിവേകികൾ’ എന്നായിരുന്നു. (രേഖപ്പെടുത്തിയത് : ഇബ്‌നു ഉമർ (റ))

ഇമാം ഖുർതുബി (റ) അവിടുത്തെ തദ്കിറയിൽ നമ്മെ ഓർമിപ്പിക്കുന്നു “മരണത്തെ ഓർക്കുന്നതിൽ സുപ്രധാനമായ മൂന്ന് പ്രയോജനങ്ങളുണ്ട്. തൗബ നേരത്തെയാവും, പരിമിതമായ ജീവിതത്തിലുള്ള സംതൃപ്തിയുണ്ടാവും, ആരാധനാ കാര്യങ്ങളിൽ ഉത്സാഹമുണ്ടാവും എന്നിവയാണവ. മരണത്തെ വിസ്‌മരിച്ചവരിൽ മൂന്ന് ദൂഷ്യങ്ങളുമുണ്ട്. തൗബയെ ഗൗനിക്കില്ല, പരിമിതികളിൽ അസ്വസ്ഥനാകും, ആരാധനകളിൽ ആലസ്യമുണ്ടാകും എന്നിവയാണവ.

നോക്കൂ… ഖബർ കണ്ടാൽ തന്നെ ഹൃദയം പിടഞ്ഞ് കണ്ണീരണിഞ്ഞവരാണ് മഹത്തുക്കൾ. ആ കാഴ്ച അവരുടെ ഹൃദയവേദനയാകുന്നു. നമ്മെയോ ഉറ്റവരുടെ മരണം പോലും ഉലയ്ക്കുന്നില്ല. അപ്പോഴും ഭൗതികമായിനമുക്കുണ്ടായ/ ആ കുടുംബത്തിനുണ്ടായ നഷ്‌ടത്തെ കുറിച്ചാണ് നമ്മുടെ ആലോചന. അദ്ദേഹത്തിന്റെ പരലോകത്തെ കുറിച്ചോർത്തോ ഞാനും മരിക്കാനുള്ളവനാണെന്നുള്ള വിചാരത്താലോ നമ്മുടെ മനസ്സ് പിടയുന്നില്ല. ഈ അവസ്ഥ അതിദയനീയമാണ്. അതും ഒരു തരം മരണം തന്നെയാണ്. ഹൃദയത്തിന്റെ മരണം!. അയാളുടെ ഈമാനിക വെളിച്ചം കെട്ടുതുടങ്ങിയിരിക്കുന്നുവെന്നതിന്റെ അടയാളം.

മരണ വീട് സന്ദർശിക്കണമെന്നും മയ്യിത്ത് പരിപാലനത്തിൽ പങ്കാളിയാകണമെന്നും ജനാസയെ അനുഗമിക്കണമെന്നും നിസ്‌കാരത്തിൽ പങ്കെടുക്കണമെന്നും മറവു ചെയ്യുന്നിടത്ത് നിങ്ങളുണ്ടാകണമെന്നും വിട ചൊല്ലി പോയവരെ ഓർക്കണമെന്നും അവരുടെ മീസാൻ കല്ലിനരികിൽ ചെല്ലണമെന്നും അവർക്കായി സുകൃതങ്ങൾ വർണപ്പൊതിയിൽ (ഇഹ്്ലാസോടെ ) സമ്മാനമായി നൽകണമെന്നുമൊക്കെ നമ്മെ പഠിപ്പിക്കപ്പെട്ടത് ഇടറിപ്പോകാത്ത ജീവിതം നമുക്ക് തരാനാണ്. അലിവുള്ള മനസ്സ് നമ്മിൽ നിർമിക്കാനാണ്. ഈ കർമങ്ങൾക്കൊക്കെയും ഉഹ്‌ദ് മലയെ വെല്ലുന്ന കീറാത്തുകൾ (വലിയ പ്രതിഫലങ്ങൾ) നമുക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ടല്ലോ. ഹായ്! എത്രയാണ് നമുക്കല്ലാഹു കോരി തരുന്നത്. ഹസ്ബുനല്ലാഹ്.

കൂട്ടരേ, നമ്മളെല്ലാം മരിക്കും. ഖബ്റുണ്ടാവും വിചാരണയുണ്ടാവും മണിയറകളുണ്ടാവും ക്ഷുദ്രജീവികളുടെ വിഹാര കേന്ദ്രങ്ങളും. സ്വർഗീയ പരിമളമുണ്ടാവും നരകനാറ്റത്തിന്റെ രൂക്ഷതയും. സുഖലോലുപതകളുണ്ടാവും വേദനിപ്പിക്കുന്ന കടും ശിക്ഷകളും. പുഞ്ചിരികളും അലറിക്കരച്ചിലുകളും. അല്ലാഹ്.. യാ റബ്ബ്…നീയല്ലാതെ ഞങ്ങൾക്കാരുണ്ട്. നിന്റെ ഔദാര്യത്താൽ സന്തോഷങ്ങൾ തന്ന് അനുഗ്രഹിക്കണേ അല്ലാഹ്. സ്വൽപ്പം നേരം നമ്മോട് വിട ചൊല്ലിയവരെ കുറിച്ചൊന്നാലോചിക്കൂ. ഭൗതികമായി സമ്മാനിച്ചതെന്താണ് അവർ കൊണ്ടുപോയത്?
ഇല്ല , കഫൻ പുടവയ്ക്ക് കീശയില്ല. കൈ മലർത്തിയാണ് അവർ യാത്ര തിരിച്ചത്. പക്ഷേ, അവർ സമ്പാദിച്ച സത്കർമങ്ങൾ അവരുടെ മണ്ണറയിൽ സുഗന്ധം നിറച്ച് കസ്തൂരി മണ്ണാക്കും.

Only the actions of the just
Smell sweet and blossom in their dust.
അവർക്കായി ഒരു ഫാതിഹ ഓതാം. നാളെ നമ്മെ ഓർത്ത് ഫാതിഹയോതാൻ ആരെങ്കിലും വേണ്ടേ. ഒരു കാര്യം കൂടി ഹൃദയത്തിലിരിക്കട്ടെ. “നാളെ താന്‍ എന്താണ് സമ്പാദിക്കാനിരിക്കുന്നതെന്ന് ഒരു ജീവിയും അറിയുന്നില്ല. ഏതു മണ്ണിലാണ് താന്‍ മരിക്കുകയെന്നും ഒരാളും അറിയുന്നില്ല. അല്ലാഹു മാത്രമാകുന്നു ഒക്കെയും അറിയുന്നവനും തികഞ്ഞ ധാരണയുള്ളവനും’ (സൂറ: ലുഖ്മാൻ 34)

Content Highlights:
The report offers a deep spiritual contemplation on the inevitability of death, reminding readers that life’s duration is determined solely by Allah. It emphasizes the wisdom of frequently remembering death to purify the heart, encourage sincere repentance, and maintain focus on good deeds. By citing Quranic verses and Prophetic traditions, the article urges individuals to invest in their afterlife rather than becoming lost in temporary worldly pursuits.

 

 

Latest