ഫീച്ചർ
സൂക്ഷിക്കുക കെണിയുണ്ട്...
കുട്ടികളും കൗമാരക്കാരും യുവാക്കളുമടങ്ങുന്ന സമൂഹമാണ് കൂടുതലായി സ്മാർട്ട്ഫോണുകളും അതുവഴി സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നത് എന്നാണ് പൊതുവായ ധാരണയെങ്കിലും ചില പഠനങ്ങളിലെങ്കിലും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ സ്ക്രീൻ ഉപയോഗം വർധിച്ചുവരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സമൂഹത്തിന് വായുവും വെള്ളവും പോലെ ഒരവശ്യ വസ്തുവായി തീർന്നിരിക്കുകയാണ് അടുത്തകാലത്തായി സാമൂഹിക മാധ്യമങ്ങൾ. കുട്ടികൾ മുതൽ വയോധികർ വരെ, ആലങ്കാരികമായി പറഞ്ഞാൽ സാമൂഹിക മാധ്യമങ്ങളുടെ ‘അടിമ’കളായി മാറിയിട്ടുണ്ട്. അതേസമയം ഇരുതല മൂർച്ചയുള്ള ഒരായുധം കൂടിയാണ് ഡിജിറ്റൽ യുഗത്തിന്റെ സൃഷ്ടിയായ ഇത്തരം പ്ലാറ്റ്ഫോമുകൾ. ചില ദോഷങ്ങളും അതിലേറെ ഗുണങ്ങളുമുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ വിവേചനശേഷിക്കനുസരിച്ചാണ് അവ വ്യക്തികളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നത്.
കുട്ടികളും കൗമാരക്കാരും യുവാക്കളുമടങ്ങുന്ന സമൂഹമാണ് കൂടുതലായി സ്മാർട്ട്ഫോണുകളും അതുവഴി സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നത് എന്നാണ് പൊതുവായ ധാരണയെങ്കിലും ചില പഠനങ്ങളിലെങ്കിലും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ സ്ക്രീൻ ഉപയോഗം വർധിച്ചുവരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സ്വാഭാവികമായും ജോലിയിൽ നിന്നുള്ള വിരാമവും ശാരീരിക അവശതകളും ചേർന്ന് സൃഷ്ടിക്കുന്ന ഒരുതരം ഒറ്റപ്പെടലിനെ അതിജീവിക്കാനുള്ള ഉപാധി എന്ന നിലക്കാണ് മുതിർന്ന പൗരന്മാരിൽ ഭൂരിപക്ഷവും സാമൂഹിക മാധ്യമങ്ങളെ കാണുന്നത്. അണുകുടുംബ വ്യവസ്ഥിതിയും വീട്ടിലെ സ്ത്രീകളടക്കമുള്ള അംഗങ്ങൾ ജോലിക്കായി പുറത്തുപോകുകയും ചെയ്യുന്നതോടെ തികച്ചും ഒറ്റപ്പെട്ട് കഴിയാൻ വിധിക്കപ്പെട്ടവരാണ് നമ്മുടെ സമൂഹത്തിലെ വയോധികരായ വ്യക്തികളിൽ വലിയൊരു വിഭാഗം. അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരം ഏകാന്തതയെയും ഒറ്റപ്പെടലിനെയും അതിജീവിക്കാൻ നിലവിൽ മുതിർന്ന പൗരന്മാർക്ക് നിരവധി മാർഗങ്ങളുണ്ടെന്നത് ഒരുപരിധിവരെ ആശ്വാസം നൽകുന്ന കാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂഹിക മാധ്യമങ്ങൾ.
വാട്സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ന് എളുപ്പത്തിൽ ലഭ്യമാണ്. താരതമ്യേന കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് വഴി ഇവ ഉപയോഗിക്കാൻ കഴിയും എന്നതും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം വർധിക്കുന്നതിനുള്ള ഒരു കാരണമാണ്.
ഡിജിറ്റൽ പാലം
പല കുടുംബങ്ങളിലും മക്കളും പേരമക്കളും ഇന്ന് ജോലിക്കും പഠനത്തിനുമായി വിദേശ രാജ്യങ്ങളിൽ കഴിയുന്ന സാഹചര്യമാണുള്ളത്. എന്നാൽ വാട്സാപ്പ് ഉപയോഗിച്ചുള്ള വീഡിയോ കോളുകൾ വഴി ഇവരെയെല്ലാം നേരിട്ട് കാണാനും സംസാരിക്കാനും കഴിയുന്നു എന്നത് മുതിർന്നവരെ സംബന്ധിച്ച് എറ്റവും വലിയ അനുഗ്രഹമാണ്.
കൂടാതെ, അവരവരുടെ സൗകര്യത്തിനും സമയത്തിനും അനുസരിച്ച് സിനിമ, റീലുകൾ, സീരിയലുകൾ എന്നിവ കാണാനും വിനോദങ്ങളിൽ ഏർപ്പെടാനും ഇവരെ സാമൂഹിക മാധ്യമങ്ങൾ വലിയൊരളവിൽ സഹായിക്കുന്നുണ്ട്. പഴയകാല ഗാനങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങൾ, പാചകം, കൃഷി തുടങ്ങിയ വ്യക്തിപരമായി താത്്പര്യമുള്ള വിഷയങ്ങളിൽ മുഴുകാനും അതുവഴി മനസ്സിനെ സജീവമായി നിലനിർത്താനും ഇവ സഹായിക്കുന്നു. ഇത് ഇവരിൽ ആത്മവിശ്വാസം വർധിപ്പിക്കാനും ഇടയാക്കുന്നു.
വീടുകളിൽനിന്ന് പുറത്തിറങ്ങാതെയും യാത്ര ചെയ്യാതെയും തന്നെ സൗഹൃദങ്ങൾ നിലനിർത്താൻ ഇത്തരം സാമൂഹിക മാധ്യമങ്ങൾ വലിയൊരളവിൽ തന്നെ സഹായിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളിലായി ജീവിക്കുന്ന ബാല്യകാല സുഹൃത്തുക്കളെയും സഹപാഠികളെയും സഹപ്രവർത്തകരെയും കണ്ടെത്താനും അവരുടെ വിശേഷങ്ങൾ അറിയാനും ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ സഹായിക്കുന്നു. ഇതാകട്ടെ വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്ന വയോധികരുടെ ‘ഒറ്റപ്പെട്ടു പോയി’ എന്ന തോന്നലിനെ ഇല്ലാതാക്കുന്നുണ്ട്.
ലോകത്തെവിടെയും നടക്കുന്ന വാർത്തകൾ തത്സമയം അറിയാനും ഉത്സവങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ വീട്ടിലിരുന്ന് തന്നെ കാണാനും കേൾക്കാനും സ്മാർട്ട്ഫോണുകൾ സൗകര്യമൊരുക്കുന്നുണ്ട്. അതുപോലെത്തന്നെ ബേങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങൾ സന്ദർശിക്കാതെ ആവശ്യങ്ങൾ നിർവഹിക്കാൻ സ്മാർട്ട് ഫോണുകൾ സഹായിക്കുന്നുണ്ട്. ഒരു പരിധിവരെ എല്ലാ ബേങ്ക് ഇടപാടുകളും പണം കൈമാറ്റങ്ങളും ഇന്ന് സ്മാർട്ട് ഫോണുകളും ആപ്പുകളും ഉപയോഗിച്ച് നടത്താവുന്നതാണ്. ഇതുവഴി മുതിർന്നവരെ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രാപ്തരാക്കുന്നു.
മറ്റുള്ളവരെ ആശ്രയിക്കാതെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതും ഇക്കൂട്ടരിൽ ആത്മവിശ്വാസം വർധിക്കാൻ സഹായകരമാകുന്നുണ്ട്. ഇന്റർനെറ്റിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുന്നതും (Digital Literacy) വിവരങ്ങൾ തിരയുന്നതും തലച്ചോറിനെ ഉണർവോടെ നിലനിർത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, കൃത്യമായ നിയന്ത്രണങ്ങളോടെ ഉപയോഗിച്ചാൽ മുതിർന്നവർക്ക് പുറത്തുള്ള ലോകവുമായി ബന്ധപ്പെടാനുള്ള ഒരു ‘ഡിജിറ്റൽ പാലമായി’ സാമൂഹിക മാധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇരുണ്ടലോകം
നിറയെ ചതിക്കുഴികൾ പതിയിരിക്കുന്ന ഒരു ഇരുണ്ടലോകം കൂടിയാണ് ഇന്റർനെറ്റും അതുവഴിയുള്ള സാമൂഹിക മാധ്യമങ്ങളും. അതിൽ പ്രധാനപ്പെട്ട സാമ്പത്തിക തട്ടിപ്പുകളാണ്. ലോട്ടറി പോലുള്ള സമ്മാനങ്ങൾ ലഭിച്ചെന്ന വ്യാജ അറിയിപ്പുകളിലെ ലിങ്കുകൾ വഴി പണം തട്ടുക, പോലീസ് അല്ലെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന വീഡിയോ കോളിലൂടെ പണം തട്ടുന്ന ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ, ബേങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ഒ ടി പി (O T P) അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കിയുള്ള പണം തട്ടൽ, മാറാരോഗങ്ങൾ മാറ്റിത്തരുമെന്ന് അവകാശപ്പെടുന്ന വ്യാജ മരുന്നുകളുടെയും ചികിത്സകളുടെയും പരസ്യങ്ങൾ, അപരിചിതരായ വ്യക്തികൾ പ്രണയം നടിച്ച് സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന ഹണി ട്രാപ്പുകൾ, വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുക, ഓൺലൈൻ ഇടങ്ങളിൽ അധിക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിയുന്ന സൈബർ ബുളിയിംഗ് (Cyber Bullying) വഴി വ്യക്തികളുടെ മാനസികാരോഗ്യത്തെ തകർക്കൽ തുടങ്ങിയ നിരവധി ചതിക്കുഴികളാണ് അശ്രദ്ധമായി സ്മാർട്ട്ഫോണുകളും ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്.
ശ്രദ്ധ വേണം
വയോധികർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും വ്യക്തിഗതമായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കരുത്. വീട്ടിൽ ഒറ്റക്ക് കഴിയുകയാണ് എന്ന വിവരം, ഫോൺ നമ്പർ, ബേങ്ക് വിവരങ്ങൾ, വീടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ എന്നിവ എപ്പോഴും രഹസ്യമായി സൂക്ഷിക്കണം. നിങ്ങൾ തനിച്ച് വീട്ടിലാണെന്നോ അല്ലെങ്കിൽ വീട് പൂട്ടിയിട്ട് യാത്രയിലാണെന്നോ ഉള്ള വിവരങ്ങൾ നൽകുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കാം. ഇവ മോഷ്ടാക്കൾക്കും കവർച്ചക്കാർക്കും ഉപകാരപ്പെടുന്ന വിവരമായി മാറിയേക്കാം.
സൈബർ കുറ്റവാളികൾ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനാൽ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ നിങ്ങൾക്ക് നേരിട്ട് അറിയാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ ഒരിക്കലും സ്വീകരിക്കരുത്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ എപ്പോഴും ജാഗ്രത പുലർത്തണം. വാട്സാപ്പിലോ മെസ്സഞ്ചറിലോ വരുന്ന ‘സമ്മാനം ലഭിച്ചു’ അല്ലെങ്കിൽ ‘ലോട്ടറി അടിച്ചു’ തുടങ്ങിയ സന്ദേശങ്ങളിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇത് ഫോണിലെ വിവരങ്ങൾ ചോർത്താനോ സാമ്പത്തിക തട്ടിപ്പിനോ കാരണമായേക്കാം.
ബേങ്കുകളുടെ ആപ്പുകളിലും പണം കൈമാറ്റം നടത്തുന്ന ആപ്പുകളിലും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കണം. മറ്റൊരാൾക്ക് എളുപ്പത്തിൽ ഊഹിക്കാൻ കഴിയുന്ന ജന്മദിന തീയതി, 12345 തുടങ്ങിയ പാസ്‌വേഡുകൾക്ക് പകരം അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും ചേർന്നവ ഉപയോഗിക്കുക. സാധിക്കുമെങ്കിൽ “ടു-ഫാക്ടർ ഓതന്റിക്കേഷൻ’ (2 – Factor Authentication) സംവിധാനം ഏർപ്പെടുത്തുക.
സോഷ്യൽ മീഡിയകളിൽ നിങ്ങളുടെ പോസ്റ്റുകൾ സുഹൃത്തുക്കൾക്ക് മാത്രമായി കാണാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിക്കുക. ഇത് അപരിചിതർ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് തടയാൻ സഹായിക്കും. ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ മരുന്നുകളെക്കുറിച്ചോ ഉള്ള വീഡിയോകൾ കാണുമ്പോൾ അവ ആധികാരികമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഉറപ്പുവരുത്തുക. വ്യാജ ചികിത്സാ രീതികൾ പിന്തുടരുന്നത് എപ്പോഴും അപകടകരമാണ്.
സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഉപയോഗത്തിന് കൃത്യമായ സമയം നിശ്ചയിക്കണം. രാത്രി വൈകിയുള്ള ഉപയോഗം ഉറക്കത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ പോലീസിലോ സർക്കാർ ഏർപ്പെടുത്തിയ സൈറ്റുകൾ വഴിയോ എത്രയും പെട്ടെന്ന് പരാതിപ്പെടണം.
ഉപയോഗം ക്രമീകരിക്കാം
ഇനിയുള്ള കാലം സാങ്കേതികവിദ്യയെ പൂർണമായി ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ സാധിക്കുകയില്ല. പകരം അതിന്റെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്. സ്മാർട്ട് ഫോൺ ഉപയോഗത്തിന് കൃത്യമായ സമയം നിശ്ചയിക്കണം. ഉദാഹരണത്തിന് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഫോൺ മാറ്റിവെക്കണം. പകൽ േഫാൺ ഉപയോഗത്തിന് സമയപരിധി നിശ്ചയിച്ച് അത് നടപ്പാക്കണം.
പകൽ സമയത്ത് യോഗ, നടത്തം, വായനശാലകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയിൽ സജീവമാകാൻ ശ്രമിക്കണം. പകൽവീടുകൾ ലഭ്യമായ സ്ഥലങ്ങളിൽ അവിടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സൗഹൃദങ്ങൾ വളർത്തിയെടുക്കാവുന്നതാണ്. കഴിയുന്നതും നേരിട്ടുള്ള സൗഹൃങ്ങളിലും ഫോണിലൂടെ സംസാരിച്ചുള്ള സൗഹൃദങ്ങളിലും മുഴുകാൻ ശ്രമിക്കണം.
പത്രം, ആനുകലിക പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ വായിക്കുകവഴി ഒരു പരിധിവരെ ഫോൺ ഉപയോഗം തടയാവുന്നതാണ്. കൂടാതെ വളർത്തു മൃഗങ്ങളുമായി സമയം ചെലവിടാനും പൂന്തോട്ട നിർമാണത്തിലും അതിന്റെ പരിപാലനത്തിലും അടുക്കള കൃഷിയിൽ വ്യാപരിക്കാനും ശ്രമിക്കണം. പാട്ടുപാടൽ, ചിത്രരചന പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതും സ്ക്രീൻ ഉപയോഗം കുറക്കാൻ സഹായിക്കും.
സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും വ്യാജ വാർത്തകളെക്കുറിച്ചും വയോധികൾക്ക് ആവശ്യമായ അവബോധം നൽകാൻ സർക്കാറുകളും സന്നദ്ധ സംഘടകളും റസിഡന്റ് അസോസിയേഷനുകൾ പോലുള്ള കൂട്ടായ്മകളും നിരന്തണം ശ്രമിക്കണം.
Content Highlights:
Social media has become a digital bridge for senior citizens, helping them overcome loneliness and stay connected with family abroad. While platforms like WhatsApp and Facebook offer entertainment and self-sufficiency, they also harbor risks like financial fraud and honey traps. Experts suggest that with proper awareness, digital literacy, and time management, the elderly can safely navigate the digital world.







