Kerala
വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍
അപകട കാരണം, അനന്തര ഫലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ ഡി ഒയെ ചുമതലപ്പെടുത്തി.
തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍. അപകട കാരണം, അനന്തര ഫലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ ഡി ഒയെ ചുമതലപ്പെടുത്തി.
സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററി (Kerala State Disaster Management Authorityകെ എസ് ഡി എം എ) ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണെന്നും കെ എസ് ഡി എം എ അറിയിച്ചു.
ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. തുടര്‍ന്ന് നിരവധി സ്ഫോടനങ്ങളുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് ഇവിടെയുണ്ടായിരുന്നു.
സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാനും സമീപത്തെ മറ്റ് ആശുപത്രികളും സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.



