Connect with us

Ongoing News

പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഞ്ചായത്ത് ഫണ്ടില്‍ തിരിമറി: മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് കഠിന തടവ്

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെതാണ് ശിക്ഷ.

Published

|

Last Updated

പത്തനംതിട്ട | പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഞ്ചായത്ത് ഫണ്ടില്‍ തിരിമറി നടത്തിയതിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, അഞ്ച് അംഗങ്ങള്‍, ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എന്നിവരെ വിജിലന്‍സ് കോടതി കഠിന തടവിനു ശിക്ഷിച്ചു. 2001-2002 വര്‍ഷത്തില്‍ കൊല്ലം ജില്ലയിലെ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി ടി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് എ ഇഖ്ബാല്‍, മുന്‍ പഞ്ചായത്ത് സെക്രട്ടറി വസുന്ധര, ക്ലാപ്പന പഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന പി സദാശിവന്‍, എസ് ലീലാമ്മ, എം റഷീദ, വി കെ നിര്‍മല, റെയ്മണ്ട് കാര്‍ഡോസ്, കരുനാഗപ്പള്ളി ബി എസ് എസ് വൊക്കേഷണല്‍ ട്രെയിനിങ് സെന്ററിന്റെ പ്രിന്‍സിപ്പല്‍ അശോക് കുമാര്‍ എന്നിവരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

2001ല്‍ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും ക്ലാസ് നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിലേക്ക് രൂപവത്കരിച്ച സബ് കമ്മിറ്റിയിലെ പഞ്ചായത്ത് മെമ്പര്‍മാരും, കരുനാഗപ്പള്ളി ബി എസ് എസ് വൊക്കേഷണല്‍ ട്രെയിനിങ് സെന്ററിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന അശോക് കുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതകള്‍ക്കായുള്ള നഴ്സിങ് പരിശീലന പദ്ധതിയില്‍ ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ചതായി വ്യാജ രേഖകള്‍ ഹാജരാക്കി 75,749 രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഇവര്‍ മാറി എടുത്തുവെന്നാണ് കേസ്. മൂന്ന് വകുപ്പുകളിലായി ഓരോ പ്രതികളും നാലു വര്‍ഷം വീതം ആകെ 12 വര്‍ഷത്തെ കഠിന തടവിനും 30,000 രൂപ വീതം പിഴയൊടുക്കുന്നതിനുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയാകും എന്നും വിധി ന്യായത്തില്‍ പറയുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി. സി ജി ജയശാന്തിലാല്‍ റാം രജിസ്റ്റര്‍ ചെയ്ത്, ഡി വൈ എസ് പിമാരായ റെക്സ് ബോബി അര്‍വിന്‍, കെ അശോക കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി, കൊല്ലം വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി വൈ എസ് പിയും നിലവിലെ വിജിലന്‍സ് ദക്ഷിണ മേഖലാ പോലീസ് സൂപ്രണ്ടുമായ ആര്‍ ജയശങ്കര്‍ കുറ്റപത്രം നല്‍കിയ കേസിലാണ് ശിക്ഷ വിധിച്ചത്. വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ എല്‍ ആര്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്സ് ആപ് നമ്പറായ 9447789100 എന്ന തിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

Latest