Connect with us

Kerala

ആഭിചാര കര്‍മം, കൊലപാതകം; ഇലന്തൂരിലിത് രണ്ടാം തവണ

ഇപ്പോഴത്തെ ഇരട്ട കൊലപാതകത്തിന് കാല്‍നൂറ്റാണ്ട് മുമ്പ് സമീപ പ്രദേശമായ പരിയാരം പൂക്കോട്ടും ആഭിചാര കര്‍മത്തിന്റെ ഭാഗമായി അരുംകൊല നടന്നിരുന്നു.

Published

|

Last Updated

പത്തനംതിട്ട | ഇലന്തൂരില്‍ ആഭിചാര കര്‍മവും കൊലപാതകവും നടക്കുന്നത് ഇത് രണ്ടാം തവണ. ഇപ്പോഴത്തെ ഇരട്ട കൊലപാതകത്തിന് കാല്‍നൂറ്റാണ്ട് മുമ്പ് സമീപ പ്രദേശമായ പരിയാരം പൂക്കോട്ടും ആഭിചാര കര്‍മത്തിന്റെ ഭാഗമായി അരുംകൊല നടന്നിരുന്നു. വീടിന്റെ ഐശ്വര്യം വര്‍ധിപ്പിക്കാന്‍ ആഞ്ഞിലിമൂട്ടില്‍ കടകംപള്ളില്‍ ഭഗവല്‍ സിങ്-ലൈലാ ദമ്പതികള്‍ ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയുടെ കാര്‍മികത്വത്തില്‍ രണ്ട് സ്ത്രീകളെയാണ് തലയറുത്ത് കൊന്നതെങ്കില്‍ ഇതേ ലക്ഷ്യത്തിന്റെ പേരിലാണ് ഇലന്തൂര്‍, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തില്‍ ശശിരാജപണിക്കര്‍ എന്ന ഹോമിയോ ഡോക്ടര്‍ നാലര വയസുള്ള തന്റെ മകള്‍ അശ്വനിയെ പീഡിപ്പിച്ചു കൊന്നത്. 1997ല്‍ ആയിരുന്നു സംഭവം.

കാമുകിയായ ചേര്‍ത്തല വാരനാട് ചുങ്കത്തുവിളയില്‍ വീട്ടില്‍ സീന(24)യെ വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നു ശശിരാജ പണിക്കര്‍ എന്ന ഹോമിയോ ഡോക്ടര്‍ നടത്തിയ അരും കൊലക്ക് പിന്നിലെന്ന് അന്നത്തെ പത്തനംതിട്ട എസ് പി യായിരുന്ന മുന്‍ ഡി ജി പി. എസ് ശ്രീലേഖയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജ പണിക്കര്‍ വൈകാതെ കുറിയന്നൂര്‍ കമ്പോത്രയില്‍ സുകുമാരിയമ്മയെ വിവാഹം ചെയ്തു. സുകുമാരിയമ്മയുമൊത്തുള്ള ജീവിതം മടുത്ത ശശിരാജ പണിക്കര്‍ അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെ കഴിയും മുമ്പുതന്നെ സുകുമാരിയമ്മ അശ്വനിയെ പ്രസവിച്ചു. ഈ കുട്ടിയെയാണ് ശശിരാജ പണിക്കര്‍ പീഡിപ്പിച്ചു കൊന്നത്.

സ്ത്രീകളെ പീഡിപ്പിച്ച് അതില്‍ നിന്നും പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന ശശിരാജ പണിക്കര്‍ ക്രൂരമായ രതി വൈകൃതത്തിന് അടിമയായിരുന്നു. ആയിടക്കാണ് ചേര്‍ത്തല സ്വദേശി സീനയെ പരിചയപ്പെടുന്നത്. ഒരു ദിവസം സീനയുമായി പണിക്കര്‍ പരിയാരത്തുള്ള വീട്ടിലെത്തി. മഹാ മാന്ത്രിക സിദ്ധിയുള്ള യുവതിയാണെന്നും ആദരവോടെ മാത്രമെ ഇടപെടാവൂ എന്നുമായിരുന്നു സുകുമാരിയമ്മക്ക് നല്‍കിയ നിര്‍ദേശം. സീനയെ ‘മോളെ’ എന്നുമാത്രമെ അഭിസംബോധന ചെയ്യാവൂ എന്നും നിര്‍ദേശിച്ചിരുന്നു.

ഒരു ദിവസം സീന വീടിന്റെ ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു. വിളക്ക് മൂധേവിക്കു വേണ്ടിയാണെന്നും പറഞ്ഞു. മൂധേവി കടാക്ഷിച്ചാല്‍ ഐശ്വര്യം പറന്നെത്തും. പക്ഷേ വിളക്കിനെ മറികടക്കാന്‍ പാടില്ല. ദിവസവും മൂധേവിക്ക് വിളക്ക് വെച്ച് പ്രാര്‍ഥിക്കണം. കൂടാതെ ഓരോ ദിവസവും മൂധേവിയുമായുള്ള പെരുമാറ്റത്തെപ്പറ്റി ഡയറി എഴുതണം. കുട്ടി മൂധേവിയെ മറികടന്നാല്‍ ഐശ്വര്യം കുറയും. അറിയാതെ അങ്ങനെ സംഭവിച്ചാല്‍ കുട്ടിയെ പണിക്കര്‍ മര്‍ദിച്ച് ശാപം അകറ്റും. ഇതിനിടയില്‍ കുട്ടിയുടെ ശരീരമാസകലം സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളലേല്‍പ്പിക്കും. ഇത് വലിയ വൃണമായി മാറി. ഒടുവില്‍ ശരീരത്തിലെ വൃണത്തിലേക്ക് അണുക്കള്‍ വ്യാപിച്ചു. വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി.

നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പത്തനംതിട്ട എസ് പി ആയിരുന്നു ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം ആറന്മുള പോലീസ് സ്ഥലത്തെത്തി. ചോദ്യം ചെയ്യല്‍ പുരോഗമിച്ചതോടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം സുകുമാരിയമ്മ വെളിപ്പെടുത്തി. തുടര്‍ന്ന് മൂവരും അറസ്റ്റിലായി. ശശിരാജ പണിക്കര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. മറ്റുള്ളവര്‍ ശിക്ഷ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങി. എന്നാല്‍ ശശിരാജ പണിക്കരെ പുറത്തിറക്കാന്‍ ആരുമുണ്ടായില്ല. ഒടുവില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് ശശിരാജ പണിക്കര്‍ മരിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷം ഇലന്തൂര്‍ മറ്റൊരു ആഭിചാര കര്‍മത്തെ തുടര്‍ന്നുള്ള കൊലപാതകത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.