Connect with us

Kerala

വൃത്തിഹീനമെന്ന പരാതിക്ക് പരിഹാരമാകുന്നു; കെ എസ് ആര്‍ സി ബസുകള്‍ ഇനി ക്ലീന്‍

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ ബസുകള്‍ വൃത്തിഹീനമാണെന്ന യാത്രക്കാരുടെ പരാതികള്‍ക്ക് പരിഹാരമാകുന്നു. ഇതനുസരിച്ച് ബസുകള്‍ വൃത്തിയാക്കി പരിപാലിക്കുന്നതിന് വേണ്ടി സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും ഓര്‍ഡിനറി ജന്റം, നോണ്‍ എ സി ബസുകള്‍ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതിനായി യൂനിറ്റ് ഓഫീസര്‍മാര്‍ സര്‍വീസിന് നല്‍കുന്ന ബസുകള്‍ ശരിയായ രീതിയില്‍ കഴുകി വൃത്തിയാക്കുന്നതിന് ബസ് വാഷിംഗ് ജീവനക്കാരെ നിയോഗിക്കണം. ഇതുപ്രകാരം യൂനിറ്റുകളില്‍ ഉള്ള ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂള്‍ ക്രമീകരിച്ച് നല്‍കുകയും ചെയ്യും.

വൃത്തിഹീനമായും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകള്‍ സര്‍വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ഡിപ്പോയിലെ മുഴുവന്‍ ബസ് വാഷര്‍മാരുടേയും സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിക്കുകയും ബസ് കഴുകുന്ന കരാര്‍ കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും സി എം ഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൂടാതെ എല്ലാ ബസുകള്‍ക്കും റിവേഴ്‌സ് ലൈറ്റും ഇന്‍ഡിക്കേറ്ററും ഘടിപ്പിക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക് മൂവ് ചെയ്യുന്ന സീറ്റും ബോട്ടില്‍ ഫോള്‍ഡറും എയര്‍ വിന്റും ഘടിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റ് ഇല്ലാതെയും ഹോണ്‍ ഇല്ലാതെയും വൃത്തിയില്ലാതെയും ഉള്‍പ്പെടെ ബസുകള്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയും ബസ് നമ്പറും സഹിതം 9400058900 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ യാത്രാക്കാര്‍ക്ക് അറിയിക്കാവുന്നതാണ്.

അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള ഉത്തരവിനെതിരെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കിടയിലും പ്രതിഷേധമുണ്ട്. നിലവില്‍ ഓരോ ഡിപ്പോയിലും ബസുകള്‍ കഴുകി വൃത്തിയാക്കുന്നത് ദിവസ വേതനക്കാരാണ്. ഇവര്‍ക്കാണെങ്കില്‍ ലഭിക്കുന്നത് വളരെ തുച്ഛമായ ശമ്പളവും. സ്വകാര്യ സര്‍വീസ് സെന്ററുകളില്‍ ഓരു വാഹനം കഴുകി വൃത്തിയാക്കുന്നതിന് 250 രൂപ വാങ്ങുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് വെറും 28 രൂപ മാത്രമാണ്. മാത്രമല്ല ബസ് കഴുകാനായി നല്‍കുന്നത് ഒരു ബ്രഷ് മാത്രവും. ഇതാകട്ടെ ഒരു വാഹനം കഴുകിക്കഴിയുമ്പോള്‍ തന്നെ പകുതിയോളം തീര്‍ന്നിരിക്കും. ഇത് ഉപയോഗിച്ചാണ് അടുത്ത ബസ് വീണ്ടും കഴുകേണ്ടത്. മാത്രമല്ല, ബസ് കഴുതി വൃത്തിയാക്കുന്നതിന് നല്ല ഒരു ഹോസ് പോലും ലഭിക്കാറില്ലെന്നും ജീവനക്കാര്‍ പറയുന്നു. പലപ്പോഴും ബക്കറ്റുകളില്‍ വെള്ളം എത്തിച്ചാണ് ഇവര്‍ ബസുകള്‍ കഴുകി വൃത്തിയാക്കുന്നത്. അതുകൊണ്ടുതന്ന പലപ്പോഴും ശുചീകരണം കാര്യക്ഷമമായി നടക്കാറില്ല. പലരും മുന്നിലെ ചില്ല് നന്നായി കഴുകിയ ശേഷം ബസ് ആകെ നനച്ച് ജോലി അവസാനിപ്പിക്കും.

പരിമിതികള്‍ ഉള്ളതുകൊണ്ടുതന്നെ ഗാരേജ് അധികാരികള്‍ ഇത് കണ്ടില്ലെന്ന് നടിക്കും. ചെറിയ ഡിപ്പോകളിലും മറ്റും വാഹനങ്ങള്‍ കുറവായതിനാല്‍ ഭേദപ്പെട്ട രീതിയില്‍ ബസുകള്‍ കഴുകാറുണ്ട്. എന്നാല്‍, വലിയ ഡിപ്പോകളില്‍ ബസുകള്‍ കൂടുതലായതിനാലും പരിമിതികളും കാരണം കഴുകല്‍ ചടങ്ങാക്കുകയാണ് പതിവ്. ബസിന്റെ പ്ലാറ്റ്ഫോം, സീറ്റുകള്‍, ജനറല്‍ ഷട്ടര്‍, ഡ്രൈവറുടെ കാബിന്‍, പിന്നിലെ ഗ്ലാസ് എന്നിവ വൃത്തിയായുന്ന പതിവ് പലയിടത്തും ഇല്ല. ഇതാണ് യാത്രക്കാരില്‍ നിന്ന് പരാതി ഉയരാന്‍ ഇടയാക്കിയത്.

 

Latest