Connect with us

Saudi Arabia

ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയായിട്ട് 20 വര്‍ഷം; സ്ഥാനാരോഹണ ദിനത്തില്‍ നഗരത്തിലുടനീളം ആഘോഷം

രണ്ട് പതിറ്റാണ്ടിനുള്ളില്‍ ദുബൈയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് സാധിച്ചു.

Published

|

Last Updated

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയുടെ ഭരണാധികാരിയായി ചുമതലയേറ്റിട്ട് 20 വര്‍ഷം തികയുന്നു. 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് അധികാരമേറ്റത്. ഈ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ദുബൈയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് സാധിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ദുബൈ മെട്രോ, ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുടങ്ങി ലോകം അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ഒട്ടേറെ പദ്ധതികളാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായത്. എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

സ്ഥാനാരോഹണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരത്തില്‍ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഡമാക് ഗ്രൂപ്പ് ഇന്ന് വൈകം ജെ ബി ആര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡ്രോണ്‍ ഷോകള്‍ സംഘടിപ്പിച്ചു. ദുബൈയുടെ 20 വര്‍ഷത്തെ വളര്‍ച്ചയുടെ കഥ പറയുന്ന ദൃശ്യവിസ്മയമാണ് ആകാശത്ത് തെളിഞ്ഞത്.

സഫ വണ്‍, ദമാക് ടവര്‍ തുടങ്ങിയ പ്രമുഖ കെട്ടിടങ്ങളില്‍ ശൈഖ് മുഹമ്മദിന്റെ നേട്ടങ്ങളെ ആദരിച്ചുകൊണ്ടുള്ള വലിയ ബാനറുകള്‍ ഉയര്‍ത്തി.

ഭാവിയിലേക്ക്
‘അസാധ്യമായി ഒന്നുമില്ല’ എന്ന സന്ദേശം നല്‍കി, അടുത്ത തലമുറക്ക് പ്രചോദനമാകുന്ന വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു.

2026-നെ കുടുംബ വര്‍ഷമായി യു എ ഇ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, കുടുംബ ബന്ധങ്ങളുടെ ഭദ്രതക്കും സാമൂഹിക വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

 

Latest