അതിഥി വായന
കാൽപന്തിൽ വിരിഞ്ഞ മലബാർ മഹിമ
മലബാറിനുമാത്രം അവകാശപ്പെടാനാകുന്ന പന്തുകളിയുടെ ദൃശ്യചാരുതയാണ് സെവൻസ് മൈതാനങ്ങളിൽ നിന്നുയരുന്ന ആവേശാരവങ്ങൾ.
കാൽപന്ത് ലഹരി സിരകളിലോടുന്ന ഫുട്ബോൾ ഭ്രാന്തന്മാരുടെ നാട്’ എന്നൊരു വിശേഷണം മലബാറുകാർക്ക് ആരോ ചാർത്തിക്കൊടുത്തിട്ടുണ്ട്. അതിൽത്തന്നെ സെവൻസ് ഫുട്ബോൾ എന്നു അടിവരയിടേണ്ടതുമുണ്ട്. ഇതൊരു ആലങ്കാരിക പ്രയോഗം മാത്രമല്ല, കാരണം, ലോക ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരിടത്തും സെവൻസ് ഫുട്ബോൾ മത്സരങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്നത്ര പ്രാധാന്യമില്ല. മലബാറിനുമാത്രം അവകാശപ്പെടാനാകുന്ന പന്തുകളിയുടെ ദൃശ്യചാരുതയാണ് സെവൻസ് മൈതാനങ്ങളിൽ നിന്നുയരുന്ന ആവേശാരവങ്ങൾ. അതിന്റെ ചരിത്രവും പടയോട്ടങ്ങളും ഒരു ഫിക്്ഷൻ രൂപത്തിൽ വായനക്കാരിലേക്ക് വരച്ചിടുന്ന പുസ്തകമാണ് വി എം സുബൈർ എന്ന പത്രപ്രവർത്തകന്റെ തൂലികയിൽ നിന്നും പിറവികൊണ്ട ” സെവൻസ് മലബാറിന്റെ ഫുട്ബോൾ പെരുമ’ എന്ന നോവൽ.
തിരൂരങ്ങാടി കോളജ് ടീമിലെ അംഗമായിരുന്ന ഷമീർ അബൂദബിയിലെ ഫ്ലാറ്റിലിരുന്ന് നാട്ടിൽ ഇട്ടേച്ചു പോന്ന കാൽപന്തുകളിയുടെ ഗൃഹാതുര സ്മരണകളിലൂടെ സെവൻസ് ഫുട്ബോൾ മലബാറിൽ വേരുറച്ചതിന്റെ ചരിത്രം പറയുന്നു. ഒപ്പം ജസീം , ഖത്വറിലെ ഈസ, ഡോ. അലക്സ് ജോസഫ് തുടങ്ങിയവരും അതിൽ പങ്കു ചേരുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം നോവൽ ഭാഷ്യമായി മാറുന്നു. നാട്ടിലെ സെവൻസിന്റെ ആരവങ്ങൾ ശരിക്കും ഗൾഫ് മരുഭൂമികളിലും മാറ്റൊലി കൊള്ളുമ്പോൾ മലബാറിന്റെ ഫുട്ബാൾ പെരുമയുടെ പ്രചാരണം കടൽ കടന്ന് സഞ്ചരിച്ചതും പുസ്തകം പകർന്നുനൽകുന്ന അറിവിൽ പെടുന്നു.
ഒരു വശത്ത് പട്ടാളക്കാരുടെ ബൂട്ടണിഞ്ഞ ടീം, മറുവശത്ത് ബൂട്ട് കെട്ടാതെ തുണി മാത്രമുടുത്ത് നാട്ടുകാരും. കളത്തിൽ റഫറിയുടെ വിസിൽ മുഴങ്ങിയതോടെ മലപ്പുറത്തെ കവാത്തുപറമ്പിൽ (പിന്നീട് കോട്ടപ്പടി സ്‌റ്റേഡിയമായി മാറിയ സ്ഥലം ) തുടക്കമിട്ട പടപ്പുറപ്പാടിന്റെ ചിത്രം ഷമീറിന്റെ മനസ്സിൽ കോളിളക്കം സൃഷ്ടിച്ചതിലൂടെ കാൽപന്തിന്റെ ചടുലതയും സൗന്ദര്യവും ജനമനസ്സുകളെ സ്വാധീനിച്ചതിന്റെ ചരിത്രം നോവലിലുടനീളം ഇതൾ വിരിയുന്നു.
പട്ടാളക്കാരുടെ കൂടെ പന്തുതട്ടി കളിച്ചു വളർന്ന മലപ്പുറം അസീസ് പറഞ്ഞുകൊടുത്ത ആ കാലഘട്ടത്തെ ത്രസിപ്പിച്ച് മൈതാനങ്ങളിൽ ആവേശം വിതറിയ കളിക്കാരുടെ പേരുകളിൽ പലരും ഇപ്പോഴത്തെ പുതുതലമുറക്കും സുപരിചിതമാണ്.
അതിൽ കവാത്തുപറമ്പിൽ പന്തുതട്ടി വളർന്ന് പിൽക്കാലത്ത് ഇന്ത്യൻ ടീമിന്റെ അമരക്കാരനായി മാറിയ മൊയ്തീൻ കുട്ടി, എം ആർ സി കൊറ്റൻ, അക്ബറലി മമ്പാട്, എം ആർ സി കുഞ്ഞൻ, പെരിന്തൽമണ്ണ കുഞ്ഞാപ്പ, മമ്പാട് അബ്ദുർറഹ്മാൻ , അരീക്കോട്ടുനിന്നും തെരട്ടമ്മലിൽ നിന്നും ഇന്ത്യൻ ഫുട്ബാളിന്റെ നെറുകയിൽ സ്ഥാനം പിടിച്ച യു മുഹമ്മദ്, നൗഷാദ് പ്യാരി, ബഷീർ അഹമ്മദ്, യു ഷറഫലി, തൃശൂരിൽ നിന്നും ഐ എം വിജയൻ, കെ ടി ചാക്കോ, സെവൻസിന്റെ കോഴിക്കോടൻ എക്സ്പ്രസ്, പ്രേംനാഥ് ഫിലിപ്പ്… തുടങ്ങി നിരവധി താരങ്ങൾ പിൽക്കാലത്ത് സെവൻസ് ഫുട്ബാളിലും ആധിപത്യമുറപ്പിച്ചതിന്റെ ചരിത്രം വായിച്ചെടുക്കാം.
ഷമീറിന് മലബാറിന്റെ ഫുട്ബോൾ മഹിമയുടെ ചരിത്രം പറഞ്ഞു കൊടുത്ത ബാലകൃഷ്ണൻ എന്ന ചരിത്രാധ്യാപകൻ പറയുന്നത് ” നീ തുടങ്ങേണ്ടത് മലപ്പുറത്തെ എം എസ്.പിയിൽ നിന്നാണ്. പട്ടാള ക്യാമ്പിൽ നിന്നും പുറത്തുവന്ന ഒരു കളി എങ്ങനെ ഒരു ജനതയുടെ ആവേശമായിമാറി എന്ന് നിനക്കതിലൂടെ അറിയാൻ കഴിയും’ എന്നാണ്. ആ അറിവിൽ കാൽപന്തിലെ രാഷ്ട്രീയം പോലും വായിച്ചെടുക്കാൻ ഈ പുസ്തകം ഉപകരിക്കും.
1930ൽ മാപ്പിളമാരുടെ ഒരു ടീം ഒരിക്കൽ ബ്രിട്ടീഷ് പാട്ടാളക്കാരുടെ ടീമുമായി ഇവിടെ ഏറ്റുമുട്ടിയപ്പോൾ മാപ്പിളമാരുടെ ടീമിന് വീറും വാശിയും വർധിക്കാനുള്ള കാരണം പൂക്കോട്ടൂരിലടക്കം പട്ടാളക്കാർ മാപ്പിള സമരസേനാനികളോട് ചെയ്ത ക്രൂരതയോടുള്ള പ്രതീകാത്മകമായ പ്രതികാരം കൂടിയായി കളി മാറിയതായിരുന്നു. അന്നത്തെ മാപ്പിള ടീമിന്റെ ആ ജയത്തിൽ കളിയുടെ സ്പിരിറ്റിനോടൊപ്പം ദേശസ്നേഹത്തിന്റെ രാഷ്ട്രീയവും സ്വാധീനം ചെലുത്തിയിരുന്നതായി പിൽക്കാലത്ത് പല ഗവേഷകരും കണ്ടെത്തിയത് സ്മരണീയമാണ്.
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് 1973ൽ കൊച്ചിയിൽ സർവീസസിനെ തോൽപ്പിച്ചായിരുന്നല്ലോ?.
എന്നാൽ ആ മത്സരത്തിൽ പങ്കെടുത്ത ക്യാപ്ടൻ മണി അടക്കമുള്ള എല്ലാ കളിക്കാരുടെയും പേരുവിവരങ്ങൾ, മലബാറിൽ വർഷങ്ങൾക്ക് മുമ്പ് കളിക്കാൻ ഉപയോഗിച്ചിരുന്ന പന്തുകളുടെ ശേഖരം സൂക്ഷിക്കുന്ന അശ്റഫ്, ഷമീറിന് കാണിച്ചു കൊടുത്തവയിൽ കടലാസ് പന്ത്, മുള്ളിലപന്ത്, തുണിപ്പന്ത്, ഒട്ടുനൂൽ പന്ത്… എന്നിവയൊക്കെ എങ്ങനെയാണ് ഒരു ജനത ഇല്ലായ്മകൾക്കിടയിലും കാൽപന്തുകളിയെ നെഞ്ചേറ്റിയിരുന്നതെന്ന അറിവ് പുതു തലമുറയിലേക്ക് പകർന്നുനൽകുന്നു.
അതുപോലെ പന്തുകളിയും പ്രണയവും പരസ്പരപൂരകമായി മാറിയ ജസീമിന്റെയും സയോമിയുടെയും കഥയിൽ “ജസീമിന് സയോമിയെ നഷ്ടപ്പെടുകയെന്നാൽ അവന് ഒരു ഫുട്ബോൾ ഫൈനൽ നഷ്ടപ്പെടുന്നതിന് തുല്യമാണ്’ എന്നു പറയുന്നിടത്ത് ഒരു പന്തുകളിക്കാരന്റെ പ്രണയം കാമുകിക്കും കളിക്കും പകുത്ത് നൽകുന്നതിന് സമമാണ് എന്ന സന്ദേശമുണ്ട്.
അരീക്കോട് തെരട്ടമ്മൽ എന്ന ചാലിയാർ തീരത്തെ ഒരു പ്രദേശം ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിൽ എങ്ങനെയാണ് സവിശേഷമായി അടയാളപ്പെടുന്നത്? ഈ പ്രദേശങ്ങളിൽ 10 കി. മീറ്ററുകൾക്കുള്ളിൽ ചെറുതും വലുതുമായ അനേകം കളിസ്ഥലങ്ങൾ ഉള്ളതും അതെല്ലാം സംരക്ഷിച്ചു നിർത്തുന്നതിൽ അവർ കാണിക്കുന്ന ജാഗ്രതയും, നിരവധി ഇന്ത്യൻ താരങ്ങൾ ഇവിടെ നിന്നുയർന്നുവന്നതും… ഫുട്ബാളിന്റെ ചരിത്രമെഴുത്തുകാർക്ക് വലിയ മുതൽക്കൂട്ടായി പുസ്തകത്തിൽ അടയാളപ്പെട്ടു കിടക്കുന്നു.
ഇപ്പോൾ ഫ്ലഡ്്ലിറ്റ് സ്റ്റേഡിയങ്ങളും ആഫ്രിക്കൻ താരങ്ങൾ നാട്ടിലെ സെവൻസ് മൈതാനങ്ങളിൽ ആകർഷണീയ കാഴ്ചകളായി മാറുന്നതും ഫുട്ബോളിൽ സംഭവിച്ച പുതിയ മാറ്റങ്ങളാണ്. അപ്പോഴും പണ്ട് സൂര്യവെളിച്ചം അസ്തമിക്കും മുമ്പുള്ള സമയങ്ങളിൽ നടന്നിരുന്ന സ്വന്തം നാട്ടുകാർ നാടിന്റെ മാനം കാക്കാൻ ബൂട്ടുകെട്ടിയിറങ്ങിയിരുന്ന പഴയ കാലത്തെ കളിയുടെ സമർപ്പണ മനോഭാവം പുതിയ കാല കളികൾക്ക് ലഭിക്കുന്നില്ല എന്ന പ്രസക്തമായ നിരീക്ഷണം പുസ്തകം പങ്കു വെക്കുന്നു എന്നുവേണം കരുതാൻ.ഇപ്പോൾ കളിസ്ഥലങ്ങൾ പലയിടത്തും ചെറുതായതിനാൽ ലോംഗ് റേഞ്ച് ഷൂട്ടുകളിലൂടെ ഗോൾ നേടുന്ന ആഫ്രിക്കൻ കളിക്കാരുടെ വൈഭവം സെവൻസ് ടൂർണമെന്റുകളിൽ അവർക്ക് സ്വീകാര്യത ഏറുന്നു എന്ന ഒരു കഥാപാത്രത്തിന്റെ നിരീക്ഷണം ശ്രദ്ധേയവും പഠനാർഹവും കൂടിയാണ്.
മലബാറിൽ വ്യാപകമായി നടന്നു വരുന്ന ഫ്ലഡ്്ലിറ്റ് മൈതാനിയിലെ ടൂർണമെന്റുകളിൽ നിന്നുള്ള ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നാട്ടിലെ മറ്റുപല പുരോഗമന പദ്ധതികൾക്കും മുതൽക്കൂട്ടായി മാറുന്നതിലെ ഗുണവശവും ഈ പുസ്തകം എടുത്തുകാണിക്കുന്നു.
അതോടൊപ്പം പുസ്തകത്തിൽ ചർച്ചയായി വരുന്ന ഒന്നാണ് സെവൻസ് ടൂർണമെന്റുകളിൽ ലാഭം മാത്രം മോഹിച്ച് പലയിടത്തും കമ്മിറ്റിക്കാർ ടീമുകളുമായി ഗൂഢാലോചന നടത്തി സംഘടിപ്പിക്കുന്ന ഒത്തുകളികളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. അതും കാണാതിരുന്നുകൂടാ.
ഈ പുസ്തകത്തിലെ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് “നാണി’ എന്ന കാണി. നാണി ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാറില്ല. ടൂർണമെന്റുകളുടെ നടത്തിപ്പുകാരനുമാകാറില്ല. അതേസമയം അവനറിയാത്ത ടൂർണമെന്റുകൾ, അവൻ കാണിയായി എത്താത്ത മത്സരങ്ങൾ നാട്ടിൽ നടക്കാറുമില്ല. ശരിക്കും മലബാറിന്റെ ഫുട്ബോൾ പെരുമയുടെ പ്രതീകങ്ങളായി ഇത്തരം നാണിമാർ എല്ലാ നാട്ടിൻപുറങ്ങളിലും ഉണ്ടാകും. കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സെവൻസ് ഫുട്ബാളിന്റെ ഏതാണ്ട് സമഗ്രമായ ചരിത്രം ഒരു ഫിക്്ഷൻ രീതിയിൽ വരച്ചുകാട്ടുന്ന പുസ്തകം കാൽപന്തിന്റെ ശക്തിയും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന കുറിപ്പുകളാൽ ഇത് ചരിത്രനോവൽ എന്ന തലത്തിലക്ക് ഉയരുന്നു.
കാൽപന്തിലെ രാഷ്ട്രീയം മുതൽ അതിലടങ്ങിയ പ്രണയവും സംഗീതവുമടക്കം ലളിതമായ ഭാഷാശൈലിയാൽ സുബൈർ വരച്ചിടുമ്പോൾ വായനയോടൊപ്പം ഒരു മുക്കാൽ നൂറ്റാണ്ടിനപ്പുറമുള്ള കേരളീയ ഗ്രാമ പശ്ചാത്തലങ്ങളും ഇതൾ വിരിഞ്ഞു നിൽക്കുന്ന മനോഹാരിത വി എം സുബൈറിന്റെ “സെവൻസ് മലബാറിന്റെ ഫുട്ബോൾ പെരുമ’ എന്ന പുസ്തകം സമ്മാനിക്കുന്നു. പ്രസാധനം കാർനെറ്റ് ബുക്സ്. വില 300 രൂപ.
Content Highlights:
The novel Sevens Malabarinte Football Peruma by journalist V M Subair chronicles the vibrant history and evolution of Sevens football in Malabar. It blends fiction with historical facts, tracing the sport’s journey from British military camps to becoming a cultural emotion in Kerala. The book highlights legendary players, the political dimensions of the game during the colonial era, and the deep-rooted passion that defines Malabar’s football identity.







