Connect with us

Business

ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി ആര്‍ബിഐ

പുതിയ നിയമങ്ങള്‍ അനുസരിച്ച് ഉപഭോക്താവിന്റെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിനും സേവ് ചെയ്യാന്‍ കഴിയില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| 2022 ജനുവരി 1 മുതല്‍, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ് കമ്പനികള്‍ക്കോ സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഡെലിവറി അഗ്രഗേറ്ററുകള്‍ക്കോ അവരുടെ പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യാന്‍ കഴിയില്ല. ഇനി മുതല്‍ ഓരോ തവണയും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ തന്നെ കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നതിനാലാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ച് ഉപഭോക്താവിന്റെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിനും സേവ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പര്‍ച്ചേസുകള്‍ ആയാസരഹിതമാക്കാനും പുതിയ നിര്‍ദേശങ്ങളില്‍ വ്യവസ്ഥകളുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്യാം. ഇതിനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ക്ക് കണ്‍സന്റ് നല്‍കേണ്ടി വരുമെന്ന് മാത്രം.

2020 മാര്‍ച്ചിലും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ആര്‍ബിഐ അവതരിപ്പിച്ചിരുന്നു. സുരക്ഷ കൂട്ടുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയത്. ഇതിനായി ഉപഭോക്താക്കളുടെ കാര്‍ഡ് വിശദാംശങ്ങള്‍ സേവ് ചെയ്യുന്നതില്‍ നിന്നും വ്യാപാരികളെ പരിമിതപ്പെടുത്തുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. 2020 സെപ്തംബറിലും സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കാര്‍ഡ് ടോക്കണൈസേഷന്‍ സേവനങ്ങളില്‍ അടക്കം റെഗുലേറ്ററി ബോഡിയായ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്‌കരിക്കുകയുണ്ടായി.

മാസ്റ്റര്‍കാര്‍ഡും വിസ ഇഷ്യൂഡ് കാര്‍ഡുകളും മാത്രമേ ഇപ്പോള്‍ ടോക്കണൈസ് ചെയ്യാന്‍ കഴിയൂ. കാര്‍ഡ് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്ന ഒരു തനതായ അല്‍ഗോരിതം-ജനറേറ്റഡ് കോഡ് അല്ലെങ്കില്‍ ടോക്കണ്‍ ഉപയോഗിച്ച് കാര്‍ഡ് വിശദാംശങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ ടോക്കണൈസേഷന്‍ സഹായിക്കുന്നു. എന്തായാലും പുതിയ നിയന്ത്രണം ഇ കൊമേഴ്‌സ് മേഖലയെ ആകെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഇപ്പോള്‍, മിക്ക പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും മാസ്റ്റര്‍ കാര്‍ഡും വിസയും നല്‍കുന്ന കാര്‍ഡുകള്‍ മാത്രമേ ടോക്കണൈസ് ചെയ്യാന്‍ കഴിയൂ. മറ്റ് സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള കാര്‍ഡുകള്‍ ഉടന്‍ ടോക്കണൈസ് ചെയ്യാന്‍ കഴിയുമെന്ന് കരുതാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും പുതിയ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമല്ല. ഗാര്‍ഹിക കാര്‍ഡുകളും ഇടപാടുകളും മാത്രമാണ് പുതിയ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ വരുന്നത്. കാര്‍ഡുകളുടെ ടോക്കണൈസേഷനായി ഉപഭോക്താക്കള്‍ അധിക ചാര്‍ജൊന്നും നല്‍കേണ്ടതില്ല.

 

---- facebook comment plugin here -----

Latest