Connect with us

Uae

ഇന്ന് സായിദ് മാനുഷിക ദിനം; കാരുണ്യത്തിന്റെ പ്രഭ പരത്തി യു എ ഇ

യു എ ഇയെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സഹായ ദാതാക്കളിലൊന്നായി മാറ്റിയ ശൈഖ് സായിദിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദിനാചരണം.

Published

|

Last Updated

അബൂദബി | യു എ ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ഥം രാജ്യം ഇന്ന് (ഞായര്‍) സായിദ് മാനുഷിക ദിനമായി ആചരിക്കും. എല്ലാ വര്‍ഷവും റമസാന്‍ 19-നാണ് ശൈഖ് സായിദിന്റെ ചരമദിനത്തോടനുബന്ധിച്ച് ഈ ദിനം ആചരിക്കുന്നത്. യു എ ഇയെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സഹായ ദാതാക്കളിലൊന്നായി മാറ്റിയ ശൈഖ് സായിദിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദിനാചരണം.

ഈ വര്‍ഷത്തെ സായിദ് മാനുഷിക ദിനം സവിശേഷമായ നിരവധി കാരുണ്യ പദ്ധതികളോടെയാണ് ആഘോഷിക്കുന്നത്. അഞ്ച് ദശലക്ഷം കുട്ടികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനുള്ള ‘11.5: ലിമിറ്റ് ഓഫ് ലൈഫ്’ ക്യാമ്പയിന്‍, 44 രാജ്യങ്ങളിലായി 15 ലക്ഷം പേര്‍ക്ക് പ്രയോജനപ്പെടുന്ന റെഡ് ക്രസന്റ് റമസാന്‍ പരിപാടികള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ, ഗസായിലെ ജനങ്ങള്‍ക്കായി ഇതുവരെ 4.2 ബില്യണ്‍ ഡോളറിന്റെ സഹായം യു എ ഇ നല്‍കിയിട്ടുണ്ട്. യു എന്‍ കണക്കുകള്‍ പ്രകാരം ഗസാക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇയാണ് മുന്‍പന്തിയില്‍. സുഡാനിലെ ദുരിതബാധിതര്‍ക്കായി 500 മില്യണ്‍ ഡോളറിന്റെ പുതിയ സഹായവും രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

1971 മുതല്‍ 2004 വരെ ശൈഖ് സായിദിന്റെ ഭരണകാലത്ത് 90.5 ബില്യണ്‍ ദിര്‍ഹത്തിന്റെ സഹായമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യു എ ഇ എത്തിച്ചത്. 1971-ല്‍ സ്ഥാപിതമായ അബൂദബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റും 1992-ല്‍ രൂപവത്കരിച്ച സായിദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനും ഇന്നും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അന്താരാഷ്ട്ര തലത്തില്‍ ‘മാന്‍ ഓഫ് ദ ഇയര്‍’ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ശൈഖ് സായിദിന് ലഭിച്ചിട്ടുണ്ട്.

 

Latest