Kerala
കനത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്
ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം| കനത്ത് ചൂട് കാരണം സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെ എത്തിയേക്കും. താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളില്‍ നേരിയ ഒറ്റപ്പെട്ടെ മഴക്കും സാധ്യത ഉണ്ട്.
കടുത്ത ചൂട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക.




