National
പരാജയത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ കലാപം
പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്കും അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കുമെതിരെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി രംഗത്തുവരുന്നു
കൊല്‍ക്കത്ത | നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ കലാപം. അധികാരം നഷ്ടപ്പെട്ടതോടെ പാര്‍ട്ടിക്കു പിന്നില്‍ അണിനിരന്ന ക്രിമിനല്‍ സംഘങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതിനു പിന്നാലെ നേതാക്കളും പാര്‍ട്ടി വിടുകയാണ്.
പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്കും അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കുമെതിരെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി രംഗത്തുവന്നതോടെ പ്രതിസന്ധിയിലായ നേതൃത്വം കൂടുതല്‍ അച്ചടക്ക നടപടികളുമായി മുന്നോട്ടു പോവുകയാണ്. പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് മൂന്ന് പ്രമുഖ വക്താക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ടിവി ചര്‍ച്ചകളിലെ തൃണമൂലിന്റെ മുഖമായിരുന്ന രിജു ദത്ത, ബി ജെ പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയോട് പരസ്യമായി മാപ്പപേക്ഷിച്ചു.
പഴയ അധിക്ഷേപ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴിയാണെന്നും തനിക്ക് ഇപ്പോള്‍ സംരക്ഷണം നല്‍കുന്നത് ബി ജെ പിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ദത്തയോട് ടി എം സി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. ദത്തയെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ മന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് തിവാരി പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉന്നയിച്ചത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി ഓരോരുത്തരോടും അഞ്ചു കോടി രൂപ വീതം പാര്‍ട്ടി ആവശ്യപ്പെട്ടുവെന്ന് തിവാരി ആരോപിച്ചു. കായിക മന്ത്രി അരൂപ് ബിശ്വാസിന്റെ പ്രവര്‍ത്തന രീതികളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലയണല്‍ മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശന വേളയിലുണ്ടായ മാനേജ്മെന്റ് വീഴ്ചകളും അന്ന് മന്ത്രി അരൂപ് ബിശ്വാസ് ഗ്രൗണ്ടില്‍ പെരുമാറിയ രീതിയും അന്താരാഷ്ട്ര തലത്തില്‍ നാണക്കേടുണ്ടാക്കിയെന്ന് തിവാരി കുറ്റപ്പെടുത്തി.
അഭിഷേക് ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സസ്‌പെന്‍ഡ് ചെയ്ത വക്താക്കളിലൊരാളായ കോഹിനൂര്‍ മജുംദാര്‍ ഉയര്‍ത്തിയത്. അദ്ദേഹത്തെ കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു എന്നായിരുന്നു കോഹിനൂര്‍ മജുംദാറിന്റെ പ്രതികരണം. അധികാരം നഷ്ടപ്പെട്ട സാഹചര്യത്തില്‍ തൃണമൂല്‍ സംഘടനാ പരമായി കടുത്ത പ്രതിസന്ധിയിലാണ് നേതാക്കളും അണികളും കൂട്ടത്തോടെ കൊഴിഞ്ഞുപോകുകയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടി നേതാക്കളായ ഡെറിക് ഒബ്രയാനും ചന്ദ്രിമ ഭട്ടാചാര്യയും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അധികാരം നഷ്ടപ്പെട്ടതോടെ തൃണമൂലില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വരും ദിവസങ്ങളില്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് ഉറപ്പായി. നേരത്തെ സി പി എമ്മില്‍ നിന്നു തൃണമൂല്‍ പിടിച്ചെടുത്ത നിരവധി പാര്‍ട്ടി ഓഫീസുകള്‍ സി പി എം പ്രവര്‍ത്തകര്‍ തിരിച്ചെടുത്തു.







