Connect with us

ksrtc students concession

വിദ്യാർഥി യാത്രാ കൺസഷൻ നിയന്ത്രണം: കെ എസ് ആർ ടി സി തീരുമാനം പിൻവലിക്കണമെന്ന് എസ് എഫ് ഐയും കെ എസ് യുവും

പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് എസ് എഫ് ഐയും കെ എസ് യുവും

Published

|

Last Updated

തിരുവനന്തപുരം | വിദ്യാർഥികളുടെ യാത്രാ കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തിനെതിരെ വിദ്യാർഥി സംഘടനകൾ. സി പി എമ്മിൻ്റെ വിദ്യാർഥി സംഘടന എസ് എഫ് ഐയും കോൺഗ്രസിൻ്റെ കെ എസ് യുവും തീരുമാനം പിൻവലിക്കണമെന്ന് കെ എസ് ആർ ടി സി മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.

കേരളത്തിലെ വിദ്യാർഥി സമൂഹം ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ യാത്രാ കൺസഷൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന സമീപനമാണ് കെ എസ് ആർ ടി സി മാനേജ്മെൻ്റ് സ്വീകരിക്കുന്നതെന്ന് എസ് എഫ് ഐ പ്രസ്താവനയിൽ പറഞ്ഞു. കൺസഷൻ നൽകുന്നതിന് മാനേജ്മെൻ്റ് സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പുതിയ ഉത്തരവ് മൂലം കൺസഷൻ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകും. സർക്കാർ – എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാർഥികളെയും ഉത്തരവ് ബാധിക്കും.

വിദ്യാർഥി യാത്രാ കൺസഷൻ്റെ പ്രായപരിധി 25 ആയി നിജപ്പെടുത്തിയ നടപടിയും അംഗീകരിക്കാനാകില്ല. ആയതിനാൽ വിദ്യാർഥി യാത്രാ കൺസഷനുമായി ബന്ധപ്പെട്ട കെ എസ് ആർ ടി സിയുടെ പുതിയ തീരുമാനം ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം വലിയ വിദ്യാർഥി പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥി കൺസഷൻ അട്ടിമറിക്കാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ എസ് യു അറിയിച്ചു. കൺസഷൻ വിദ്യാർഥികളുടെ അവകാശമാണ്, കെ എസ് ആർ ടി സി. എം ഡി യുടെ ഔദാര്യമല്ല. കെ എസ് ആർ ടി സിയുടെ കെടുകാര്യസ്ഥതയിൽ വിദ്യാർഥികളുടെ മേലിൽ കയറേണ്ടതില്ല.

അൺ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ മറ്റു സ്ഥാപനങ്ങളിലേതു പോലെ കൺസഷൻ അവകാശമുള്ളവരാണ്. അവരെ കൺസഷൻ നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല. 25 വയസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് കൺസഷൻ നൽകില്ല എന്നുള്ള നിലപാട് വിദ്യാർഥി വിരുദ്ധമാണ്. വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയിട്ട് പുനരാരംഭിച്ചിട്ടുള്ള നിർധന വിദ്യാർഥികളെ പഠനത്തിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
വിദ്യാർഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരംതിരിക്കുന്ന സമീപനമാണ് സർക്കാർ എ പി എൽ, ബി പി എൽ എന്ന നിലയിൽ വിദ്യാർഥി കൺസഷൻ വേർതിരിക്കുന്നതിലൂടെ സൃഷ്ടിക്കുന്നത്. വിദ്യാർഥി വിരുദ്ധമായ കെ എസ് ആർ ടി സിയുടെ പുതിയ നയങ്ങളോട് പ്രതിഷേധിക്കുവാൻ മുഴുവൻ വിദ്യാർഥി സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്നുവെന്നും കെ എസ് യു പ്രസ്താവനയിൽ പറഞ്ഞു.