Articles
കേന്ദ്ര സാഹിത്യ അക്കാദമിയിലെ സംഘ് കരിനിഴലുകള്‍
അക്കാദമി വരുതിയിലായാല്‍ ഇന്ത്യയുടെ സാഹിത്യ - സാംസ്‌കാരിക ഭൂപടം പിന്നെ തങ്ങളുടെ നിറത്തിലായിരിക്കും പ്രതിഫലിക്കുക എന്ന് സംഘ്പരിവാറിന് കൃത്യമായി അറിയാം. അവര്‍ മുഴുവന്‍ അടവുകളും പുറത്തെടുക്കുന്നുണ്ട്. ഭാഗികമായി പോലും വിജയിച്ചു എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഹിന്ദി വികാരം ഉയര്‍ത്തിവിട്ടപ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് മലയാളിയായ എതിരാളിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് അവരുടെ തന്ത്രങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍ മിഴിവേകാന്‍ സാധ്യതയുണ്ട്.

ഇന്ത്യയുടെ സാംസ്‌കാരിക ചലനങ്ങളും ചുവടുവെപ്പുകളും ഔദ്യോഗികമായി തീരുമാനിക്കപ്പെടുന്നത് ഡല്‍ഹി രവീന്ദ്ര ഭവനില്‍ നിന്നാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയും സംഗീത നാടക അക്കാദമിയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് സ്ഥാപനങ്ങളെയും തങ്ങളുടെ വരുതിക്ക് നിര്‍ത്തുക എന്നത് സംഘ്പരിവാറിന്റെ ചിരകാല സ്വപ്‌നമാണ്. 2014 മുതല്‍ അത് പ്രകാശ വേഗം കൈവരിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമിയും സംഗീത നാടക അക്കാദമിയും നോമിനേഷന്‍ സമ്പ്രദായത്തിലൂടെ ഇതിനോടകം ചൊല്‍പ്പടിയിലാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അത് വിജയം കണ്ടിട്ടില്ല. അതിന്റെ രൂപകല്‍പ്പനയും ചട്ടങ്ങളും സ്വയം പ്രതിരോധം ആര്‍ജിച്ചിട്ടുള്ളവയാണ് എന്ന് വേണമെങ്കില്‍ കാരണമായി പറയാവുന്നതാണ്. നിലവിലെ വൈസ് പ്രസിഡന്റുമാര്‍ അടുത്ത പ്രസിഡന്റ് പദവി കൈയാളുന്ന പതിവുരീതി കേന്ദ്ര സാഹിത്യ അക്കാദമിക്കുണ്ട്. ആ നിലയില്‍ സി രാധാകൃഷ്ണനെ ഒറ്റ വോട്ടിന് തോല്‍പ്പിച്ച കുമുദ് ശര്‍മയുടെ വിജയം ഒരു അപകട സൂചന തന്നെയാണ്.
2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സംഘ് നോമിനികള്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. സംഘ് പാനലിലെ ബാലചന്ദ്ര നെമാഡെയെ തോല്‍പ്പിച്ച് അന്ന് ചന്ദ്രശേഖര കമ്പാര്‍ പ്രസിഡന്റായി. അന്നത്തെ വൈസ് പ്രസിഡന്റായ മാധവ കൗശിക് അഞ്ച് വര്‍ഷ കാലാവധിക്കു ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം സംഘ് നോമിനി മെല്ലിപുര ജി വെങ്കിടേശയെ 92ല്‍ 60 വോട്ട് നേടി പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംഘ് അനുഭാവി കുമുദ് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടു. 92 വോട്ടര്‍മാരാണ് അക്കാദമി ജനറല്‍ കൗണ്‍സിലിലുള്ളത്. ഇതില്‍ പത്ത് പേര്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനേഷനിലൂടെ കടന്നുവരുന്നു. ഇവരെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഭരണത്തിന്റെ സമ്പൂര്‍ണ പിന്തുണയോടെ സാഹിത്യ അക്കാദമിയില്‍ സംഘ്പരിവാര്‍ ഭാഗ്യം പരീക്ഷിക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സൂക്ഷ്മവും ഗൗരവപൂര്‍ണവുമായ ഇടപെടലുകളിലൂടെയാണ് കേന്ദ്ര സാഹിത്യ അക്കാദമി 1954 മാര്‍ച്ച് 12ന് രൂപമെടുക്കുന്നത്. അക്കാദമിയുടെ നിഷ്പക്ഷ സ്വഭാവവും മേന്‍മയും നിലവാരവും സ്വയം ഭരണവും ഉറപ്പുവരുത്താന്‍ നെഹ്‌റു പ്രതിജ്ഞാബദ്ധനായിരുന്നു. പാര്‍ലിമെന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം രൂപം കൊണ്ട അക്കാദമി 1860ലെ സൊസൈറ്റി നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തത്. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ്, ഫിനാന്‍സ് കമ്മിറ്റി എന്നീ മൂന്ന് തലങ്ങളില്‍ ഭരണനിര്‍വഹണം വിഭാവനം ചെയ്തു. പ്രസിഡന്റടക്കമുള്ള പദവികള്‍ തിരഞ്ഞെടുക്കാനുള്ള അധികാരം ജനാധിപത്യപരമായി ജനറല്‍ കൗണ്‍സിലില്‍ നിക്ഷിപ്തമാക്കി. ഏതൊരു സാഹചര്യത്തിലും സര്‍ക്കാര്‍ നോമിനേഷന്‍ പാടില്ല എന്നും നിയമം മൂലം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. നെഹ്‌റു ദീര്‍ഘദര്‍ശനം നടത്തി രൂപപ്പെടുത്തിയ ഇത്തരം കവച കുണ്ഡലങ്ങള്‍ അക്കാദമിക്ക് നടപ്പുകാലത്ത് അക്ഷരാര്‍ഥത്തില്‍ തുണയായി.
1954 മുതല്‍ തന്റെ മരണം വരെ അക്കാദമിയുടെ അധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയിലല്ല, പ്രമുഖ ഗ്രന്ഥകാരനും പണ്ഡിതനുമെന്ന നിലക്കാണ് അദ്ദേഹം പദവി വഹിക്കുന്നത് എന്ന് അക്കാലത്തെ അക്കാദമി വാര്‍ഷിക രേഖകള്‍ പറയുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയേക്കാള്‍ നെഹ്‌റു ആസ്വദിച്ചു നിര്‍വഹിച്ച ദൗത്യം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ജോലിയായിരുന്നുവെന്ന ഫലിതം പ്രചാരത്തിലുണ്ടായിരുന്നു. ഡോ. എസ് രാധാകൃഷ്ണന്‍, മൗലാന അബുല്‍ കലാം ആസാദ്, സി രാജഗോപാലാചാരി, കെ എം പണിക്കര്‍, കെ എം മുന്‍ഷി, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയ ഉന്നത ശീര്‍ഷരായിരുന്നു അക്കാദമിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ സെമിനാറില്‍ ഡോ. എസ് രാധാകൃഷ്ണന്‍ പ്രസംഗിച്ചത്, സാഹിത്യ എന്ന സംസ്‌കൃത പദത്തിന്റെയും അക്കാദമി എന്ന ഗ്രീക്ക് വാക്കിന്റെയും സമന്വയമായ സാഹിത്യ അക്കാദമി ഇന്ത്യയിലെ സാഹിത്യ തത്പരരുടെയും വായനക്കാരുടെയും പൊതു ഇടമാണ് എന്നായിരുന്നു.
ഇന്ത്യയുടെ സാംസ്‌കാരിക – സാഹിത്യ മുഖം രൂപപ്പെടുത്തുകയും സാഹിതീയ ചലനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന നിര്‍ണായക ദൗത്യമാണ് അക്കാദമി നിര്‍വഹിക്കുന്നത്. ഗവേഷണം, പഠനം, പ്രസാധനം, അവാര്‍ഡുകള്‍, ഫെല്ലോഷിപ്പുകള്‍, ഗ്രാന്റുകള്‍, പ്രാദേശിക – ദേശീയ – അന്തര്‍ ദേശീയ സെമിനാറുകള്‍, സാംസ്‌കാരിക വിനിമയ പര്യടനങ്ങള്‍, കവിയരങ്ങുകള്‍, യുവ സാഹിത്യ സമ്മേളനങ്ങള്‍, വാര്‍ഷിക കോണ്‍ഫറന്‍സ്, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി ദൗത്യങ്ങള്‍ അക്കാദമി നിര്‍വഹിക്കുന്നു. അതുകൊണ്ട് തന്നെ അക്കാദമി വരുതിയിലായാല്‍ ഇന്ത്യയുടെ സാഹിത്യ – സാംസ്‌കാരിക ഭൂപടം പിന്നെ തങ്ങളുടെ നിറത്തിലായിരിക്കും പ്രതിഫലിക്കുക എന്ന് സംഘ്്പരിവാറിന് കൃത്യമായി അറിയാം. അവര്‍ മുഴുവന്‍ അടവുകളും പുറത്തെടുക്കുന്നുണ്ട്. ഭാഗികമായി പോലും വിജയിച്ചു എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഹിന്ദി വികാരം ഉയര്‍ത്തിവിട്ടപ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് മലയാളിയായ എതിരാളിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് അവരുടെ തന്ത്രങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍ മിഴിവേകാന്‍ സാധ്യതയുണ്ട്.
സാംസ്‌കാരിക – മാധ്യമ അജന്‍ഡകള്‍
1981ല്‍ ലഖ്നൗ കേന്ദ്രമാക്കി രൂപം കൊണ്ട സംസ്‌കാര്‍ ഭാരതിയാണ് സാഹിത്യ സാംസ്‌കാരിക രംഗത്തെ സംഘ് അജന്‍ഡകള്‍ രൂപപ്പെടുത്തുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഴുവന്‍ സാഹിത്യ സപര്യകളും നിര്‍ണയിക്കുന്നതും നിര്‍വഹിക്കുന്നതും സംസ്‌കാര്‍ ഭാരതിയാണ്. രാജ്യത്തെമ്പാടുമായി 1,200 ലധികം ശാഖകള്‍ ഇതിനുണ്ട്. സര്‍ക്കാര്‍ ഗ്രാന്‍ഡുകളുടെ അവസാന വാക്ക് സംസ്‌കാര്‍ ഭാരതിയാണ്.
രാജ്യത്തെ മുഴുവന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ദിനപത്രങ്ങളെയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെയും ചൊല്‍പ്പടിയിലാക്കാന്‍ ദയാരഹിതമായ മാര്‍ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കുന്നത്. സര്‍ക്കാറിന്റെയും സര്‍ക്കാറിന്റെ നെടും തൂണുകളായ കോര്‍പറേറ്റുകളുടെയും പരസ്യങ്ങളുടെ പ്രലോഭനങ്ങളും വാണിജ്യ താത്പര്യങ്ങളും തൊട്ട് അന്വേഷണ ഏജന്‍സികളും ക്രിമിനല്‍ കേസുകളും വരെ വലിയ റോള്‍ വഹിക്കുന്നുണ്ട്. പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ മാറ്റിവെച്ച് നിലനില്‍പ്പിന് മുന്‍ തൂക്കം നല്‍കാന്‍ പല മാധ്യമ സ്ഥാപനങ്ങളും നിര്‍ബന്ധിതരായി മാറി. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും മറ്റൊരു വഴി സ്വീകരിക്കാന്‍ മാര്‍ഗമില്ലാതെ വരികയാണ്. കോര്‍പറേറ്റ് കാലത്തെ വാണിജ്യ താത്പര്യങ്ങള്‍ കേന്ദ്ര സാഹിത്യ അക്കാദമിയിലും തങ്ങളുടെ ഇടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
രാജ്യമെമ്പാടും മുഴുവന്‍ സമയ 1,500 ജേര്‍ണലിസ്റ്റുകള്‍ ജോലി ചെയ്യുന്ന സമ്പൂര്‍ണ മാധ്യമ സ്ഥാപനമാണ് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ. വ്യത്യസ്ത ഭാഷകളിലായി 1,500 വാര്‍ത്തകള്‍ ദിനംപ്രതി പി ടി ഐ നല്‍കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. കൂടെ യു എന്‍ ഐയുമുണ്ട്. ജനപക്ഷവും നിക്ഷ്പക്ഷവുമാകുക എന്ന പി ടി ഐ നിലപാട് കേന്ദ്ര സര്‍ക്കാറിന് എന്നും തലവേദനയായാണ് അനുഭവപ്പെട്ടത്. ചൈനീസ് കൈയേറ്റത്തിന്റെ വസ്തുതകളും ചൈനീസ് അംബാസിഡറുടെ അഭിമുഖവുമൊക്കെ അകലം വര്‍ധിപ്പിച്ചു. ആയിടെയാണ് പി ടി ഐ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം കെ റസ്ദാന്‍ പടിയിറങ്ങുന്നത്. ഭരണകൂടത്തിന് താത്പര്യമുള്ള പുതിയ സര്‍ക്കാര്‍ വിലാസം ചീഫ് എഡിറ്റര്‍ എന്ന ദൂതന്‍മാരുടെ നിര്‍ദേശത്തോട് പി ടി ഐ മുഖം തിരിച്ചു. പരിണിതപ്രജ്ഞനായ വിജയ് ജോഷിയെ പുതിയ ചീഫ് എഡിറ്ററായി നിയമിച്ചു.
പ്രതികാര നടപടികള്‍ക്ക് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ദൂരദര്‍ശന്റെയും ആള്‍ ഇന്ത്യ റേഡിയോയുടെയും ചുമതല വഹിക്കുന്ന പ്രസാര്‍ ഭാരതിയുമായുള്ള കരാറില്‍ നിന്ന് പി ടി ഐ, യു എന്‍ ഐ എന്നിവര്‍ പൂര്‍ണമായും പുറത്തായി. സംഘ്പരിവാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ ഭാരതി പുതിയ കരാര്‍ ഒപ്പുവെച്ചു. ദിവസം നൂറ് വാര്‍ത്തകള്‍ എന്ന വ്യവസ്ഥയില്‍ രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഇനി മുതല്‍ ദൂരദര്‍ശനും ആകാശവാണിയും എന്ത് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യണമെന്ന് സംഘ് ആഭിമുഖ്യത്തിലുള്ള ഹിന്ദുസ്ഥാന്‍ സമാചാര്‍ തീരുമാനിക്കും.
പുതിയ കാലത്തിന്റെ കുഴലൂതാന്‍ വിസമ്മതിച്ച് പടിയിറങ്ങേണ്ടിവന്നവരും ജോലി അവസാനിപ്പിച്ച് മറ്റു വഴികള്‍ തേടിയവരുമായ അസംഖ്യം പത്രപ്രവര്‍ത്തകര്‍ ഇന്ന് ഇന്ത്യയിലുണ്ട്. പ്രസാധക – സാഹിത്യ ലോകത്തും ഇതു തന്നെയാണ് സ്ഥിതി. സര്‍ഗ പ്രതിഭകളായ എഴുത്തുകാരെ പരിഹസിക്കും വിധമാണ് അവാര്‍ഡുകളും ഫെല്ലോഷിപ്പുകളുമൊക്കെ രൂപമെടുക്കുന്നത്. ഭീഷണികള്‍ക്ക് നടുവിലും വ്യവസ്ഥിതിക്കെതിരെ വിരല്‍ ചൂണ്ടുന്ന കലാകാരന്‍മാരും സാഹിത്യകാരന്‍മാരും നമുക്കിടയിലുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. നോവുമാത്മാക്കളുടെ വിഹ്വലതകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, നീതിബോധം അടിയറ വെക്കാത്ത ഈ മനുഷ്യസ്‌നേഹികള്‍ക്ക് പിന്തുണ നല്‍കേണ്ടതും, ആ ധാരകള്‍ക്ക് വിജയവഴികള്‍ തീര്‍ക്കേണ്ടതും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരന്റെയും ബാധ്യതയാണ്.