Connect with us

Kerala

സന്ദീപ് ആക്രമണം നടത്തിയത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ; ഡോ. വന്ദനാ ദാസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്

Published

|

Last Updated

കൊല്ലം |  ഡോക്ടര്‍ വന്ദനദാസ് കൊലക്കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്ഥിരം മദ്യപാനിയായ പ്രതി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്.

കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1050 പേജുകളുള്ള കുറ്റപത്രത്തില്‍ 136 സാക്ഷി മൊഴികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മേയ് 10 ന് പുലര്‍ച്ചെ 4.35 നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും മകള്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് എത്തിച്ച കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ് (42) ആണ് കൊലപാതകം നടത്തിയത്. സന്ദീപ് വന്ദനയുടെ കഴുത്തിലും മുഖത്തും തലയിലും കുത്തി. നിലത്തുവീണപ്പോള്‍ ശരീരത്തില്‍ കയറിയിരുന്ന് പിന്‍കഴുത്തില്‍ ആഴത്തില്‍ കത്രിക കുത്തിയിറക്കി.

ആറ് തവണയാണ് കുത്തേറ്റത്. ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്ദീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ കോടതി തള്ളിയിരുന്നു.

 

Latest