Editors Pick
ഐ ഫോണിന് പിന്നാലെ ക്യാമറയിൽ വൻ പരിഷ്കാരത്തിന് ഒരുങ്ങി സാംസംഗും
വെളിച്ചം കുറവുള്ള സാഹചര്യങ്ങളിൽ കൂടുതൽ തെളിച്ചമുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന വേരിയബിൾ അപ്പേർച്ചർ' സാങ്കേതികവിദ്യ ക്യാമറയിൽ തിരികെ കൊണ്ടുവരാൻ സാംസംഗ്
സുവോൻ | ഐഫോണുകളിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങൾക്ക് പിന്നാലെ തങ്ങളുടെ സ്മാർട്ട്ഫോൺ ക്യാമറകളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ വീണ്ടും അവതരിപ്പിക്കാൻ സാംസങ് ഒരുങ്ങുന്നു. ആപ്പിൾ തങ്ങളുടെ ഐഫോൺ 18 പ്രോ മോഡലുകളിൽ ‘വേരിയബിൾ അപ്പേർച്ചർ’ (Variable Aperture) സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് സാംസങ്ങും ഈ പാത പിന്തുടരുന്നത്. സാംസങ്ങിന്റെ വരാനിരിക്കുന്ന മുൻനിര ഫോണുകളിൽ ഈ ഫീച്ചർ തിരികെ കൊണ്ടുവരാൻ കമ്പനി ഇതിനോടകം തന്നെ ക്യാമറ മോഡ്യൂൾ നിർമ്മാതാക്കളോട് സാങ്കേതികവിദ്യ വികസിപ്പിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
2018-ൽ പുറത്തിറങ്ങിയ ഗാലക്സി S9 ലൂടെയാണ് സാംസങ് ആദ്യമായി ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. എന്നാൽ വലിയ ഗുണങ്ങളില്ലെന്ന വിലയിരുത്തലിനെത്തുടർന്ന് രണ്ട് വർഷത്തിന് ശേഷം കമ്പനി ഇത് ഒഴിവാക്കി. ഡിഎസ് എൽ ആർ ക്യാമറകളിൽ കണ്ടുവരുന്ന ഈ ഫീച്ചർ ഉപയോഗിച്ച് സെൻസറിലേക്ക് എത്തുന്ന വെളിച്ചത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. വെളിച്ചം കുറവുള്ള സാഹചര്യങ്ങളിൽ കൂടുതൽ തെളിച്ചമുള്ള ചിത്രങ്ങൾ പകർത്താനും പകൽസമയത്ത് ചിത്രങ്ങളുടെ ഷാർപ്‌നെസ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഐഫോൺ 18 പ്രോയിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ ഗാലക്സി S27 അൾട്രയിൽ ഈ മാറ്റം കൊണ്ടുവരാനാണ് സാംസങ് ലക്ഷ്യമിടുന്നത്.
നിലവിൽ സാംസങ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ ഗാലക്സി S26 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫെബ്രുവരി 25-ന് നടക്കുന്ന ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ ഈ ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിക്കും. ഗാലക്സി S26 അൾട്രയിൽ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന f/1.5 അപ്പേർച്ചറുള്ള 200 മെഗാപിക്സൽ ക്യാമറ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ വേരിയബിൾ അപ്പേർച്ചർ സാങ്കേതികവിദ്യ 2027-ൽ പുറത്തിറങ്ങുന്ന മോഡലുകളിൽ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






