Kerala
തൃശൂര്‍ സ്‌ഫോടനം: പരുക്കേറ്റവരുടെ ചികിത്സക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി
13 പേരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പരുക്കേറ്റവരുടെ ചികിത്സക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ മൊത്തം സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. 13 പേരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കണം. വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പിലെ സംവിധാനങ്ങള്‍, റവന്യൂ, ദുരന്തനിവാരണ വകുപ്പുകള്‍ എന്നീ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.






