formula one
ഫോര്‍മുല വണ്‍ കിരീടം റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്
ഡച്ച് താരത്തിന്റെ കന്നിക്കിരീടമാണിത്

അബൂദബി | ഫോര്‍മുല വണ്‍ കാറോട്ട ലോക കിരീടം റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്‍ സ്വന്തമാക്കി. അബൂദബി ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാമനായതോടെയാണ് കിരീടം ഉറപ്പിച്ചത്. അവസാന ലാപ്പില്‍ മേഴ്‌സിഡസ് താരം ലൂയിസ് ഹാമില്‍ട്ടനെ മറികടന്ന് വെര്‍സ്റ്റപ്പന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഡച്ച് താരത്തിന്റെ കന്നിക്കിരീടമാണിത്. ഫോര്‍മുല വണ്‍ സീസണിലെ അവസാന ഗ്രാന്‍ഡ് പ്രീയായിരുന്നു അബൂദബിയിലേത്.
അവസാന മത്സരത്തിന് മുമ്പ് ഇരുവര്‍ക്കും ഒരേ പോയിന്റായിരുന്നു. എന്നാല്‍, അവസാന ലാപ്പിലെ മറികടക്കിലില്‍ വെര്‍സ്റ്റപ്പന്‍ തകര്‍ത്ത് കളഞ്ഞത് ഹാമില്‍ട്ടണിന്റെ ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തെയായിരുന്നു. നിലവില്‍ ഏഴ് കിരീടവുമായി ഇതിഹാസ താരം ഷൂമാക്കറിനൊപ്പമാണ് ഹാമില്‍ട്ടണ്‍. തുടര്‍ച്ചയായി എട്ട് തവണയെന്ന അപൂര്‍വ്വ നേട്ടവും ഇന്നത്തെ പരാജയത്തോടെ ഹാമില്‍ട്ടണ് അന്യമായി. ഇതോടെ 2014 മുതല്‍ ഹാമില്‍ട്ടണ്‍ കൈവശം വെക്കുന്ന കിരീടത്തിന്റെ പുതിയ അവകാശിയാവുകയാണ് വെര്‍സ്റ്റപ്പന്‍.
മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് കിരീടം എന്ന സ്വപനത്തിലേക്ക് വെര്‍സ്റ്റപ്പന്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ ടീമായ റെഡ് ബുള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. വേഗതയേറിയ കാറിന് പുറമെ അത്ഭുതമെന്തെങ്കിലും സംഭവിച്ചാലേ എഫ് വണ്‍ കിരീടം നേടാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു മത്സരത്തിന് മുമ്പ് റെഡ് ബുള്ളിന്റെ പ്രതികരണം.