Connect with us

UAE

അജ്മാനില്‍ 180 കോടി ദിര്‍ഹമിന്റെ വികസന പദ്ധതികള്‍ക്ക് തുടക്കം

ഈ വര്‍ഷം മുതല്‍ 2030 വരെയുള്ള കാലയളവില്‍ എമിറേറ്റിലെ പുതിയ റോഡ് നിര്‍മാണത്തില്‍ 43 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്.

Published

|

Last Updated

അജ്മാന്‍ | നഗരവികസന രംഗത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് 180 കോടി ദിര്‍ഹം ചെലവഴിച്ചുള്ള വിപുലമായ വികസന പദ്ധതികള്‍ക്ക് അജ്മാനില്‍ തുടക്കമായി. റോഡുകളുടെ നവീകരണം, ഹരിത മേഖലകളുടെ വ്യാപനം, മഴവെള്ള ഓടകളുടെയും ഡ്രെയിനേജ് സ്റ്റേഷനുകളുടെയും നിര്‍മാണം എന്നിവയുള്‍പ്പെടെ 30 പ്രധാന പ്രൊജക്ടുകള്‍ അടങ്ങുന്ന അജ്മാന്‍ മുനിസിപ്പാലിറ്റി അജണ്ട (എ എം 30X30) അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി പ്രഖ്യാപിച്ചു. അജ്മാന്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. അജ്മാനിലെ ജനങ്ങളുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് നഗരത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് അമ്മാര്‍ പറഞ്ഞു.

ഈ വര്‍ഷം മുതല്‍ 2030 വരെയുള്ള കാലയളവില്‍ എമിറേറ്റിലെ പുതിയ റോഡ് നിര്‍മാണത്തില്‍ 43 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ സൈക്ലിംഗ് ട്രാക്കുകളുടെ നീളം 33 ശതമാനം വര്‍ധിപ്പിക്കും. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതികള്‍ നടപ്പാക്കുക. ഒന്നാം ഘട്ടത്തില്‍ അല്‍ സോറ റൗണ്ട് എബൗട്ട്, ചൈനീസ് മാര്‍ക്കറ്റ് റൗണ്ട് എബൗട്ട്, ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് സ്ട്രീറ്റ് എന്നിവയുടെ നവീകരണവും റാശിദ് ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ കാല്‍നട മേല്‍പ്പാലങ്ങളുടെ നിര്‍മാണവും നടക്കും. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് സ്ട്രീറ്റിലും അല്‍ സഫിയ മേഖലയിലും മഴവെള്ള ഡ്രെയിനേജ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനൊപ്പം അല്‍ സോറ പ്രൊമെനേഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഹരിതാഭമാക്കുകയും ചെയ്യും.

രണ്ടാം ഘട്ടത്തില്‍ അല്‍ റാശിദിയ, മസ്ഫൂത്, മനാമ, അല്‍ റൗദ, അല്‍ മുവൈഹാത്ത്, അല്‍ യാസ്മീന്‍, അല്‍ ഹീലിയോ എന്നിവിടങ്ങളിലെ ആഭ്യന്തര റോഡുകളുടെ നിര്‍മാണവും ശൈഖ് സായിദ് സ്ട്രീറ്റിലെ ഡ്രെയിനേജ് സ്റ്റേഷനും ഉള്‍പ്പെടുന്നു. തുടര്‍ന്ന് മുഹമ്മദ് ബിന്‍ സായിദ് റസിഡന്‍ഷ്യല്‍ ഏരിയയിലെ റോഡ് നിര്‍മാണം, ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിന്റെ വീതി കൂട്ടല്‍, അജ്മാന്‍ നഗരത്തിലും മസ്ഫൂത്, മനാമ എന്നിവിടങ്ങളിലുമായി 16 കിലോമീറ്റര്‍ നീളത്തില്‍ സൈക്ലിങ് ട്രാക്കുകളുടെ വികസനം എന്നിവയും പൂര്‍ത്തിയാക്കും. 2030 ഓടെ പൊതുസൗകര്യങ്ങളുടെ വ്യക്തിഗത വിഹിതം 4.79 ചതുരശ്ര മീറ്ററായി ഉയര്‍ത്താനും മസ്ഫൂത്, മനാമ, അല്‍ ഹുമൈദിയ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ആകെ 3,30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പൊതു പാര്‍ക്കുകളും കമ്മ്യൂണിറ്റി കേന്ദ്രങ്ങളും നിര്‍മിക്കാനും പദ്ധതിയുണ്ട്.

Content Highlights:
Ajman has launched massive development projects valued at 1.8 billion dirhams. The initiatives aim to significantly upgrade infrastructure and public services across the emirate. This major investment is expected to drive economic growth and enhance the quality of life for residents.

 

Latest