Connect with us

Saudi Arabia

തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളില്‍ വീഴ്ച; നാല് ഉംറ കമ്പനികളെ സസ്പെന്‍ഡ് ചെയ്ത് സഊദി ഹജ്ജ് മന്ത്രാലയം

ഉംറ തീര്‍ഥാടകര്‍ക്ക് വാഗ്ദാനം ചെയ്ത താമസസൗകര്യം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

റിയാദ് | തീര്‍ഥാടകര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയ നാല് ഉംറ കമ്പനികളുടെ ലൈസന്‍സ് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം താത്ക്കാലികമായി റദ്ദാക്കി. ഉംറ തീര്‍ഥാടകര്‍ക്ക് വാഗ്ദാനം ചെയ്ത താമസസൗകര്യം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതില്‍ ഈ കമ്പനികള്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മന്ത്രാലയത്തിന്റെ നിരീക്ഷണ വിഭാഗം നടത്തിയ പരിശോധനകളിലും തീര്‍ഥാടകരില്‍ നിന്ന് ലഭിച്ച പരാതികളിലുമാണ് നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടത്. ഇത്തരം വീഴ്ചകള്‍ തീര്‍ഥാടകരുടെ സുരക്ഷയെയും സൗകര്യത്തെയും ബാധിക്കുമെന്നതിനാലാണ് കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിന് പുറമെ ഈ കമ്പനികള്‍ക്ക് വന്‍തുക പിഴയും ചുമത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. നിലവില്‍ ഈ കമ്പനികള്‍ വഴി ബുക്ക് ചെയ്ത തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് ബദല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സേവനങ്ങളില്‍ അപാകതയുണ്ടെങ്കില്‍ തീര്‍ഥാടകര്‍ക്ക് മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറിലോ ആപ്പുകള്‍ വഴിയോ പരാതിപ്പെടാവുന്നതാണ്.

സഊദി അറേബ്യയുടെ ‘വിഷന്‍ 2030’-ന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഉംറ വിസകള്‍ നല്‍കുന്നതിനും പാക്കേജുകള്‍ ആസൂത്രണം ചെയ്യുന്നതിനും മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങള്‍ എല്ലാ ലൈസന്‍സുള്ള കമ്പനികളും കൃത്യമായി പാലിക്കണം. നിയമലംഘനം തുടരുന്ന കമ്പനികളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്നും കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.

 

Latest