Connect with us

National

റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 0.50 ശതമാനം

നിരക്ക് 5.90 ശതമാനമായി. ഈ വര്‍ഷം ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ച് റിസര്‍വ് ബേങ്ക്. 0.50 ശതമാനമാണ് കൂട്ടിയത്. ഇതോടെ നിരക്ക് 5.90 ശതമാനമായി. ഈ വര്‍ഷം ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. വിലക്കയറ്റത്തെ അതിജീവിക്കാനാണ് നിരക്ക് കൂട്ടിയതെന്നാണ് റിസര്‍വ് ബേങ്ക് പറയുന്നത്.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) 5.65 ശതമാനത്തില്‍ നിന്ന് 6.15 ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ് ഡി എഫ്) നിരക്ക് 5.15ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായും പരിഷ്‌കരിച്ചിട്ടുണ്ട്. മേയില്‍ ചേര്‍ന്ന അസാധാരണ എം പി സി യോഗത്തില്‍ 0.40 ശതമാനം വര്‍ധനയാണ് പ്രഖ്യപിച്ചത്. ജൂണിലും ആഗസ്റ്റിലും 0.50 ശതമാനം വീതവും നിരക്ക് കൂട്ടി. പുതിയ വര്‍ധന കൂടി വന്നപ്പോള്‍ അഞ്ചുമാസത്തിനിടെ 1.90 ശതമാനം നിരക്ക് പ്രാബല്യത്തിലായി.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറച്ചതായും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതാനവുമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഇത് 7.2 ശതമാനമായി ഉയരുമെന്നും ആര്‍ ബി ഐ അനുമാനിക്കുന്നു.

ആറംഗ മോണിറ്ററി പോളിസി സമിതിയില്‍ അഞ്ചുപേരും നിരക്ക് വര്‍ധനയെ അനുകൂലിച്ചതായി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉള്‍ക്കൊള്ളാവുന്നത് (അക്കൊമൊഡേറ്റീവ്) നയം തുടരാനും യോഗത്തില്‍ ധാരണയായി.

 

---- facebook comment plugin here -----