Eduline
റൊമാനിയക്ക് പറക്കാം, പഠിക്കാം
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും education.gov.in സന്ദർശിക്കുക. ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പഠനങ്ങൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ റൊമാനിയൻ ഭാഷയിലുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം
ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ റൊമാനിയയിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു. ഇന്ത്യയും റൊമാനിയയും തമ്മിലുള്ള വിദ്യാഭ്യാസ കാരറിന്റെ അടിസ്ഥാനത്തിൽ 2026-27 അധ്യയന വർഷത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾക്ക് റൊമാനിയ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, പിഎച്ച് ഡി പഠനങ്ങൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. കൂടാതെ, യോഗ്യരായ ഉദ്യോഗാർഥികൾക്ക് നിരവധി ഹ്രസ്വകാല ഗവേഷണ സ്‌കോളർഷിപ്പുകളും വേനൽക്കാല കോഴ്‌സുകളും രാജ്യം വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, പിഎച്ച് ഡി സ്കോളർഷിപ്പ്
സ്‌കോളർഷിപ്പിൽ ട്യൂഷൻ, എൻറോൾമെന്റ് ഫീസ്, ഡോർമിറ്ററികളിലെ താമസം, പ്രതിമാസ അലവൻസ്, അടിയന്തര സാഹചര്യങ്ങളിൽ വൈദ്യസഹായം എന്നിവ ഉൾപ്പെടുമെന്ന് ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. റൊമാനിയൻ ഭാഷയിലായിരിക്കും ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പഠന ക്ലാസ്സുകൾ നടക്കുക.. ഡോക്ടറൽ പഠനങ്ങൾക്ക് ഇംഗ്ലീഷോ ഫ്രഞ്ചോ ആയിരിക്കും ഭാഷാ മാധ്യമം. അപേക്ഷ റൊമാനിയൻ എംബസി വഴി ഓൺലൈനായി അയക്കണം.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ education.gov.in സന്ദർശിക്കുക. ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പഠനങ്ങൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ റൊമാനിയൻ ഭാഷയിലുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
അക്കാദമിക് എക്സ്ചേഞ്ച്, ഹ്രസ്വകാല ഗവേഷണ സ്‌കോളർഷിപ്പ്
ഗ്രൂപ്പായുള്ള ഗവേഷണത്തിൽ 20 മാസത്തെ സ്കോളർഷിപ്പാണ് റൊമാനിയ നൽകുക. വ്യക്തിഗതമായി ചെയ്യുന്ന ഗവേഷണത്തിൽ സ്‌കോളർഷിപ്പിന്റെ കാലാവധി മൂന്ന് മാസമായിരിക്കും. എന്നാൽ, പത്ത് മാസത്തിൽ കൂടാനും പാടില്ല. വേനൽക്കാല കോഴ്സുകൾക്ക് രണ്ട് സ്‌കോളർഷിപ്പുകൾ നൽകും. ഈ കോഴ്സുകൾ റൊമാനിയൻ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് രൂപവത്കരിച്ചിരിക്കുന്നത്.
വേനൽക്കാല കോഴ്സുകൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ താത്കാലികമായുള്ളതാണ്. ഇത് ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് വിഷയങ്ങളിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ലഭിക്കില്ല.
പോയിന്റ്
റൊമാനിയയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് പോയിന്റുകൾ നൽകാറുണ്ട്. അവ പരിശോധിക്കാം.
- കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാനും കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഇന്ത്യയിൽ ജോലി ചെയ്യാനും ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് നാല് പോയിന്റ് നൽകും
- എസ് ടി, എസ് സി, എൻ സി-ഒ ബി സി, പി ഡബ്ല്യു ഡി, അല്ലെങ്കിൽ ഇ ഡബ്ല്യു എസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് നാല് പോയിന്റ്
- സ്ത്രീ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ ഉദ്യോഗാർഥികൾക്ക് രണ്ട് പോയിന്റ്
- അപേക്ഷകർ മന്ത്രാലയത്തിന്റെ SAKSHAT പോർട്ടലായ proposalsakshat.samarth.edu.in/romania യിൽ അപേക്ഷിക്കണം.
- ഇന്ന് മുതൽ അപേക്ഷിച്ച് തുടങ്ങാം. അവസാന തീയതി മേയ് 15.



