Saudi Arabia
വേര്‍പിരിയല്‍ ശസ്ത്രക്രിയ; സോമാലിയന്‍ സയാമീസ് ഇരട്ടകളായ റഹ്മയും റംലയും സഊദിയിലെത്തി
റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി.

റിയാദ് | സോമാലിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി തലസ്ഥാനമായ റിയാദില്‍ എത്തിച്ചു. ഇരട്ടകളായ റഹ്മയും റംലയെയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെയും നിര്‍ദേശ പ്രകാരമാണ് പ്രത്യേക വിമാനത്തില്‍ സഊദിയിലെത്തിച്ചത്.
ഇരട്ട കുട്ടികളെ റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളെ ശസ്ത്രക്രിയിലൂടെ വേര്‍തിരിക്കാനുള്ള സാധ്യത വിലയിരുത്തുന്നതിനായി വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധനയ്ക്ക് വിധേയമാക്കും. തങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് സഊദി ഭരണകര്‍ത്താക്കള്‍ക്ക് ഇരട്ടകളുടെ പിതാവ് സുല്‍ത്താന്‍ സയീദും കുടുംബവും നന്ദി അറിയിച്ചു.
1990-ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്റ് ട്വിന്‍സ് പ്രോഗ്രാം വഴി 27 സഹോദര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള 146 സംയോജിത ഇരട്ടകളെയാണ് ഇതുവരെ വിജയകരമായി വേര്‍പെടുത്തിയത്. എല്ലാ വര്‍ഷവും നവംബര്‍ 24 ലോക സയാമീസ് ദിനമായി ആചരിക്കാന്‍ 2024 ജൂലൈയില്‍ ചേര്‍ന്ന യു എന്‍ ജനറല്‍ അസംബ്ലി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.