Connect with us

vaikom satyagraha

സത്യഗ്രഹ ശതാബ്ദി: സഹനസമര സ്മരണയിൽ വൈക്കം

വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള സമരമാണ് നൂറ്റാണ്ടിന്റെ നിറവിലെത്തിയത്.

Published

|

Last Updated

കൊച്ചി| പിന്നിട്ട പോരാട്ടവഴികളിലെ കനൽച്ചൂടിൽ ജ്വലിക്കുകയാണ് ഇപ്പോഴും വൈക്കത്തെ മണ്ണ്. ഇന്നലെകളുടെ തെറ്റുകൾ തിരുത്തിയെഴുതിയ ഒരു ദേശവും മനുഷ്യരും പോർമുഖങ്ങളെ ത്രസിപ്പിക്കുന്ന, സമരപഥങ്ങളെ ആവേശം കൊള്ളിക്കുന്ന ചിരസ്മരണയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച കേരളീയ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലെന്ന് ചരിത്രം കോറിയിട്ട വൈക്കം സമരത്തിന് കാഹളം മുഴങ്ങി നൂറാണ്ട് തികയുമ്പോൾ ദേശത്തിന്റെ വഴികളിലെല്ലാം സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനുപമമായ മഹാഗാഥയുടെ സ്മരണകളിരമ്പുന്നു.

പിന്നാക്ക ജാതിക്കാർക്ക് നടവഴികൾ തുറന്നുനൽകി സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയ വൈക്കത്തെ പ്രക്ഷോഭം ജാതിചിന്തകളുടെ പേരിൽ കെട്ടിപ്പൊക്കിയ സകല വിവേചനങ്ങളെയും എക്കാലത്തും തകർത്തെറിയാനുള്ള ഉയിരും ഊർജവും നൽകാൻ പോന്നവ തന്നെ. അതുകൊണ്ട് തന്നെ ചരിത്രം സമരായുധമാണെന്ന് പുതിയ തലമുറയെ ഓർമപ്പെടുത്താൻ ദേശം ഒരുങ്ങിക്കഴിഞ്ഞു.

വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള സമരമാണ് നൂറ്റാണ്ടിന്റെ നിറവിലെത്തിയത്. മഹാത്മാ ഗാന്ധിയും കോൺഗ്രസ്സും അയിത്തോച്ചാടനം മുഖ്യ പരിപാടിയായി നിശ്ചയിച്ചതിന് പിന്നാലെ രാജ്യത്ത് കോൺഗ്രസ്സ് നയിച്ച ആദ്യ പ്രക്ഷോഭം സമാനതകളില്ലാത്ത പോരാട്ടമായാണ് അടയാളപ്പെടുത്തുന്നത്. സത്യഗ്രഹ സമരം പൂർണരൂപത്തിൽ പരീക്ഷിച്ച് വിജയിച്ച വൈക്കത്തെ സമരം നയിക്കാൻ ശ്രീ നാരായണഗുരുവും മഹാത്മാ ഗാന്ധിയും ഇ വി രാമസ്വാമി നായ്ക്കരും മുന്നിൽ നിന്നു.

1924 മാർച്ച് 30ന് പുലയ, ഈഴവ, നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് ചെറുപ്പക്കാരിലൂടെ ആരംഭിച്ച സമരം 603 ദിവസമാണ് നീണ്ടുനിന്നത്. ഓരോ ദിവസവും അവർണ- സവർണ സമുദായത്തിൽപ്പെട്ട മൂന്ന് പേർ അയിത്തജാതിക്കാരൻ സഞ്ചരിക്കാൻ പാടില്ലെന്ന് പരസ്യം ചെയ്ത തീണ്ടൽപ്പലകകളുടെ പരിധി കടന്ന് ക്ഷേത്രത്തിൽ ചെല്ലുക എന്നതായിരുന്നു സമരം. പോലീസ് അവരെ തടഞ്ഞ് ജാതി ചോദിച്ച ശേഷം അറസ്റ്റ് ചെയ്തു ജയിലിലാക്കും.

ടി കെ മാധവൻ, കെ കേളപ്പൻ, സി വി കുഞ്ഞുരാമൻ, കെ പി കേശവമേനോൻ എന്നിവരെല്ലാം സത്യഗ്രഹത്തിന് നേതൃത്വം നൽകി. പോലീസും യാഥാസ്ഥിതിക സവർണരും കടുത്ത അക്രമം അഴിച്ചുവിട്ടു. 1925 മാർച്ച് 10ന് ഗാന്ധിജി വൈക്കത്തെത്തി. ഗാന്ധിജിയുടെ ഇടപെടലുകൾ സത്യഗ്രഹം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest