Connect with us

National

അറ്റകുറ്റപ്പണി വിജയിച്ചില്ല; തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്യാൻ സാധ്യത

ലാൻഡിംഗിന് ശേഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പറക്കാനാകാതെ കഴിഞ്ഞ 19 ദിവസമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

Published

|

Last Updated

എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം, സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ എയർ ലിഫ്റ്റ് ചെയ്യുന്നതിന്റെ ഫയൽ ചിത്രം

തിരുവനന്തപുരം | മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം എയർലിഫ്റ്റ് ചെയത് ബ്രിട്ടണിലേക്ക് കൊണ്ടുപോകാൻ സാധ്യത. ലാൻഡിംഗിന് ശേഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പറക്കാനാകാതെ കഴിഞ്ഞ 19 ദിവസമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്ന് എൻജിനീയർമാരുടെ സംഘം തിരുവനന്തപുരത്ത് എത്തിയെങ്കിലും അറ്റക്കുറ്റപ്പണി വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ ജെറ്റ് എയർലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ഈ വിഭാഗത്തിലുള്ള ഒരു യുദ്ധവിമാനം ഇത്തരത്തിൽ എയർലിഫ്റ്റ് ചെയ്യുന്നത് അത്യപൂർവമാണ്.

ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച അഞ്ചാം തലമുറ വിമാനത്തിൻ്റെ, ഹ്രസ്വദൂര ടേക്ക്-ഓഫ്, വെർട്ടിക്കൽ ലാൻഡിംഗ് (STOVL) പതിപ്പായ എഫ്-35ബി ആണ് തിരുവനന്തരുത്ത് കുടുങ്ങിക്കിടക്കുന്നത്. ഇൻഡോ-പസഫിക് മേഖലയിൽ വിന്യസിച്ച റോയൽ നേവിയുടെ മുൻനിര വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്ന് പറന്നുയർന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് പ്രിൻസ് ഓഫ് വെയിൽസിലേക്ക് തിരികെ പോകാൻ സാധിക്കാതിരുന്നതോടെ തൊട്ടടുത്ത തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.

എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം, സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ എയർ ലിഫ്റ്റ് ചെയ്യുന്നതിന്റെ ഫയൽ ചിത്രം

ഇന്തോ-യുകെ സംയുക്ത നാവിക അഭ്യാസത്തിന് ശേഷം ജൂൺ 15 ന് രാവിലെ 9:30 ഓടെയാണ് വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കിയത്. ഇതിന് ശേഷം വിമാനത്തിന് ഹൈഡ്രോളിക് തകരാർ സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. തുടർന്ന് ബ്രിട്ടണിൽ നിന്ന് എൻജിനീയർമാരുടെ സംഘം എത്തി. അത്യാധുനിക ഡയഗ്നോസ്റ്റിക്, റിപ്പയർ ഉപകരണങ്ങളുമായാണ് ഇവർ എത്തിയത്. എന്നാൽ ഇവർ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

വിമാനത്തിന്റെ പൈലറ്റിനെ രണ്ടാം ദിവസം റോയൽ നേവിയുടെ AW101 മെർലിൻ ഹെലികോപ്റ്റർ വഴി എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. ജെറ്റ് സിഐഎസ്എഫ് സംഘത്തിന്റെ കാവലിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്നത്.