Connect with us

UAE

സ്ഫിയര്‍ അബൂദബി വരുന്നു: ശൈഖ് സായിദ് റോഡില്‍ നിന്ന് കാണാം പുതിയ വിസ്മയം

യാസ് ഐലന്‍ഡില്‍ ഒരുങ്ങുന്ന നിര്‍മിതിക്ക് 170 കോടി ഡോളര്‍ ചെലവ്.

Published

|

Last Updated

അബൂദബി | തലസ്ഥാന നഗരിയിലെത്തുന്ന സഞ്ചാരികളെയും താമസക്കാരെയും ഒരേപോലെ ആകര്‍ഷിക്കുന്ന പുതിയ ആഗോള ലാന്‍ഡ്മാര്‍ക്കായി സ്ഫിയര്‍ അബൂദബി ഉയരുന്നു. യാസ് മാളിനും സീവേള്‍ഡ് അബൂദബിക്കും ഇടയിലായി 170 കോടി ഡോളര്‍ ചെലവഴിച്ചാണ് ഈ ഭീമാകാരമായ എല്‍ ഇ ഡി നിര്‍മിതി ഒരുങ്ങുന്നത്. അമേരിക്കക്ക് പുറത്തുള്ള ലോകത്തിലെ ആദ്യത്തെയും ആഗോളതലത്തിലെ രണ്ടാമത്തെയും സ്ഫിയര്‍ പദ്ധതിയാണിത്. അമേരിക്കയിലെ ലാസ് വെഗാസിലാണ് ആദ്യ സ്ഫിയര്‍ സ്ഥിതി ചെയ്യുന്നത്.

അബൂദബിയിലെ പരന്ന ഭൂപ്രകൃതിയും തെളിഞ്ഞ ആകാശവും കാരണം ശൈഖ് സായിദ് റോഡിന്റെ വലിയൊരു ഭാഗത്തു നിന്നും അബൂദബി ഐലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിന്റെ ‘എക്സോസ്ഫിയര്‍’ എന്ന് വിളിക്കുന്ന പുറംഭാഗത്തെ ഭീമന്‍ എല്‍ ഇ ഡി ഡിസ്‌പ്ലേ വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. കേവലം ഒരു കെട്ടിടത്തിന്റെ മുന്‍ഭാഗം എന്നതിനപ്പുറം വലിയൊരു ദൃശ്യവിരുന്നാണ് ഈ എക്സോസ്ഫിയര്‍ സമ്മാനിക്കുക. ലാസ് വെഗാസിലേതില്‍ നിന്നും വ്യത്യസ്തമായി അബൂദബിയിലെ സ്ഫിയറിന്റെ പുറംഭാഗത്ത് ഇമാറാത്തി കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുക. കൂടാതെ സ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളും ഇതില്‍ ദൃശ്യമാകും.

അത്യാധുനിക സാങ്കേതികവിദ്യയും സ്പേഷ്യല്‍ ഓഡിയോ സംവിധാനവുമുള്ള സ്ഫിയറിന്റെ ഉള്‍ഭാഗം 160,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വലിയൊരു ക്യാന്‍വാസാണ്. പരമ്പരാഗത തിയേറ്ററുകളിലോ തീം പാര്‍ക്കുകളിലോ അനുഭവിക്കാന്‍ കഴിയാത്ത തരത്തില്‍ യു എ ഇയുടെ ചരിത്രവും പൈതൃകവും ഇവിടെ ദൃശ്യവത്കരിക്കും. പഴയകാലത്തെ മുത്തുവാരിക്കല്‍ ജീവിതം മുതല്‍ എണ്ണയുടെ കണ്ടെത്തല്‍, 1971 ലെ യു എ ഇ യുടെ രൂപവത്കരണം, ബഹിരാകാശ പര്യവേക്ഷണം ഉള്‍പ്പെടെയുള്ള ഭാവി കാഴ്ചകള്‍ വരെ പ്രേക്ഷകര്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ തക്ക രീതിയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിക്കുന്നത്.

ആഗോള കലാകാരന്മാരുടെ സംഗീത പരിപാടികള്‍, അറബിക് കലാകാരന്മാരുടെ വലിയ ഷോകള്‍, ലോകോത്തര ബോക്സിംഗ്, യു എഫ് സി പോലെയുള്ള കായിക മത്സരങ്ങള്‍, ആഗോള സാങ്കേതിക സമ്മേളനങ്ങള്‍, ആഡംബര ബ്രാന്‍ഡുകളുടെ ലോഞ്ചുകള്‍ എന്നിവക്കെല്ലാം സ്ഫിയര്‍ അബൂദബി വേദിയാകും. വിവിധ പാക്കേജുകളോടെയുള്ള ടിക്കറ്റ് നിരക്കുകളാണ് ഇതിനായി നിശ്ചയിക്കുക. 2029 ഓടെ സ്ഫിയര്‍ അബൂദബിയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:
Abu Dhabi has announced the construction of its own massive Sphere entertainment venue. The futuristic architectural marvel will be structurally massive enough to be visible from Dubai’s Sheikh Zayed Road. This landmark project aims to significantly boost tourism and entertainment options in the UAE.

Latest