Kerala
റെനോ ക്വിഡിന്റെ 10-ാം വാർഷിക എഡിഷൻ വിപണിയിൽ; ആകെ 500 യൂണിറ്റുകൾ മാത്രം
10-ാം വാർഷിക എഡിഷൻ ക്വിഡ് രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് എത്തുന്നത്

ന്യൂഡൽഹി | ഇന്ത്യൻ വാഹന വിപണിയിലെ തരംഗമായി മാറിയ റെനോ ക്വിഡിന്റെ പത്താം വാർഷികം ആഘോഷിച്ച് റെനോ ഇന്ത്യ. ഈ പ്രത്യേക അവസരത്തിൽ ക്വിഡിന്റെ 10-ാം വാർഷിക എഡിഷൻ മോഡൽ റെനോ പുറത്തിറക്കി. ടെക്നോ വേരിയന്റിൽ അധിഷ്ഠിതമായ ഈ എഡിഷൻ മോഡലിന്റെ 500 യൂണിറ്റുകൾ മാത്രമാണ് വിപണിയിൽ ലഭ്യമാവുക. വാർഷിക എഡിഷൻ മാനുവൽ ട്രാൻസ്മിഷൻ മോഡലിന് ₹5.14 ലക്ഷവും, എഎംടി മോഡലിന് ₹5.63 ലക്ഷവുമാണ് (എക്സ്-ഷോറൂം, ഇന്ത്യയിൽ) വില വരുന്നത്.
ഇന്ത്യയിലെ റെനോയുടെ വളർച്ചയിൽ ക്വിഡിന് നിർണായക പങ്കുണ്ടെന്ന് റെനോ ഇന്ത്യ മാനേജിങ് ഡയറക്ടർ വെങ്കിട്ടറാം മാമില്ലപ്പള്ളെ പറഞ്ഞു. നൂതന സാങ്കേതികവിദ്യ, എല്ലാവർക്കും പ്രാപ്യമായ വില, 95% പ്രാദേശികവൽക്കരണം എന്നിവയോടെ എൻട്രി ലെവൽ കാർ സെഗ്മെന്റിനെ ക്വിഡ് പുനർനിർവചിച്ചതായും അദ്ദേഹം വ്യക്തമാക്കി.
10-ാം വാർഷിക എഡിഷൻ ക്വിഡ് രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് എത്തുന്നത്: ബ്ലാക്ക് റൂഫോടുകൂടിയ ഫയറി റെഡ്, ബ്ലാക്ക് റൂഫോടുകൂടിയ ഷാഡോ ഗ്രേ എന്നിവ. തിളക്കമുള്ള ബ്ലാക്ക് ഫ്ലെക്സ് വീലുകളും ഡോറുകളിലും സി-പില്ലറുകളിലുമുള്ള വാർഷിക ഡെക്കാലുകളും ഇതിന്റെ രൂപഭംഗി വർധിപ്പിക്കുന്നു. മഞ്ഞ നിറത്തിലുള്ള ഗ്രില്ല് ഇൻസെർട്ടുകൾ ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് വേറിട്ടൊരു ഭാവം നൽകുന്നു. ഇതോടെ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഡ്യുവൽ-ടോൺ കളറിൽ ലഭ്യമാവുന്ന വാഹനം എന്ന ഖ്യാതിയും ക്വിഡിന് ലഭിച്ചു.
അകത്തളങ്ങളിൽ, 10-ാം വാർഷിക പ്രമേയത്തിലുള്ള സീറ്റ് ഡിസൈനുകളും പ്രീമിയം ഫിനിഷിംഗും കാണാം. സീറ്റുകളിലും സ്റ്റിയറിംഗ് വീലിലും ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിന് ചുറ്റും വാതിലുകളിലുമെല്ലാം നൽകിയിട്ടുള്ള മഞ്ഞ ആക്സന്റുകൾ യുവത്വത്തിന് ഊർജ്ജം പകരുന്നു. പ്രകാശിക്കുന്ന സ്കഫ് പ്ലേറ്റുകളും പഡിൽ ലാമ്പുകളും ഈ വാർഷിക പതിപ്പിന്റെ പ്രത്യേകതകളാണ്.
10-ാം വാർഷിക എഡിഷന് പുറമെ, ക്വിഡിന്റെ മറ്റ് വേരിയന്റുകളിലും റെനോ സുരക്ഷാ ഫീച്ചറുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും ഇനി 3-പോയിൻറ് സീറ്റ്ബെൽറ്റുകൾ ലഭ്യമാണ്. ക്ലൈംബർ വേരിയന്റിൽ 6 എയർബാഗുകൾ ഉൾപ്പെടുത്തി സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
പുതിയ വേരിയൻറ് നാമകരണവും റെനോ ക്വിഡിൽ അവതരിപ്പിച്ചു. RXL ഇപ്പോൾ എവലൂഷൻ (Evolution) എന്നും, RXT ടെക്നോ (Techno) എന്നും, ക്ലൈംബർ (Climber) എന്നും അറിയപ്പെടും.
റെനോ ക്വിഡ് ഇപ്പോൾ ഇന്ത്യയിൽ ₹4.29 ലക്ഷം പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) ലഭ്യമാണ്. ₹4.99 ലക്ഷം മുതൽ ആരംഭിക്കുന്ന എഎംടി വേരിയന്റുകളോടെ, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാവുന്ന ഓട്ടോമാറ്റിക് ഗിയർഷിഫ്റ്റ് കാറുകളിലൊന്നായും ക്വിഡ് തുടരുന്നു.