articles
ഏക ഭാഷ: ഇതാണ് കുറുക്കുവഴി
ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് രാജാധികാരവും അടിച്ചമര്‍ത്തലിന് ഭാഷ എങ്ങനെ പ്രയോജനപ്പെടുത്തിയോ അതിന്റെ പരിഷ്‌കരിച്ച മാതൃക നടപ്പാക്കുകയാണ് ആഭ്യന്തര അധിനിവേശം വിജയകരമായി പൂര്‍ത്തിയാക്കാന്‍ യത്‌നിക്കുന്ന സംഘ്പരിവാരവും അതിന്റെ അധികാരത്തിലെ പ്രതിനിധികളും.

കച്ചവടത്തിനെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി, അധികാരം പിടിക്കാന്‍ കച്ചകെട്ടിയ കാലത്തുതന്നെ ഇന്ത്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കാനും ശ്രമം തുടങ്ങിയിരുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള മനുഷ്യ വിഭവശേഷി, കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിക്കുക എന്നതിനൊപ്പം അടിച്ചമര്‍ത്തലിനുള്ള മാര്‍ഗങ്ങളിലൊന്ന് ഭാഷയിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന തിരിച്ചറിവും അവരെ അതിന് പ്രേരിപ്പിച്ചിട്ടുണ്ടാകണം. ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വായത്തമാക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന രാജ്യത്തെ സവര്‍ണ വിഭാഗക്കാര്‍ ബ്രിട്ടീഷ് ഭരണത്തിന്റെ വിശ്വസ്ത ദാസരായി മാറുകയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്തതിന് ദൃഷ്ടാന്തം ഏറെയുണ്ട്.
തങ്ങളുടെ ഭാഷ പഠിപ്പിച്ച്, അതുവഴി തൊഴിലും വരുമാനവും പ്രദാനം ചെയ്യുകവഴി അധികാരത്തോട് കൂറുള്ള വലിയൊരു വിഭാഗത്തെ സൃഷ്ടിച്ചെടുക്കുക കൂടിയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വതന്ത്ര ലോകത്തെക്കുറിച്ചുള്ള അറിവുകള്‍ നേടാനും അതുവഴി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കാനും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായവരെ സഹായിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍ അങ്ങനെ ചിന്തിച്ചവരേക്കാള്‍ പതിന്മടങ്ങായിരിക്കും ദാസ്യവേലക്ക് വഴിപ്പെട്ടവര്‍. അടിച്ചമര്‍ത്തലും ചൂഷണവും സമര്‍ത്ഥമായി നടത്തുന്നതിന് ഭൗതികമായ ആക്രമണത്തിനൊപ്പം ഭാഷയിലേക്കുള്ള നുഴഞ്ഞുകയറ്റവും ആവശ്യമാണെന്ന് മനസ്സിലാക്കിയിരുന്നു ബ്രിട്ടീഷുകാര്‍.
വൈദേശികാധിനിവേശത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നാട്ടുരാജാക്കന്മാര്‍ പലരും ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള പരദേശികളെയാണ് ഉന്നത ഉദ്യോഗങ്ങളില്‍ നിയമിച്ചിരുന്നത് എന്നതും ചരിത്ര വസ്തുതയാണ്. ബ്രിട്ടനുള്‍പ്പെടെയുള്ള അധിനിവേശ ശക്തികളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി, രാജകുടുംബത്തിന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുകയും അത് നിലനിര്‍ത്താന്‍ പാകത്തില്‍ ജനതയെയും മണ്ണിനെയും ചൂഷണം ചെയ്യാന്‍ അധിനിവേശ ശക്തികള്‍ക്ക് അവസരം നല്‍കുകയുമായിരുന്നു പരദേശികളായ ഉദ്യോഗസ്ഥരുടെ മുഖ്യ ദൗത്യം. അതില്‍ സഹികെട്ട് കൂടിയാണ് തിരുവിതാംകൂറില്‍ മലയാളി മെമ്മോറിയലൊക്കെ ഉയര്‍ന്നുവരുന്നത്.
സ്വാതന്ത്ര്യ സമരം ശക്തമാകുകയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ പിടി അയഞ്ഞു തുടങ്ങുകയും ചെയ്ത കാലത്ത് ഉദയം കൊണ്ട രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ സൈദ്ധാന്തികരും വര്‍ഗീയമായ അധിനിവേശം ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച ആശയങ്ങളില്‍ ഭാഷക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. സംസ്‌കൃതത്തെ മുന്നില്‍ നിര്‍ത്താനാണ് അവരാദ്യം ശ്രമിച്ചത്. അധികാരം നേടണമെങ്കില്‍ ഹിന്ദി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളില്‍ സ്വാധീനമുറപ്പിക്കണമെന്ന ചിന്തയില്‍ നിന്നാകണം, സംസ്‌കൃതത്തേക്കാള്‍ ഹിന്ദിക്ക് മുന്‍തൂക്കം നല്‍കണമെന്ന ആശയമുദിച്ചത്. രാഷ്ട്രത്തിന്റെ പൊതുഭാഷയായി ഹിന്ദിയെ സ്ഥാപിക്കണമെന്നും വ്യവഹാരങ്ങളൊക്കെ ഹിന്ദിയിലാക്കണമെന്നും അവര്‍ വാദിച്ചിരുന്നു. ശക്തമായ പ്രാദേശിക ഭാഷകളും അസംഖ്യം ഭാഷാഭേദങ്ങളും ഹിന്ദുമതമെന്ന ഒരൊറ്റച്ചരടില്‍ ജനതയെ കോര്‍ക്കുന്നതിന് തടസ്സമാകുമെന്നതിനാല്‍ ഏകീകരണത്തിന്റെ ആവശ്യകത നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ചുരുക്കം. തീവ്ര ഹിന്ദുത്വ അജന്‍ഡയുണ്ടായിരുന്നവരില്‍ മാത്രമല്ല, മൃദുഹിന്ദുത്വ വാദികള്‍ക്ക് ക്ഷാമമില്ലാതിരുന്ന കോണ്‍ഗ്രസ്സിലും ഹിന്ദി ഭാഷാ വ്യാപനം അനിവാര്യമാണെന്ന ചിന്തയുണ്ടായിരുന്നു.
നാനാത്വത്തില്‍ ഏകത്വമെന്ന ആശയം നിലനില്‍ക്കെത്തന്നെ കൂടുതല്‍ ഐക്യത്തിന് ഹിന്ദി പഠനം അനിവാര്യമാണെന്ന ചിന്ത ശക്തമായതുകൊണ്ടാണ് ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണമെന്ന ആവശ്യം നേടിയെടുക്കാന്‍ പോറ്റി ശ്രീരാമുലുവിന് ജീവത്യാഗം വേണ്ടിവന്നത്. അതേ ചിന്തയുടെ തുടര്‍ച്ചയിലാണ് ത്രിഭാഷാ പഠനം നടപ്പാക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിക്കുന്നതും ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുള്ള 1963ലെ നിയമനിര്‍മാണവും. ഇതെല്ലാം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞ്, അതിനോട് വലിയ തോതില്‍ കലഹിച്ചത് തമിഴ്‌നാട്ടുകാരായിരുന്നു. ആ പ്രക്ഷോഭത്തെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്താന്‍ തീരുമാനിച്ച ഭരണകൂടത്തിന്റെ ദുശ്ശാഠ്യത്തിന് ഇരയാക്കപ്പെട്ടത് നിരവധി പേര്‍. അതോടെ തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസ്സ് ഏതാണ്ട് പിഴുതെറിയപ്പെട്ടു. 1967ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിരുധുനഗര്‍ മണ്ഡലത്തില്‍ കാമരാജനാടാര്‍ പോലും പരാജയത്തിന്റെ രുചിയറിഞ്ഞു.
ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ ശ്രമത്തെയും അതിന് പിന്നിലെ സാമര്‍ഥ്യത്തെയും കാണാന്‍. കേന്ദ്ര സര്‍വകലാശാലകള്‍, സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കുന്ന ഉയര്‍ന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധ്യയന മാധ്യമം ഹിന്ദിയാക്കണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലിമെന്ററി സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. അതിനൊപ്പം കേന്ദ്ര സര്‍വീസിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയില്‍ ആംഗലേയ ചോദ്യങ്ങളാണ് നിലവില്‍ നിര്‍ബന്ധമായിരിക്കുന്നത്. അതൊഴിവാക്കി ഹിന്ദി ഭാഷയിലെ ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കുകയും ആംഗലേയ ചോദ്യങ്ങള്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഇല്ലാതാക്കുകയും ചെയ്യണമെന്നാണ് ശിപാര്‍ശ. പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷന്‍ അമിത് ഷാ ആകയാല്‍, ഈ ശിപാര്‍ശ വൈകാതെ അംഗീകരിക്കപ്പെടുമെന്ന് തന്നെ കരുതണം. അതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയന മാധ്യമം ഹിന്ദിയായി മാറും. കേന്ദ്ര സര്‍വീസില്‍ ജോലിക്ക് ശ്രമിക്കുന്നവരുടെ എഴുത്തുപരീക്ഷാ മാധ്യമം ഹിന്ദിയുമാകും (ആംഗലേയത്തിലെ ചോദ്യങ്ങള്‍ നിര്‍ബന്ധമല്ലെന്ന പഴുത് സ്റ്റാഫ് സെലക്്ഷന്‍ കമ്മീഷനുള്‍പ്പെടെയുള്ളവ പൂര്‍ണമായി വിനിയോഗിക്കും).
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കണമെന്നും കേന്ദ്ര സര്‍വീസിലെ ജോലിക്ക് അപേക്ഷിക്കണമെന്നും ആഗ്രഹിക്കുന്ന പുതിയ തലമുറയില്‍പ്പെട്ടവര്‍ താഴേത്തലം മുതല്‍ ഹിന്ദി പഠിക്കാനും ആ ഭാഷയില്‍ പ്രാവീണ്യം നേടാനും മത്സരിക്കും. ഭാവിയില്‍ ഗുണമേകാത്ത പ്രാദേശിക ഭാഷയെ തഴയാന്‍ (ആംഗലേയത്തിന്റെ പ്രാമാണികത്വം മൂലം ഇപ്പോള്‍ തന്നെ ആ പ്രവണതയുണ്ട്) മടികാണിക്കുകയുമില്ല. അതോടെ ഹിന്ദി ഭാഷാ പഠനമെന്നത് പുതിയ തലമുറയുടെ അനിവാര്യമായ ആവശ്യമായി മാറും. കാലക്രമത്തില്‍ ഹിന്ദി എന്നത് രാഷ്ട്രത്തിന്റെ ഏക ഭാഷയായി മാറുകയും ചെയ്യുമെന്നതാണ് സങ്കല്‍പ്പം.
ഒരു രാജ്യം, ഒരു നിയമം, ഒരു തിരഞ്ഞെടുപ്പ് എന്നീ ഗണത്തില്‍ ഒരു ഭാഷ എന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അജന്‍ഡ നടപ്പാക്കുന്നതിനുള്ള കുറുക്കുവഴിയാണ് പാര്‍ലിമെന്ററി സമിതിയുടെ ശിപാര്‍ശ. ജനാധിപത്യമെന്നത് അഞ്ചാണ്ട് കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതില്‍ വിജയിക്കുന്നവര്‍ അധികാരമേല്‍ക്കലും മാത്രമല്ല. ഭാഷ, വേഷം, ഭക്ഷണം, ജീവിതചര്യകള്‍ എന്നിവയിലൊക്കെ വ്യത്യസ്തത പുലര്‍ത്തുന്ന ജനവിഭാഗങ്ങളെ അംഗീകരിക്കലും അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യങ്ങള്‍ പിന്തുടരാന്‍ അനുവാദം നല്‍കലും കൂടിയാണ്. അതുകൊണ്ടാണ് ഹിന്ദിക്കും ഇംഗ്ലീഷിനുമൊപ്പം പ്രമുഖമായ പ്രാദേശിക ഭാഷകളെക്കൂടി രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാന്‍ മുന്‍കാലങ്ങളില്‍ നിശ്ചയിച്ചത്. അങ്ങനെ അംഗീകരിക്കുമ്പോഴാണ് വൈവിധ്യ സമൃദ്ധമായ ഒരു ഭൂപ്രദേശം ഒരൊറ്റ യൂനിറ്റായി, ഇന്ത്യന്‍ യൂനിയന്‍ എന്ന പേരില്‍ നിലനില്‍ക്കുക.
വിശാലമായ ആ ജനാധിപത്യ സമ്പ്രദായത്തില്‍ വിശ്വസിക്കാത്ത, ഹിന്ദു മതത്തില്‍ വിശ്വസിക്കുകയോ അതിന്റെ പാരമ്പര്യം പേറുന്നുവെന്ന് പ്രഖ്യാപിക്കുകയോ ചെയ്യാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാന്‍ യോഗ്യരല്ലെന്ന് പ്രഖ്യാപിക്കുന്ന തീവ്ര ഹിന്ദുത്വം, അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഭാഷയറിയാത്തവരോ അതില്‍ പ്രാവീണ്യമില്ലാത്തവരോ ഉന്നത വിദ്യാഭ്യാസത്തിനോ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കോ അര്‍ഹരല്ലെന്ന് പറയുമ്പോള്‍ ഇതര ഭാഷ സംസാരിക്കുന്നവരെയും ആ സംസ്‌കൃതിയില്‍ തുടര്‍ന്നും ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരെ രണ്ടാം തരക്കാരോ അകറ്റി നിര്‍ത്തേണ്ടവരോ ഒക്കെയായി മാറ്റുകയാണ്. അവ്വിധത്തിലേക്ക് മാറാതിരിക്കണമെങ്കില്‍ അവര്‍ പഠിക്കുന്ന ഭാഷയില്‍ പഠിച്ച്, അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഭാഷയില്‍ പരീക്ഷയെഴുതി തൊഴിലും വരുമാനവും ആര്‍ജിച്ച് ദാസ്യവൃത്തി അനുഷ്ഠിക്കേണ്ടതാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് രാജാധികാരവും അടിച്ചമര്‍ത്തലിന് ഭാഷ എങ്ങനെ പ്രയോജനപ്പെടുത്തിയോ അതിന്റെ പരിഷ്‌കരിച്ച മാതൃക നടപ്പാക്കുകയാണ് ആഭ്യന്തര അധിനിവേശം വിജയകരമായി പൂര്‍ത്തിയാക്കാന്‍ യത്‌നിക്കുന്ന സംഘ്പരിവാരവും അതിന്റെ അധികാരത്തിലെ പ്രതിനിധികളും.
തെലുങ്കരുടെ ആത്മാഭിമാനത്തിന്റെ തുടര്‍ച്ചയാണ് രാജ്യത്തെ ഭാഷാധിഷ്ഠിത സംസ്ഥാനങ്ങള്‍. അതേ ആത്മാഭിമാനത്തെ രാഷ്ട്രീയവത്കരിച്ചാണ് എന്‍ ടി രാമറാവു ആന്ധ്രയില്‍ വിജയം കൊയ്തത്. കന്നഡ, മറാത്തി, ഒറിയ, ബംഗാളി എന്നീ ഭാഷകളൊക്കെ സ്വന്തം സംസ്‌കാരം നിര്‍മിച്ചെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പശ്ചിമ ബംഗാളില്‍ വെന്നിക്കൊടി പാറിക്കാന്‍ തീവ്ര വര്‍ഗീയത ആയുധമാക്കി എത്തിയവരെ മമതാ ബാനര്‍ജി തോല്‍പ്പിച്ചോടിച്ചത് ബംഗാളി അഭിമാനം ഉണര്‍ത്തിയെടുത്താണ്.
1965ലെ ഹിന്ദിവിരുദ്ധ സമരത്തിന്റെ അഗ്നി അണയാതെ കിടക്കുന്നുണ്ട് തമിഴ് നാട്ടില്‍. ആ സമരത്തിന് നേതൃത്വം കൊടുത്തവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മുത്തുവേല്‍ കരുണാനിധിയുടെ മകന്‍ സ്റ്റാലിന് ഭാഷയുടെ അഗ്നി നന്നായി മനസ്സിലാകുന്നുമുണ്ട്. ഏത് പരിഷ്‌കാരത്തെയും എളുപ്പത്തില്‍ സ്വീകരിക്കുമെങ്കിലും മലയാളിക്ക് അവന്റെ ഭാഷ ഇപ്പോഴും വലുത് തന്നെയാണ്. ഭാഷാ അസ്തിത്വം നിലനിര്‍ത്തുന്ന, അത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്ര മധ്യത്തിലും വടക്കുകിഴക്കന്‍ മേഖലയിലും വേറെയുമുണ്ട്. ആയതിനാല്‍ ഹിന്ദി പരോക്ഷമായി അടിച്ചേല്‍പ്പിക്കുക എന്ന തീരുമാനവുമായി അമിത് ഷാ – മോദി സഖ്യം മുന്നോട്ടുപോകട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. അതിന് രാഷ്ട്രീയ സ്വയം സേവക് സംഘ് പൂര്‍ണ പിന്തുണ നല്‍കട്ടെ എന്നും. ഇന്ത്യന്‍ യൂനിയന്റെയും അവിടെ നിലനിന്നിരുന്ന ജനാധിപത്യത്തിന്റെയും തിരിച്ചെടുപ്പിന് ഒരുപക്ഷേ, അത് സഹായകമായേക്കും.