Kerala
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തവും പിഴയും
കല്‍പ്പകഞ്ചേരി വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടി (65)യെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.

മഞ്ചേരി (മലപ്പുറം) | മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. കല്‍പ്പകഞ്ചേരി വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടി (65)യെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം തുഷാര്‍ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 2016 മാര്‍ച്ച് 21-നാണ് സംഭവമുണ്ടായത്. വളവന്നൂര്‍ ചോലക്കലില്‍ വച്ചാണ് മൊയ്തീന്‍കുട്ടി മാതാവ് പാത്തുമ്മയെ (80) കൊലപ്പെടുത്തിയത്. പാത്തുമ്മയുടെ ഭര്‍ത്താവ് പരേതനായ അബ്ദുറഹിമാന്റെ പേരിലുണ്ടായിരുന്ന സ്വത്ത് വിറ്റ് മൊയ്തീന്‍കുട്ടിയുടെ പേരില്‍ വസ്തു വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ മാതാവിനെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതോടെ പല വീടുകളിലായാണ് പാത്തുമ്മ കഴിഞ്ഞു വന്നിരുന്നത്. പിന്നീട് ജീവിതച്ചെലവിന് പണം കിട്ടണമെന്ന് ആവശ്യപ്പെട്ട് പാത്തുമ്മ മൊയ്തീന്റെ പേരില്‍ തിരൂര്‍ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കോടതിയില്‍ കേസ് പരിഗണിച്ച ദിവസമാണ് പ്രതി കൃത്യം നടത്തിയത്. അദാലത്തില്‍ പാത്തുമ്മയും മൊയ്തീനും ഹാജരായി. മാതാവിനെ സംരക്ഷിച്ചു കൊള്ളാമെന്ന കരാറില്‍ മൊയ്തീന്‍കുട്ടി ഒപ്പിടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചോലക്കല്‍ ഇടവഴിയില്‍ വെച്ച് മൊയ്തീന്‍ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.