Connect with us

Arikomban

അരിക്കൊമ്പൻ്റെ റേഡിയോ കോളറിൽ നിന്ന് വീണ്ടും സിഗ്നൽ ലഭിച്ചു

ഇന്ന് രാവിലെ പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്.

Published

|

Last Updated

ഇടുക്കി| പെരിയാർ കടുവസങ്കേതത്തിലെ മുല്ലക്കുടിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ കഴുത്തിൽ സ്ഥാപിച്ച റേഡിയോ കോളറിൽ നിന്ന് വീണ്ടും സിഗ്നൽ ലഭിച്ചു. ഇന്നലെ ഉച്ചക്ക് സിഗ്നൽ ലഭിച്ചതിന് ശേഷം മണിക്കൂറുകളോളം സിഗ്നൽ ലഭിച്ചിരുന്നില്ല. ഇതിനാൽ കാട്ടുകൊമ്പൻ എവിടെയാണെന്ന് വനം വകുപ്പിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. കേരള – തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യു ഡബ്ല്യു എഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വി എച്ച് എഫ് ആന്റിന ഉപയോഗിച്ച് ആനയെ ട്രാക്ക് ചെയ്യാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് സിഗ്നൽ ലഭിച്ചത്.

വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്‌നാട്ടിലെ മേഘമല വന്യജീവി സങ്കേതമാണ്. ഇവിടെ മലയിറങ്ങി താഴെ എത്തിയാൽ തേയില തോട്ടങ്ങളും അത് പിന്നിട്ടാൽ മനുഷ്യവാസവുമുണ്ട്. ആന വരാതിരിക്കാൻ തമിഴ്‌നാട് വനംവകുപ്പ് പടക്കംപൊട്ടിച്ചും മറ്റും പ്രതിരോധം തീർക്കുന്നതായാണ് സൂചന. വനംവകുപ്പ് അധികൃതർ റേഡിയോ കോളർ മുഖേനയും രണ്ട് ടീമുകളായി തിരിഞ്ഞ് എട്ട് വാച്ചർമാരും 24 മണിക്കൂറും ആനയെ നിരീക്ഷിക്കുന്നുണ്ട്.

ആദ്യ ദിവസം ആനക്കായി വിവിധ സ്ഥലങ്ങളിലായി പുല്ല് വെച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. മരുന്ന് ചേർത്ത വെള്ളം വെച്ച വീപ്പകളിൽ രണ്ടെണ്ണം മറിച്ചിട്ടിരുന്നു. അതേസമയം, ആഹാരം കഴിക്കുന്നുണ്ടെന്നും സമീപത്തെ മാവടി തോട്ടിൽ നിന്ന് വെള്ളം കുടിക്കുന്നുണ്ടെന്നുമാണ് വനം വകുപ്പിന്റെ ആദ്യ നിരീക്ഷണത്തിൽ വ്യക്തമായത്.ഓപറേഷന്റെ ഭാഗമായി ജില്ലയിലെത്തിയ നാല് കുങ്കിയാനകളിൽ കുഞ്ചുവും സുരേന്ദ്രനും ഇന്നലെ രണ്ട് അനിമൽ ആംബുലൻസിലായി മുത്തങ്ങയിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെ ഇവർ മുത്തങ്ങയിലെത്തി. അടുത്ത ദിവസം തന്നെ മറ്റാനകളെയും കൊണ്ടുപോകും. ബാറ്ററി ലൈഫ് കൂട്ടാനായി ആനയെ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള സന്ദേശം പരിശോധിക്കുന്ന സമയം ദീർഘിപ്പിച്ചിട്ടുണ്ട്.

Latest