ipl 2021
നാണംകെട്ട് രാജസ്ഥാന്‍; ദയനീയ തോല്‍വി
തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയെങ്കിലും മുംബൈ ഇനിയും അവസരമുണ്ട്
ഷാര്‍ജ | ഐ പി എല്ലില്‍ സീസണിലെ 51-ാം മത്സരത്തില്‍ രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മുന്നോട്ട് വെച്ച 90 റണ്‍സ് എന്ന ഏറ്റവും മോശം സ്‌കോര്‍ മുംബൈ 8.2 ഓവറില്‍ മറികടന്നു.
സ്‌കോര്‍: രാജസ്ഥാന്‍- 90/9 (20), മുംബൈ- 94/2 (8.2).
ടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാജസ്ഥാന്‍ നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്ക സ്‌കോര്‍ കടന്നത്. 19 പന്തില്‍ 24 റണ്‍സ് നേടിയ എവിന്‍ ലൂയിസ് മാത്രമാണ് മാന്യമായ സ്‌കോര്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആറ് പന്തില്‍ നിന്ന് മൂന്ന് റണ്‍സുമായി പുറത്തായി.
നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടു നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈലും 12 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജിമ്മി നീഷവുമാണ് രാജസ്ഥാനെ എറിഞ്ഞിട്ടത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 13 പന്തില്‍ 22 റണ്‍സും 8 പന്തില്‍ നിന്ന് സൂര്യകുമാര്‍ യാദവ് 13 റണ്‍സും നേടി. പുറത്താവാതെ 25 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈ ബാറ്റിംഗിലെ സൂപ്പര്‍ സ്റ്റാര്‍.
രാജസ്ഥാന് വേണ്ടി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സകറിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയെങ്കിലും മുംബൈ ഇനിയും അവസരമുണ്ട്.