Connect with us

Idukki

കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റും; എം എം മണിക്കെതിരെ സി പി ഐ നേതാവ്

തലവെട്ടിക്കളഞ്ഞാൽ മതിയല്ലോയെന്നും അദ്ദേഹം സി പി എം നേതാവ് എം എം മണിയെ പരിഹസിച്ച് പറഞ്ഞു.

Published

|

Last Updated

ഇടുക്കി | ഇടുക്കിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുമെന്ന് സി പി ഐ നേതാവ് കെ കെ ശിവരാമൻ. ഒഴിപ്പിക്കാൻ വരുന്നവരുടെ കൈയും വെട്ടും കാലും വെട്ടും നാവും പിഴുതെടുക്കും എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടിക്കളഞ്ഞാൽ മതിയല്ലോയെന്നും അദ്ദേഹം സി പി എം നേതാവ് എം എം മണിയെ പരിഹസിച്ച് പറഞ്ഞു.

ജില്ലയിലെ കൈയേറ്റ മാഫിയയെ തളക്കണം എന്ന ശീർഷകത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശിവരാമൻ എം എം മണിക്കും സി പി എമ്മിനുമെതിരെ രൂക്ഷ വിമർശം ഉന്നയിച്ചത്. കാലും കൈയും വെട്ടി നാവും പിഴുതെടുക്കുവാൻ കുറേ സമയം എടുക്കുമല്ലോ. ചിന്നക്കനാൽ പഞ്ചായത്തിൽ 100 കണക്കിനേക്കർ സർക്കാർ ഭൂമി കൈയേറി കുരിശ് കൃഷി നടത്തുന്നവർ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയേറ്റ മാഫിയയുടെ കൈയിലാണ്.

ജില്ലയിലെ തോട്ടങ്ങൾ തുണ്ട് തുണ്ടായി മുറിച്ചു വിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികൾ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ കഴിയുന്നില്ല. 1000 കണക്കിന് ഭൂരഹിത കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാൻ ഇടമില്ലാത്ത നാട്ടിലാണ് കൈയേറ്റക്കാരെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. സർക്കാർ ഭൂമി കൈയേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും, തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണം. തുണ്ട് തുണ്ടായി വിൽകപ്പെട്ട തോട്ട ഭൂമി എല്ലാം സർക്കാർ വീണ്ടെടുത്ത് ഭൂ രഹിതർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Latest