First Gear
സ്ലാവിയ സെഡാന്റെ വിലയും ഡെലിവറിയും പ്രഖ്യാപിച്ച് സ്‌കോഡ
വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി സ്ലാവിയ ബുക്ക് ചെയ്യാവുന്നതാണ്.
ന്യൂഡല്‍ഹി| പുതിയ മിഡ്-സൈസ് പ്രീമിയം സെഡാന്‍ സ്ലാവിയ ഈ മാസം ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന് ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സ്ലാവിയയെ വിപണിയില്‍ അവതരിപ്പിച്ചത്. സ്ലാവിയയുടെ വില വിവരങ്ങള്‍ കമ്പനി മാര്‍ച്ച് 28ന് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇപ്പോള്‍ പുതിയ സെഡാന്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്യാന്‍ തുടങ്ങുന്ന തീയതിയും സ്‌കോഡ വെളിപ്പെടുത്തിയിട്ടുണ്ട്. 2022 സ്‌കോഡ സ്ലാവിയ സെഡാന്റെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള വിവിധ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി സ്ലാവിയ ബുക്ക് ചെയ്യാവുന്നതാണ്.
സ്ലാവിയ സെഡാന്റെ ഡെലിവറി മാര്‍ച്ച് 28 മുതല്‍ ആരംഭിക്കുമെന്ന് സ്‌കോഡ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയുള്ള സ്ലാവിയ 1.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിന്‍ ലോഞ്ച് ചെയ്തതിന്റെ ആദ്യ ദിവസം മുതല്‍ വിതരണം ചെയ്യാന്‍ തുടങ്ങും. 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനുള്ള രണ്ടാമത്തേതിന്റെ ഡെലിവറി മാര്‍ച്ച് മൂന്നിന് ഉണ്ടാകുമെന്ന് സ്‌കോഡ വ്യക്തമാക്കി. കുഷാഖിനെ പോലെ തന്നെ 95 ശതമാനത്തോളം പ്രാദേശികവത്ക്കരണവുമായാണ് സ്ലാവിയ വിപണിയില്‍ എത്തുന്നത്.
ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, എഎസ്ആര്‍, എല്ലാ പിന്‍ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ്, എംഎസ്ആര്‍, ആറ് എയര്‍ബാഗുകള്‍, ടിപിഎംഎസ്, എച്ച്എച്ച്‌സി, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും വാഹനത്തിലുണ്ട്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായോ ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായോ ഘടിപ്പിച്ചിരിക്കുന്ന 1.0 ലിറ്റര്‍ എഞ്ചിന് പരമാവധി 115 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ആറ് സ്പീഡ് മാനുവലിന് പുറമെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിന് പരമാവധി 150 ബിഎച്ച്പി കരുത്ത് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.
സ്ലാവിയ ആംബിഷന്‍ മാനുവല്‍ 1.0 ലിറ്റര്‍ വേരിയന്റിന് 12.6 ലക്ഷം രൂപയും സ്റ്റൈല്‍ മാനുവല്‍ 1.0 ലിറ്റര്‍ പതിപ്പിന് 14.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മാനുവല്‍ സ്റ്റൈല്‍ 1.5 ലിറ്റര്‍ ടിഎസ്‌ഐയ്ക്ക് 16.70 ലക്ഷം രൂപയുമായിരിക്കും മുടക്കേണ്ടി വരിക. സ്‌കോഡ സ്ലാവിയായുടെ ഓട്ടോമാറ്റിക് മോഡലുകളുടെ വില ബേസ് വേരിയന്റായ ആംബിഷന്‍ ഓട്ടോമാറ്റിക് 1.0 ലിറ്ററിന് 14 ലക്ഷം രൂപയും, സ്റ്റൈല്‍ ഓട്ടോമാറ്റികി 1.0 പതിപ്പിന് 15.75 ലക്ഷം രൂപയും 1.5 ലിറ്റര്‍ ടിഎസ്‌ഐ ഡിഎസ്ജി വേരിയന്റിന് 17.70 ലക്ഷം രൂപയുമായിരിക്കും എക്സ്ഷോറൂം വില.







