Alappuzha
മിനിടെമ്പോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
എടത്വാ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ പ്രീതയുടെയും മകന്‍ രോഹിത് സജീവാണ് മരിച്ചത്.

ആലപ്പുഴ | മീന്‍ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. എടത്വാ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ പ്രീതയുടെയും മകന്‍ രോഹിത് സജീവാണ് മരിച്ചത്. തിരുവല്ല ബിലിവേഴ്‌സ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനിയായിരുന്നു.
ഇന്ന് രാവിലെ 8.30 ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് എസ് എന്‍ ഡി പി കുട്ടനാട് സൗത്ത് യൂണിയന്‍ ഓഫീസിന് സമീപത്തു വെച്ചാണ് അപകടം. അമ്പലപ്പുഴയില്‍ നിന്നും മീന്‍ കയറ്റിവന്ന മിനിടെമ്പോ മറ്റൊരു സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ തല തകര്‍ന്നു. രോഹിത് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ടെമ്പോ മറികടക്കുന്നതിനിടെ തട്ടിവീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുന്നുമ്മ സ്വദേശി സിജിക്ക് പരുക്കേറ്റിട്ടുണ്ട്. എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു.