Kerala
മഅ്ദിന്‍ 30-ാം വാര്‍ഷികം: സയ്യിദ് ബുഖാരിയുടെ യു എസ്-കാനഡ പര്യടനത്തിന് നാളെ തുടക്കം
മഅ്ദിന്‍ അക്കാദമിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട വിദ്യാഭ്യാസ-മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളുടെ സന്ദേശം ആഗോളതലത്തില്‍ എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.
മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷിക മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ യു എസ്-കാനഡ പര്യടനത്തിന് നാളെ (ഏപ്രില്‍ 22, ബുധന്‍) തുടക്കം കുറിക്കും. അമേരിക്കയുടെ 50-ാമത്തെ സംസ്ഥാനവും പസഫിക് സമുദ്രത്തിലെ മനോഹരമായ ദ്വീപ് സമൂഹവുമായ ഹവായിലാണ് ആദ്യ പരിപാടി. ബ്രിഗാം യംഗ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘മതവും മാനുഷിക പുരോഗതിയും: ദക്ഷിണേഷ്യയില്‍ സമാധാനപരമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍’ എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അദ്ദേഹം പ്രബന്ധമവതരിപ്പിക്കും. നിയമ വിദഗ്ധര്‍, പണ്ഡിതന്മാര്‍, മതനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ സംഗമം, ഇരുനൂറ് കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ദക്ഷിണേഷ്യന്‍ മേഖലയില്‍ നിയമം, മതം, വിദ്യാഭ്യാസം എന്നിവയിലൂടെ മാനുഷിക അന്തസ്സ് എങ്ങനെ സംരക്ഷിക്കാമെന്ന് ചര്‍ച്ച ചെയ്യും.
‘ഏക് പരിവാര്‍, ഏക് മാനവത’-ഒരു കുടുംബം, ഒരു മാനവികത എന്ന പ്രമേയത്തിലൂന്നിയ ചര്‍ച്ചകളില്‍ അദ്ദേഹം പങ്കുചേരും. വൈവിധ്യങ്ങളെ സഹകരണത്തിന്റെയും അതിജീവനത്തിന്റെയും ശക്തിയായി മാറ്റുന്നതിനെക്കുറിച്ചും, മതം ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ദക്ഷിണേഷ്യന്‍ സാഹചര്യങ്ങളില്‍ ഇത് എങ്ങനെ പ്രായോഗികമാക്കാം എന്നതിനെക്കുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച സമാപിക്കും.
ഹവായിലെ സെഷനുകള്‍ക്ക് ശേഷം സാന്‍ഫ്രാന്‍സിസ്‌കോ, ഡാളസ്, ന്യൂയോര്‍ക്ക്, സിയാറ്റില്‍ എന്നിവിടങ്ങളില്‍ വിവിധ അക്കാദമിക്, ആത്മീയ വ്യക്തിത്വങ്ങളുമായും സംഘടനകളുമായും ആശയവിനിമയം നടത്തും.
തുടര്‍ന്ന് കാനഡയിലെ വാന്‍കൂവര്‍, വിക്ടോറിയ, ടൊറന്റോ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ 25, 26 തിയ്യതികളില്‍ കാലിഫോര്‍ണിയ ബെ ഏരിയയിലും 29ന് ഡാളസിലും മെയ് രണ്ടിന് വാന്‍കൂവറിലും മെയ് മൂന്നിന് ടൊറന്റോയിലും സയ്യിദ് ബുഖാരിക്ക് പ്രത്യേക സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. മഅ്ദിന്‍ അക്കാദമിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട വിദ്യാഭ്യാസ-മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളുടെ സന്ദേശം ആഗോളതലത്തില്‍ എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഉമര്‍ മേല്‍മുറിയും യാത്രയില്‍ ഖലീലുല്‍ ബുഖാരി തങ്ങളോടൊപ്പമുണ്ട്.




