Connect with us

Ongoing News

സാംസങ് ഗാലക്സി എസ് 26 ഫോണുകൾ ഫെബ്രുവരി 25-ന് പുറത്തിറങ്ങും; എസ് 26 അൾട്രയിൽ വമ്പൻ മാറ്റങ്ങൾ

സാധാരണയായി ജനുവരിയിൽ നടക്കാറുള്ള ലോഞ്ച് ഇത്തവണ ചില ഡിസൈൻ മാറ്റങ്ങൾ കാരണമാണ് ഫെബ്രുവരിയിലേക്ക് നീട്ടിയതെന്ന് സൂചനയുണ്ട്.

Published

|

Last Updated

സാൻ ഫ്രാൻസിസ്കോ | സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ് 26 സീരീസ് സ്മാർട്ട് ഫോണുകൾ ഈ മാസം അവസാന വാരത്തിൽ പുറത്തിറങ്ങും. ഫെബ്രുവരി 25-ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ‘ഗാലക്സി അൺപാക്ക്ഡ്’ (Galaxy Unpacked) ഇവന്റിൽ പുതിയ ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്ര എന്നീ മൂന്ന് പ്രീമിയം മോഡലുകളാണ് ഇത്തവണ പുറത്തിറങ്ങുക. സാധാരണയായി ജനുവരിയിൽ നടക്കാറുള്ള ലോഞ്ച് ഇത്തവണ ചില ഡിസൈൻ മാറ്റങ്ങൾ കാരണമാണ് ഫെബ്രുവരിയിലേക്ക് നീട്ടിയതെന്ന് സൂചനയുണ്ട്.

പരമ്പരയിലെ കരുത്തനായ ഗാലക്സി എസ്26 അൾട്രയിൽ അടിമുടി മാറ്റങ്ങളാണ് സാംസങ് ഒരുക്കുന്നത്. 6.9 ഇഞ്ച് ക്യു എച്ച് ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ. പഴയ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി അല്പം കൂടി ഉരുണ്ട കോണുകളോട് കൂടിയ പുതിയ ഡിസൈനായിരിക്കും ഇതിനുണ്ടാവുക. 200 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം മികച്ച നൈറ്റ് മോഡ് ഫോട്ടോഗ്രാഫിയും ഇതിൽ സാംസങ് ഉറപ്പുനൽകുന്നു. ഇതിന് പുറമെ ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി സ്‌ക്രീനിൽ പ്രത്യേക പ്രൈവസി ഫീച്ചറും ഉൾപ്പെടുത്തിയേക്കും.

ഗാലക്സി എഐ (Galaxy AI) ഫീച്ചറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ പരമ്പര എത്തുന്നത്. ഫോട്ടോകളിൽ നിന്ന് വസ്തുക്കളെ നീക്കം ചെയ്യാനും ഇമെയിലുകൾ സംഗ്രഹിക്കാനും തത്സമയ വിവർത്തനത്തിനും സഹായിക്കുന്ന കൂടുതൽ നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഇതിലുണ്ടാകും.

ഗാലക്സി എസ്26 അൾട്രയുടെ ഇന്ത്യയിലെ പ്രാരംഭ വില ഏകദേശം 1,29,999 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 26 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നും മാർച്ച് 11 മുതൽ ഫോണുകൾ വിപണിയിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

---- facebook comment plugin here -----

Latest