Connect with us

editorial

സമാധാന ചര്‍ച്ചക്കിടെ വീണ്ടും യുദ്ധനിഴൽ

സമാധാന ചര്‍ച്ചകള്‍ നയതന്ത്ര നാടകമാകാതെ ലക്ഷ്യം കാണണമെങ്കില്‍ യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ലെന്ന പാഠം ഇരുകക്ഷികളും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത് ആ മേഖലക്ക് മാത്രമല്ല, ലോകസമാധാനത്തി നും ആഗോള സാമ്പത്തിക സ്ഥിരതക്കും ആവശ്യമാണ്.

Published

|

Last Updated

രണ്ട് മാസത്തിലേറെയായി പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന അമേരിക്ക, ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ, ഹോര്‍മുസ് കടലിടുക്ക് വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു. ഒറ്റപ്പേജുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇരുരാഷ്ട്രങ്ങളും പ്രാഥമിക ധാരണയിലെത്തിയെന്നായിരുന്നു, സമാധാന പുനഃസ്ഥാപന ശ്രമങ്ങളില്‍ പങ്കാളിയായ ഒരു പാക് വക്താവിനെ ഉദ്ധരിച്ച് വ്യാഴാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുമെന്നും ചരക്ക് ഗതാഗതം പുനരാരംഭിക്കുമെന്നും ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടത്തിയ ഉപരോധം ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നും വിലയിരുത്തപ്പെടുകയും ചെയ്തു.

അതിനിടെയാണ് ഏപ്രില്‍ ഏഴിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ കാലത്ത് ഹോര്‍മുസ് കടലിടുക്കില്‍ ഇറാനു നേരെ അമേരിക്ക കനത്ത ആക്രമണം അഴിച്ചുവിട്ടത്. ഇറാനിലെ ബന്ദര്‍ഖമീറിലേതുള്‍പ്പെടെയുള്ള സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡാണ് വ്യോമാക്രമണം നടത്തിയത്. മുതിര്‍ന്ന ഒരു യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസാണ് ആക്രമണ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെ അമേരിക്കന്‍ സൈന്യത്തിനു നേരെ ഇറാനും വെടിയുതിര്‍ത്തു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ സജ്ജീകരണങ്ങളെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമല്ല, പ്രതിരോധപരമായ നീക്കമാണിതെന്നുമാണ് ആക്രമണം സംബന്ധിച്ച് അമേരിക്കയുടെ വിശദീകരണം. യു എസ് നാവിക സേനയുടെ നശീകരണ കപ്പലുകള്‍ ഹോര്‍മുസ് ജലപാത വഴി ഒമാന്‍ ഉള്‍ക്കടലിലേക്ക് പോകുമ്പോള്‍ ഇറാനിയന്‍ സൈന്യം മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നുവത്രെ. ഇതിനുള്ള പ്രതികാരമാണ് അമേരിക്കന്‍ ആക്രമണമെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ തുടരുന്നു.

“സ്‌നേഹപൂര്‍വമുള്ള ആക്രമണ’മെന്നാണ് ഈ സൈനിക നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്‍ എത്രയും വേഗം സമാധാന കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ അവര്‍ കൂടുതല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടു വെച്ച പതിനാലിന നിര്‍ദേശങ്ങളെ കേന്ദ്രീകരിച്ചാണ് പാകിസ്താനില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഈ നിര്‍ദേശങ്ങളത്രയും അമേരിക്ക അംഗീകരിക്കാന്‍ സാധ്യതയില്ല.

ഇസ്‌ലാമാബാദില്‍ സമാധാന ചര്‍ച്ച തുടരവെ ഇരുരാഷ്ട്രങ്ങളും പരസ്പരം വെടിയുതിര്‍ക്കുന്നത് സമാധാന കരാറിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പരസ്പര വിശ്വാസമില്ലാത്ത ചര്‍ച്ചകളിലൂടെ സ്ഥാപിതമാകുന്ന കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും സ്ഥിരതയുണ്ടാകില്ല. യഥാര്‍ഥത്തില്‍ യുദ്ധം ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ആഗ്രഹമില്ല. എത്രയും വേഗം അവസാനിച്ചു കിട്ടണമെന്നാണ് അമേരിക്കയുടെയും ഇറാന്റെയും താത്പര്യം. കനത്ത ആഭ്യന്തര സംഘര്‍ഷമാണ് യുദ്ധത്തെ ചൊല്ലി ഇരുരാജ്യങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത്. ട്രംപ് യുദ്ധത്തിലേക്ക് എടുത്തുചാടിയതിനെതിരെ രൂക്ഷമായ എതിര്‍പ്പാണ് അമേരിക്കയില്‍ നിന്ന് ഉയരുന്നത്. ന്യൂജഴ്‌സി സുപ്പീരിയല്‍ കോടതി മുന്‍ ജഡ്ജിയും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ ആന്‍ഡ്ര്യൂ നപ്പോലിറ്റാനോ, മുന്‍ യു എസ് സൈനിക ഉദ്യോഗസ്ഥന്‍ തുള്‍സി ഗബ്ബാര്‍ഡ്, റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് റോണ്‍പോള്‍ തുടങ്ങിയവര്‍ ട്രംപിന്റെ യുദ്ധവെറിയെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം അമേരിക്കക്ക് നഷ്ടവും ദുരന്തവും മാത്രമേ വരുത്തിയിട്ടുള്ളൂവെന്നാണ് ആന്‍ഡ്ര്യൂ നപ്പോലിറ്റാനോയുടെ പക്ഷം. യുദ്ധം കൊണ്ട് അമേരിക്ക തന്ത്രപരമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. അതേസമയം ആഭ്യന്തര പണപ്പെരുപ്പം വര്‍ധിക്കുകയും യൂറോപ്യന്‍ സഖ്യകക്ഷികളെ അകറ്റുകയും ഇറാനെ ശക്തമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തുകയും ഇന്ധനവില ഉയര്‍ത്തുകയും ചെയ്തു. ട്രംപിന്റെ അന്താരാഷ്ട്ര വിശ്വാസ്യതക്കും യുദ്ധം മങ്ങലേല്‍പ്പിച്ചു. ഇറാന്റെ സൈനിക നീക്കങ്ങള്‍ നേരിടുന്നതില്‍ അമേരിക്കന്‍ തന്ത്രങ്ങള്‍ പരാജയപ്പെട്ടുവെന്നും ട്രംപിന്റെ ഇസ്‌റാഈല്‍ വിധേയത്വമാണ് യുദ്ധത്തിന് കാരണമെന്നും പ്രസ്സ് ടി വിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വിലയിരുത്തി.

അമേരിക്കയിലെ സാധാരണക്കാരനും അനുഭവിക്കേണ്ടി വരുന്നു ട്രംപിന്റെ എടുത്തുചാട്ടത്തിന്റെ തിക്തഫലം. നികുതിപ്പണം യുദ്ധാവശ്യങ്ങള്‍ക്കായി വഴിമാറ്റപ്പെടുന്നത് രാജ്യത്തിന്റെ വികസനവും ആരോഗ്യപരിപാലനവും പിറകോട്ടടിക്കാന്‍ ഇടയാക്കുന്നുവെന്ന വിമര്‍ശം ശക്തമാണ്. ഇറാന്റെ സൈനിക ശക്തി കുറയ്്ക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഫലത്തില്‍ ഇറാന്‍ കൂടുതല്‍ കരുത്ത് നേടുകയാണുണ്ടായത്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും പ്രാദേശിക സഖ്യങ്ങള്‍ ബലപ്പെടുത്താനും ഇറാന് ഇത് അവസരമൊരുക്കി. യുദ്ധം കൊണ്ട് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താനാകില്ലെന്ന പാഠമാണ് ഇത് നല്‍കുന്നത്.

അമേരിക്കക്കും ഇത് ബോധ്യപ്പെടായ്കയല്ല. ട്രംപിന്റെ “ഈഗോ’യാണ് പിന്മാറ്റത്തിനു തടസ്സം. ഇറാനു മുമ്പില്‍ മുട്ടുമടക്കിയിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ചാണക്യതന്ത്രം. സമാധാന ചര്‍ച്ചകള്‍ നയതന്ത്ര നാടകമാകാതെ ലക്ഷ്യം കാണണമെങ്കില്‍ യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ലെന്ന പാഠം ഇരുകക്ഷികളും ഉള്‍ക്കൊള്ളേണ്ടതുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത് ആ മേഖലക്ക് മാത്രമല്ല, ലോകസമാധാനത്തിനും ആഗോള സാമ്പത്തിക സ്ഥിരതക്കും ആവശ്യമാണ്.

Latest