Kerala
തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങി മരിച്ചു
താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു.
നെടുങ്കണ്ടം| തമിഴ്നാട് തിരുച്ചന്തൂരില്‍ തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു. മീനാക്ഷി (12), അബിനയ(16) എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളായ ശങ്കറിന്റെയും ലക്ഷ്മിയുടെയും മക്കളാണ് ഇവര്‍. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.





